കെ.എസ്.ആര്.ടി.സിയിലെ ഡ്യൂട്ടി പരിഷ്കരണം മൂലമാണ് വരുമാനം വര്‍ധിച്ചതെന്ന് മാനേജിങ് ഡയറക്ടര്‍ എം.ജി രാജമാണിക്യം. വരുമാനത്തില്‍ ഒന്നേമുക്കാല്‍ കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്യൂട്ടി പരിഷ്കരണം കാരണമാണ് വരുമാനം വര്‍ധിച്ചത്. നാലരക്കോടിയുണ്ടായിരുന്ന വരുമാനം ഇപ്പോള്‍ ആറേകാല്‍ കോടി രൂപയായി. വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന കണ്സഷന് കാര്‍ഡിന്റെ പ്രോസസിങ് ഫീസ് ഈടാക്കുന്നത് മുന്‍ തീരുമാനപ്രകാരമാണെന്നും രാജമാണിക്യം പറഞ്ഞു.
കണ്സഷന് കാര്‍ഡിന് പ്രോസസിങ് ഫീസ് ഈടാക്കുന്ന നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി എംഡി രംഗത്തെത്തിയത്. ജൂലായ് 15-നാണ് ഡബിള്‍ഡ്യൂട്ടി സമ്പ്രദായം ഒന്നര ഡ്യൂട്ടിയാക്കി മാറ്റിക്കൊണ്ടുള്ള ഓര്‍ഡര്‍ പുറത്തിറങ്ങിയത്. പുതിയ ഓര്‍ഡര്‍ പ്രകാരം ജോലിസമയം 13 മണിക്കൂര്‍ ആണെങ്കില്‍ മാത്രമേ ഡബിള്‍ ഡ്യൂട്ടി ആകുന്നുള്ളു.
യാത്രക്കിടയിലുള്ള വിശ്രമ സമയവും ഭക്ഷണത്തിനുള്ള സമയവും കോര്‍പ്പറേഷന്റെ പുതിയ ഡ്യൂട്ടി സമയത്തില്‍ പെടുന്നില്ല. ഇവയെല്ലാം ഡബിള്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ഇല്ലാതായത്.
പത്ത് മണിക്കൂറില്‍ അവസാനിച്ചിരുന്ന സര്‍വീസുകളെല്ലാം ഡബിള്‍ ഡ്യൂട്ടി സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തിയിരുന്നപ്പോള്‍ ജീവനക്കാര്‍ക്ക് പിറ്റേന്ന് അവധിയെടുക്കാനുള്ള അവസരമുണ്ടായിരുന്നു. മാസത്തില്‍ ലഭിക്കുന്ന സ്ഥിരം അവധികളും ഉള്‍പ്പെടെ പതിമൂന്ന് ദിവസമായിരുന്നു ഒരു ജീവനക്കാരന്റെ ഡ്യൂട്ടി. എന്നാല്‍ പുതിയ പരിഷ്കാരം വന്നതോടെ നാലു ദിവസം അധികം ജോലിക്കെത്തണം.
എന്നാല്‍ പതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള ഓര്‍ഡിനറി സര്‍വീസുകളെ നിലവിലുണ്ടായിരുന്നതു പോലെ ഡബിള്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാമെന്നും ഓര്‍ഡറില്‍ പറയുന്നു.