കോഴിക്കോട് വാഹനാപകടം; മരണസംഖ്യ ആറായി

0
72

കോഴിക്കോട് ദേശീയപാതയില്‍ താമരശ്ശേരി അടിവാരത്തിന് സമീപം കൈതപ്പൊയിലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ആറായി. മൂന്ന് കുട്ടികളടക്കം ഇതില്‍ ഉള്‍പ്പെടും.

മരിച്ചവരില്‍ ജിഷ, ഫാത്തിമ എന്നീ കുട്ടികളേയും ജീപ്പ് ഡ്രൈവര്‍ പ്രമോദിനേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരുടെ നില അതീവഗുരുതരമാണ് എന്നാണ് വിവരം. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട് മെഡി.കോളേജിലേക്ക് മാറ്റി.

വയനാട് ഭാഗത്ത് നിന്ന് വന്ന ജീപ്പിലേക്ക് കോഴിക്കോട് നിന്ന് വരികയായിരുന്ന രാജഹംസ എന്ന സ്വകാര്യബസ് കൂട്ടിയിടിച്ചാണ് അപകടം. മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്നു വന്ന ജീപ്പിലേക്ക് ബസ് ഇടിച്ചുകയറി.

ഇടിയുടെ ആഘാതം മാറും മുന്‍പേ ജീപ്പിലേക്ക് പിന്നിലുണ്ടായിരുന്ന കാറും, അതിന് പിന്നിലുണ്ടായിരുന്ന ബസും ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. മൂന്ന് പേര്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മരിച്ചവരിലേറേയും ജീപ്പിലുണ്ടായിരുന്നവരാണ്. അപകടത്തില്‍ രണ്ട് ബസിലേയും ജീപ്പിലേയും കാറിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങിയ നാട്ടുകാര്‍ കിട്ടിയ വാഹനത്തില്‍ പരിക്കേറ്റവരെ മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് എത്തുമ്പോഴേക്കും പരിക്കേറ്റ ഭൂരിപക്ഷപേരയും നാട്ടുകാര്‍ അപകടസ്ഥലത്ത് നിന്ന് മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here