ഡി സിനിമാസ് പൂട്ടിയത് അനധിക്യതമായി; നിയമനടപടിക്ക് ഒരുങ്ങി ‘ഫിയോക്’

0
74

ദിലീപിന്റെ ‘ഡി സിനിമാസ്’ പൂട്ടാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ തിയറ്റര്‍ ഉടമകളുടെ സംഘടന ‘ഫിയോക്’ നിയമനടപടിക്ക്.

തിയേറ്ററിനു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുണ്ട്. വൈദ്യുതി ഇന്‍സ്‌പെക്ടറേറ്റ് അനുമതി 2014 മുതല്‍ 2017 ഡിസംബര്‍ വരെയാണ് നല്‍കിയിട്ടുള്ളതെന്നും അവര്‍ അവകാശപ്പെട്ടു. തിയറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയുടെ രേഖകളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഡി സിനിമാസിന് 2014 മുതല്‍ ലൈസന്‍സുണ്ട്. കൃത്യമായി നികുതി അടയ്ക്കുകയും ചെയ്യുന്നുണ്ട്. ജനറേറ്റര്‍ വയ്ക്കുന്നതിനുള്ള എല്ലാ അനുമതികളും ഉണ്ട്. എല്ലാ രേഖകളും കൃത്യമാണെന്നും തിയറ്റര്‍ സംഘടനാഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി സിനിമാസ് പൂട്ടിയത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണു നഗരസഭ അധികൃതര്‍ നേരിട്ടെത്തി തിയറ്റര്‍ അടപ്പിച്ചത്.

സംഭവത്തില്‍ പ്രതികരണവുമായി തിയറ്റര്‍ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഡി സിനിമാസില്‍ വന്ന ഉദ്യോഗസ്ഥര്‍ പകപോക്കലോടെ ആണ് കാര്യങ്ങള്‍ ചെയ്തതെന്നും ഞങ്ങള്‍ പറയുന്നത് ചെവിക്കൊള്ളാന്‍ പോലും തയാറിയില്ലെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍, നഗരസഭയ്ക്ക് തെറ്റു പറ്റിയിട്ടില്ലെന്നും ഐക്യകണ്‌ഠേനയാണ് ഡി സിനിമാസ് പൂട്ടാനുള്ള തീരുമാനമെടുത്തതെന്നും ചാലക്കുടി നഗരസഭാ വൈസ് ചെയര്‍മാന്‍ വില്‍സണ്‍ പാണാട്ടുപറമ്പില്‍ പ്രതികരിച്ചു.

ഡി സിനിമാസിന് നിലവില്‍ ലൈസന്‍സ് ഇല്ല. 2017-18 വര്‍ഷത്തെ ലൈസന്‍സ് പുതുക്കുന്നതിന് നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പുതുക്കുന്നതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here