തീപ്പൊരി നേതാവില്‍ നിന്നും പക്വമതിയായ ഉപരാഷ്ട്രപതി പദവിയിലേക്ക്

0
80

ന്യൂഡല്‍ഹി: ബിജെപിയുടെ തീപ്പൊരി നേതാവില്‍ നിന്നും പക്വമതിയായ ഉപരാഷ്ട്രപതിയിലേക്കുള്ള പരിണാമമാണ് മുന്‍ കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവിനു സംഭവിക്കുന്നത്.

വാജ്‌പേയിയുടെ പിന്‍ഗാമിയായി സുഷമാ സ്വരാജ്, പ്രമോദ് മഹാജന്‍, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ക്കൊപ്പം ഒരുകാലത്ത് പറഞ്ഞുകേട്ടിരുന്ന പേര് വെങ്കയ്യ നായിഡുവിന്റേതായിരുന്നു.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്ന 13-ആം വ്യക്തിയാണ് നായിഡു. രാജ്യസഭാ നടപടികള്‍ നിയന്ത്രിക്കാന്‍ മികച്ച പാര്‍ലമെന്റേറിയനായ വെങ്കയ്യ നായിഡുവിന് കഴിയുമെന്ന വിലയിരുത്തല്‍ രാഷ്ട്രീയ വൃത്തങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്യുന്നു.

പ്രതീക്ഷിച്ച പോലെ 500 ലധികം വോട്ടുകള്‍ നേടിയാണ് നായിഡുവിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകളാണ് ലഭിച്ചത്. 771 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ പതിനൊന്ന് വോട്ടുകള്‍ അസാധുവായിരുന്നു.

1949 ജൂണ്‍ ഒന്നിന് ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ചാവട്ടപാളത്താണ് നായിഡുവിന്റെ ജനനം. 1977-80 കാലത്ത് ആന്ധ്രപ്രദേശിലെ ബീജെപി പാര്‍ട്ടിയുടെ യുവജന വിഭാഗം പ്രസിഡന്റായി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ ആരംഭിച്ച് പടിപടിയായുള്ള കയറ്റമാണ് നായിഡുവിന്റെത്. പിന്നീട് ദേശീയ വൈസ് പ്രസിഡന്റ് പദവിയിലേക്ക് വരെ എത്തി. ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാന പ്രസിഡന്റായി.

ആന്ധ്രപ്രദേശില്‍ ബിജെപി എംഎല്‍എയായി. 1980-85 കാലഘട്ടത്തില്‍ ബിജെപി നിയമസഭാകക്ഷി നേതാവായും 1993ലും 2000ലും ബീജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി. അടല്‍ ബിഹാരി വാജ്‌പയി മന്ത്രിസഭയില്‍ 2000-2002 കാലഘട്ടത്തില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സര്‍ക്കാരില്‍ ആദ്യം പാര്‍ലമെന്ററികാര്യവകുപ്പും ഭവന, നഗരവിഗസനവുമായിരുന്നു നായിഡു കൈകാര്യം ചെയ്തിരുന്നത്. 2016 ജൂലൈ മുതല്‍ പാര്‍ലമെന്ററി വകുപ്പ് ഒഴിവാക്കി അരുണ്‍ ജെയ്റ്റ്‌ലി കൈകാര്യം ചെയ്തിരുന്ന വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ചുമതല മോദി അദ്ദേഹത്തിന് നല്‍കി.

രാജസ്ഥാനില്‍ നിന്നും നാല് തവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1998,2004, 2014, 2016 എന്നീവര്‍ഷങ്ങളില്‍ എംപിയായി. കേന്ദ്രമന്ത്രിസഭയില്‍ അഞ്ചാമനായിരുന്നു നായിഡു. എപ്പോള്‍ ഉപരാഷ്ട്രപതി പദവിയിലേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here