മുന്നണി മാറ്റം എന്ന ചിന്ത ജെഡിയു തത്ക്കാലം മാറ്റി വയ്ക്കുന്നു; വീരേന്ദ്രകുമാര്‍ പറഞ്ഞ ‘ആ സമയം’ ആയില്ല

0
3713

by മനോജ്‌

തിരുവനന്തപുരം: ഇപ്പോള്‍ യുഡിഎഫിന്‍റെ ഭാഗമായി തുടരുന്ന ജെഡിയു മുന്നണി മാറ്റം എന്ന ചിന്ത മാറ്റിവയ്ക്കുന്നു. തത്ക്കാലം യുഡിഎഫില്‍ തന്നെ തുടരാനാണ് ജെഡിയു സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം.

മുന്നണി മാറ്റം എന്ന ചിന്ത ജെഡിയുവില്‍ ശക്തി പ്രാപിക്കുമ്പോഴൊക്കെ ഈ നീക്കത്തിന് തടയിടുന്നത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാറാണ്. കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലും എല്‍ഡിഎഫ് എന്ന ചര്‍ച്ച വന്നപ്പോള്‍, ഇടത് ചിന്തയുമായി യുഡിഎഫില്‍ നിലകൊള്ളുന്ന വീരേന്ദ്രകുമാറാണ് ഈ ചര്‍ച്ചകള്‍ തടഞ്ഞത്.

മുന്നണി മാറ്റത്തിനു അനുയോജ്യമായ സമയമല്ല ഇത്. ആ സമയം വരട്ടെ. അപ്പോള്‍ നോക്കാം. തത്ക്കാലം നമ്മള്‍ യുഡിഎഫില്‍ തന്നെ തുടരുന്നു. ഇടത് ചിന്തയുമായി യുഡിഎഫില്‍ തുടരുന്ന വീരേന്ദ്രകുമാര്‍ തന്നെ ഇത് പറഞ്ഞപ്പോള്‍ മുന്നണി മാറ്റം എന്ന ചിന്ത തത്ക്കാലം വേണ്ട എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുകയാണ്.

വീരേന്ദ്രകുമാര്‍ പറയുന്ന ആ സമയം ഇതാണ് എന്നു ജെഡിയുവിലെ ഉന്നത നേതാവിനോട് 24 കേരള ആരാഞ്ഞപ്പോള്‍ ആ സമയം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാറിനോട് തന്നെ തിരക്കണം എന്നാണ് 24 കേരളയ്ക്ക് കിട്ടിയ മറുപടി.

വീരേന്ദ്രകുമാറിന് യുഡിഎഫ് നല്‍കിയ രാജ്യസഭാ സ്ഥാനമാണോ മുന്നണി മാറാന്‍ ജെഡിയുവിന്റെ മുന്നിലുള്ള മുഖ്യ തടസ്സം എന്നു ചോദിച്ചപ്പോള്‍ ഉന്നത നേതാവ് പറഞ്ഞ മറുപടി അത് ഇടതു മുന്നണിയില്‍ ചെന്നാലും ലഭിക്കും എന്നായിരുന്നു.

പാര്‍ട്ടി ഇടത് മുന്നണിയിലേക്ക് ചേക്കേറാന്‍ വെമ്പി നില്‍ക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാറും, മുന്‍ മന്ത്രിയായ കെ.പി.മോഹനനും കൂടിയാണ് ജെഡിയുവിനെ യുഡിഎഫില്‍ പിടിച്ചു നിര്‍ത്തുന്നത്.

പാര്‍ട്ടിയിലെ ഭൂരിപക്ഷവും ഇടത് മുന്നണിയിലേക്ക് ചേക്കേറാന്‍ വെമ്പി നില്‍ക്കെ ഇടത് മോഹങ്ങള്‍ താത്ക്കാലത്തേക്കെങ്കിലും അവസാനിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുകയാണ്. കാരണം വീരേന്ദ്രകുമാര്‍ പറഞ്ഞ സമയം എത്തിയില്ല.

വീരേന്ദ്രകുമാറിനെ മറികടന്നു മുന്നോട്ട് പോകാന്‍ നേതൃത്വം തയ്യാറല്ല. കാരണം പ്രബലമായ മാതൃഭൂമി പത്രം, ചാനല്‍, വാരിക എല്ലാം വീരേന്ദ്രകുമാറിന്റെ കയ്യിലാണ്. വീരേന്ദ്രകുമാറിനെക്കാള്‍ യുഡിഎഫിനും എല്‍ഡിഎഫിനും ആവശ്യം മാതൃഭൂമിയാണ്‌.

ജെഡിയുവിനെ മുന്നണി വിട്ടു പോകാന്‍ ഒരിക്കലും അനുവദിക്കില്ലാ എന്നു യുഡിഎഫ് പറയാന്‍ കാരണം മാതൃഭൂമി എന്ന പ്രബല പത്രത്തിന്റെ പിന്‍ബലമുള്ളത് കൊണ്ടാണ്. എല്‍ഡിഎഫിനും വീരനെക്കാള്‍, ജെഡിയുവിനെക്കാള്‍ ആവശ്യം മാതൃഭൂമിയാണ്‌.

തിരഞ്ഞെടുപ്പ് സമയത്ത് കണക്കുകള്‍ തീര്‍ക്കാന്‍ ഉപയോഗപ്പെടുത്തുന്നതും മാതൃഭൂമി എന്ന പത്ര ത്തേയും ചാനലിനെയുമാണ്‌. എം.വി.നികേഷ്കുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട്‌ സ്ഥാനാര്‍ഥിയായപ്പോള്‍ മാതൃഭൂമി ചാനല്‍ യുഡിഎഫിന്റെ കയ്യിലെ വലിയ വടിയായി മാറി.

സിപിഎം സ്ഥാനാര്‍ഥിയായി നികേഷ് മത്സരിക്കുമ്പോള്‍ കുടുംബത്തില്‍ നിന്നുപോലും പിന്തുണയില്ലെന്ന് വാര്‍ത്ത‍ നല്‍കാന്‍ മാതൃഭൂമി ചാനല്‍ ആധാരമാക്കിയത് ഒരിക്കല്‍ ഇടത് പക്ഷത്തിന്റെ എല്ലാമെല്ലാമായിരുന്ന എം.വി.രാഘവന്റെ സഹോദരിയെയാണ്, ചാനല്‍ എംവി ആറിന്റെ സഹോദരിയുടെ  അടുത്ത് പോയി നികേഷ് സ്ഥാനാര്‍ഥിയാകുന്നതില്‍ കുടുംബത്തിനു തന്നെ കടുത്ത് എതിര്‍പ്പ് എന്ന രീതിയില്‍ വാര്‍ത്ത് നല്‍കി. വാര്‍ത്തയ്ക്കൊപ്പം നികേഷിന്റെ അച്ഛന്റെ ആ സഹോദരിയുടെ പ്രതികരണം കൂടി നല്‍കി.

ആ വാര്‍ത്ത കേരളത്തില്‍, പ്രത്യേകിച്ച് അഴീക്കോട്‌ മണ്ഡലത്തില്‍ ഉള്‍പ്പെടെ വലിയ ചലനങ്ങള്‍ ഉണ്ടാക്കി. ഈ ചലനങ്ങള്‍ കൂട്ടാന്‍ ചാനല്‍  ദിവസം മുഴുവനും, അതിനടുത്ത ദിവസവും  ഇതേ വാര്‍ത്ത ആഘോഷമാക്കി. ഒപ്പം , മറ്റ് മാധ്യമങ്ങളെക്കൊണ്ട് ഇത് ഏറ്റെടുപ്പിക്കുകയും ചെയ്തു.

നികേഷിന്റെ തോല്‍വിയിലേക്കുള്ള പ്രധാന വഴി തുറന്നത് ആ വാര്‍ത്തയായിരുന്നു. നികേഷ് കിണറ്റില്‍ ഇറങ്ങിയ വാര്‍ത്ത സറ്റയര്‍ ആക്കി പോപ്പുലര്‍ കൂടി ആക്കി ചാനല്‍ വീണ്ടും നല്‍കിയതോടെ അഴീക്കോട്‌ മണ്ഡലം മാതൃഭൂമി ചാനല്‍ കെ.എം.ഷാജിക്ക് നേടിക്കൊടുക്കുക തന്നെ ചെയ്തു.

സിപിഎമ്മിനെ സംബന്ധിച്ച് ഇത് വലിയ തോല്‍വി തന്നെ ആയിരുന്നു.  അതുകൊണ്ട് തന്നെ മാതൃഭൂമി വിട്ടുള്ള ഒരു കളിക്കും യുഡിഎഫ് തയ്യാറല്ല. എല്‍ഡിഎഫിനും വേണ്ടത് ഇതേ മാധ്യമ സ്ഥാപനമാണ്‌. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ വീരന്‍ വിരുദ്ധര്‍ വിചാരിച്ചാലും പാര്‍ട്ടി പിളര്‍ത്തി പോയിട്ട് കാര്യമില്ല. കാരണം മാതൃഭൂമി മാധ്യമ സ്ഥാപനം ഒപ്പം കാണില്ല.

ജെഡിയുവിനെ പിളര്‍ത്താനും യുഡിഎഫും എല്‍ഡിഎഫും താത്പര്യം കാണിക്കാത്തതും ഇതേ, ഒരേ ഒരു ഘടകം മാത്രം മുന്നില്‍ കാണുന്നത് കൊണ്ടാണ്. അത്കൊണ്ട് തന്നെ പാര്‍ട്ടി എല്‍ഡിഎഫിലേക്ക് പോകാന്‍ അരയും തലയും മുറുക്കി നിന്നാലും എവിടേയ്ക്കും പോകാന്‍ കഴിയില്ല.

കാരണം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ പറഞ്ഞ സമയം ആയില്ല. ആ സമയം നോക്കിയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. അത് എപ്പോള്‍ വരുമെന്ന് വീരേന്ദ്രകുമാറിന് മാത്രമേ അറിയുകയുമുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here