സ്പൈസസ് ബോർഡ് ദേശീയതല പദപ്രശ്ന മത്സരം: ഭവൻസ് വിദ്യാമന്ദിർ കേരള ചാമ്പ്യൻമാർ

0
202


കൊച്ചി: സ്പൈസസ് ബോർഡ് സംഘടിപ്പിച്ച ദേശീയതല സങ്കീർണ പദപ്രശ്ന മത്സരമായ ക്രിപ്റ്റിക് ക്രോസ് വേഡ് കോമ്പറ്റിഷൻ(സിസിസിസി 2017)ന്റെ കേരള റൗണ്ടിൽ ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ ചാമ്പ്യന്മാരായി.

കേന്ദ്രീയവിദ്യാലയ സംഘടൻ, നവോദയ വിദ്യാലയ സമിതി എന്നിവയുമായി ചേർന്ന് പട്ന ആസ്ഥാനമായ എക്സ്ട്രാ സി എന്ന സാമൂഹ്യസംഘടനയാണ് പദപ്രശ്നമത്സരം നടത്തുന്നത്. ഇന്ത്യയിൽ സ്‌കൂൾ തലത്തിൽ നടത്തുന്ന ഏറ്റവും ബൃഹത്തായ സങ്കീർണ പദപ്രശ്ന മത്സരമാണിത്. ജൂലായ് മുതൽ സെപ്റ്റംബർ വരെയാണ് പ്രദേശികതല മത്സരങ്ങൾ. ദേശീയമത്സരങ്ങൾ നവംബർ, ഡിസംബർ മാസങ്ങളിൽ ഡൽഹിയിൽ വച്ച് നടക്കും.

കൊച്ചിയിലെ സ്പൈസസ് ബോർഡ് ആസ്ഥാനത്തു വച്ചായിരുന്നു മത്സരം സംഘടിപ്പിക്കപ്പെട്ടത്. ഭവൻസ് വിദ്യാമന്ദിറിലെ പൂജിത മേനോൻ, നേഹ മേനോൻ എന്നിവരാണ് വിജയികളായത്. ട്രോഫി, പ്രശസ്തി പത്രം എന്നിവയ്ക്കു പുറമെ ഡൽഹിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാനുള്ള അവസരവുമാണ് ഇവരെ കാത്തിരിക്കുന്നത്. ഇവരുടെ ഡൽഹി യാത്രയും മറ്റ് ചെലവുകളും പൂർണമായും സൗജന്യമായിരിക്കും. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്വാർട്ടർ ഫൈനൽ. സെമിയും ഫൈനലും സ്റ്റേജ് മത്സരങ്ങളാണ്.

ഒമ്പതു മുതൽ പന്ത്രണ്ട് ക്ലാസുകളിലുള്ള കുട്ടികൾക്കായിരുന്നു മത്സരത്തിൽ പങ്കെടുക്കാനർഹത. സംസ്ഥാനത്തെ 22 സ്‌കൂളുകളാണ് മത്സരത്തിനുണ്ടായിരുന്നത്. കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിനായിരുന്നു രണ്ടാംസ്ഥാനം. ജോയൽ ജോ ഇവാൻസ്, അമൽ എ നമ്പ്യാർ എന്നിവരായിരുന്നു ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ചത്.

സ്പൈസസ് ബോർഡ് ചെയർമാൻ ഡോ എ ജയതിലക് മത്സരശേഷം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പദപ്രശ്നമത്സരത്തിന്റെ ദേശീയ സംയോജകൻ രാജ്നാരായണൻ സിംഗ് മത്സരത്തിന്റെ വിശദാംശങ്ങളും ദേശീയ മത്സരത്തിന്റെ നടപടിക്രമങ്ങളും മറ്റും ചടങ്ങിൽ വിശദീകരിച്ചു.

ദേശീയതലത്തിൽ വിജയികളാകുന്നവർക്ക് 25000 രൂപയുടെ ക്യാഷ് അവാർഡ് നൽകും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 15,000, 10,000 രൂപവീതമാണ് സമ്മാനത്തുക. എല്ലാവർക്കും ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here