അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. ബിലാല്‍ അഹമദ് റെഷി, ഇസാജ് വാഗി, സഹൂര്‍ അഹമദ് എന്നിവരെയാണ് ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് നേതൃത്വം നല്കിയ നാല് ലഷ്കര്‍-ഇ-തൊയിബ ഭീകരര്‍ക്ക് ആവശ്യമായ വാഹനം, താമസസൗകര്യം തുടങ്ങിയ സഹായങ്ങളാണ് ഇവര്‍ നല്‍കിയതെന്ന് ഐജി മുനീര്‍ ഖാന് പറഞ്ഞു.
അമര്‍നാഥില്‍ ആക്രമണം നടത്തിയ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാക് പൗരനായ അബു ഇസ്മായില്‍, യാവര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അബു ഇസ്മായില്‍ ജൂലൈ ഒമ്പതിനും അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, ശക്തമായ സുരക്ഷയെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബാക്കി രണ്ട് പേരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരുന്നതായും പോലീസ് അറിയിച്ചു. തിരിച്ചറിഞ്ഞ രണ്ടു പേരുടെയും ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ജൂലൈ പത്തിന് തീര്‍ഥാടകര്‍ക്കു നേരെയുണ്ടായ ആക്രണത്തില്‍ എട്ട് തീര്‍ഥാടകരാണ് കൊല്ലപ്പെട്ടത്.