ആര്‍.എസ്.എസിന് ധൈര്യമുണ്ടെങ്കില്‍ പിണറായി സര്‍ക്കാരിനെ പിരിച്ചുവിടൂയെന്ന് കോടിയേരി

0
115

ആര്‍എസ്എസിനുവേണ്ടിയുള്ള കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ അല്‍പ്പത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഇവിടെ ക്രമസമാധന നില തകര്‍ന്നുവെന്ന് വരുത്തിതീര്‍ത്ത് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാമെന്നാണ് മോഹം. ധൈര്യമുണ്ടെങ്കില്‍ പിരിച്ചുവീടൂ അപ്പോള്‍ കാണാമെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് ജനപിന്തുണയുള്ള പ്രസ്ഥാനമാണ്. സര്‍ക്കാരിനെ ജനങ്ങള്‍ സംരക്ഷിക്കും. ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ 21 രക്തസാക്ഷി കുടുംബങ്ങളും അടുത്തിടെ ആര്‍എസ്എസ് നടത്തിയ തേര്‍വാഴ്ചയില്‍ ആക്രമണത്തിന് ഇരയായവരും രാജ്ഭവന് മുന്നില്‍ ‘കേന്ദ്രമന്ത്രി ഞങ്ങളുടെയും സങ്കടങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകണം’ എന്നഭ്യര്‍ഥിച്ച് നടത്തിയ സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. കേന്ദ്രമന്ത്രിസഭയിലെ മൂന്നാമനാണ് രാജ്യരക്ഷയുടെ ചുമതലകൂടി വഹിക്കുന്ന അരുണ്‍ജെയ്റ്റ്ലി. ഭരണപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനല്ല അദ്ദേഹം സര്‍ക്കാര്‍ ചെലവില്‍ വന്നത്. മരണപ്പെട്ട ആര്‍എസ്എസുകാന്റെ വീടും സംഘര്‍ഷം നടന്ന പ്രദേശത്തെ ബിജെപി കൗണ്‍സിലര്‍മാരുടെ വീടുകളും മാത്രം സന്ദര്‍ശിക്കാനാണ്.

ബിജെപിക്കാരന്റെ ജീവനെന്നപോലെ വിലപ്പെട്ടതാണ് ജില്ലയില്‍ ആര്‍എസ്എസ് കൊലക്കത്തിക്കിരയായ 21 സിപിഐ എം പ്രവര്‍ത്തകരുടെയും ജീവനുകളെന്നും കേന്ദ്രമന്ത്രി തിരിച്ചറിയണം. കേരളത്തില്‍ അക്രമം നടക്കുന്നുവെന്ന് രാജ്യവ്യാപകമായി പ്രചരിപ്പിക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമായാണ് അരുണ്‍ ജെയ്റ്റ്ലിയുടെ വരവ്. കേന്ദ്രമന്ത്രിമാര്‍ രാജ്യത്തിന്റെയല്ല ആര്‍എസ്എസിന്റെ മാത്രം മന്ത്രിമാരെന്ന് തെളിയിച്ചിരിക്കുകയാണ്. അതിന്റെ പരസ്യപ്രഖ്യാപനമാണ് അരുണ്‍ജെയ്റ്റിലിയുടെ സന്ദര്‍ശനത്തോടെ ഉണ്ടായത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവതും ഉടന്‍ എത്തുമെന്നാണ് പറയുന്നത്. ഇവിടെ അസാധാരണ സ്ഥിതി വിശേഷമുണ്ടെന്ന് വരുത്തി തീര്‍ക്കുകയാണ് ലക്ഷ്യം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥും വരുന്നുണ്ടത്രെ. സ്വന്തം നാട്ടില്‍ ക്രമസമാധാനം ഉണ്ടാക്കിയിട്ട് കേരളത്തിലേക്ക് വന്നാല്‍പോരെ. യുപിയില്‍ ആഥിത്യനാഥ് മുഖ്യമന്ത്രിയായ മാര്‍ച്ചില്‍ 396 പേരാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ കൊലപാതകം 399 ആയി ഉയര്‍ന്നു.

രാജ്യത്ത് ഏറ്റവും കുടുതല്‍ കൊലപാതകങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്രസര്‍ക്കാരിന്റെതന്നെ കണക്കുകള്‍ തെളിയിക്കുന്നുണ്ട്. സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന നിമിഷംമുതല്‍ സംഘപരിവാരം ആസൂത്രിത അക്രമം തുടങ്ങിയതാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന നിമിഷം മുതല്‍ ആക്രമണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സ്വന്തം നാട്ടില്‍ നടത്തിയ പ്രകടനത്തിനു നേരെ ബോംബെറിഞ്ഞ് സിപിഐ എം പ്രവര്‍ത്തകനായ രവീന്ദ്രനെ കൊലപ്പെടുത്തി. കാഞ്ഞങ്ങാട് ആഹ്ലാദപ്രകടനത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഇ ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ക്ക് പരിക്ക്പറ്റി. ഒടിഞ്ഞ കൈയുമായാണ് ചന്ദ്രശേഖരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എല്‍ഡിഎഫ് അധികാരത്തിലേറി 14 മാസത്തിനിടെ 13 കൊലപാതകം ആര്‍എസ്എസ് നടത്തി. 10 സിപിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. കൂടാതെ മലപ്പുറത്ത് മതംമാറിയതിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊന്നു. കാസര്‍കോട് പള്ളിയില്‍ കയറി മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു. വര്‍ഗീയ കലാപമാണ് രണ്ടിടത്തും ലക്ഷ്യമിട്ടത്. അത് നടക്കാതെ പോയത് ജനകീയ സര്‍ക്കാര്‍ ഉള്ളതുകൊണ്ടുമാത്രമാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഉള്ള കാലത്തോളം ഇവിടെ വര്‍ഗീയ കലാപങ്ങള്‍ സാധ്യമല്ലാത്തതുകൊണ്ട് എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന സിപിഎം ശക്തികേന്ദ്രങ്ങളില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയാണ്. സിപിഎമ്മിനെ കടന്നാക്രമിച്ച് കേരളത്തില്‍ ബിജെപിയെ വളര്‍ത്തുക എന്നത് ബിജെപി അധ്യക്ഷന്‍ അമിത്ഷാ ആസൂത്രണം ചെയ്ത തന്ത്രമാണ്. നിരന്തരമായി സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയും ആക്രമിക്കുകയും ചെയ്യുകയാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിടാമെന്നത് വ്യാമോഹം മാത്രമാണ്. ഇഎംഎ്സ് സര്‍ക്കാരിനെ പിരിച്ചുവിട്ട 59 അല്ല 2017. ഇപ്പോള്‍ ബിജെപിക്ക് ഒരു സീറ്റുണ്ട്. ഒ രാജഗോപാലിനെ ജയിപ്പിച്ചത് കോണ്‍ഗ്രസുകാരാണ്. പിരിച്ചുവിട്ട് തെരഞെടുപ്പ് നടത്തിയാല്‍ ആ സീറ്റും ബിജെപിക്ക് നഷ്ടമാകും. ഒ രാജഗോപാലിനോട് ശത്രുതയുള്ള ആര്‍എസുഎസുകാരുടെ ബുദ്ധിയില്‍ തെളിഞ്ഞതാകാം സര്‍ക്കാരിനെ പരിച്ചുവിടുക എന്നതെന്നും കോടിയേരി കളിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here