
ദുബായ് : എമിറേറ്റ്സ് ബോയിങ് 777–300 എയർക്രാഫ്റ്റ് 2016 ഓഗസ്റ്റിൽ ദുബായ് വിമാനത്താവളത്തിൽ കത്തിയത് വിമാനത്തിന്റെ യന്ത്രത്തകരാർ നിമിത്തമല്ലെന്ന് റിപ്പോർട്ട്. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍ ഉള്ളത്.
അപകടത്തിനു പിന്നിൽ ആസൂത്രണമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അപകടത്തിനു പിന്നിലുള്ള കാരണം കണ്ടെത്തുന്നതിനായി അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിക്കുന്നു.
2016 ഓഗസ്റ്റ് മൂന്നിനു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട എമിറേറ്റ്സ് ബോയിങ് 777–300 എയർക്രാഫ്റ്റ് ആണ് അപകടത്തിൽപെട്ടത്. 18 ജീവനക്കാരും 282 യാത്രക്കാരും ആ സമയം വിമാനത്തില്‍ ഉണ്ടായിരുന്നു. 24 പേർക്ക് അപകടത്തിൽ പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിന്നിടെ അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അപകടസമയം വിമാനത്തിന്റെ വലതുഭാഗത്തെ മെയിൻ ലാൻഡിങ് ഗിയർ റൺവേയിൽ തൊട്ട് മൂന്നുസെക്കൻഡിനുശേഷം ഇടതുവശത്തെ മെയിൻ ലാൻഡിങ് ഗിയറും റൺവേയിൽ തൊട്ടു. തുടർന്നു വീണ്ടും വിമാനം പറന്നുയരാൻ ശ്രമിക്കുകയും ലാൻഡിങ് ഗിയർ പിൻവലിഞ്ഞു.
ആ സമയത്ത് 4000അടി ഉയരത്തിലേക്കു പോകാൻ വിമാനത്തിനു കൺട്രോൾ ടവർ അനുമതി നൽകി. എന്നാൽ അൽപം ഉയരത്തിൽ എത്തിയതോടെ വിമാനം വീണ്ടും താഴുകയും ഇടിച്ചിറങ്ങുകയുമായിരുന്നു.