ജഡേജയുടെ ഇടംകൈയ്യില്‍ കുരുങ്ങി ലങ്ക; ഇന്നിങ്സ് ജയത്തോടെ ഇന്ത്യക്ക് പരമ്പര

0
77

കരിയറിലെ അന്പത്തിയോന്നാം മിനിറ്റില്‍ മിന്നും വേഗത്തില്‍ 150 വിക്കറ്റുകള്‍ എന്ന നേട്ടം സ്വന്തമാക്കിയ രവീന്ദ്ര ജഡേജയുടെ മികവില്‍ ഇന്നിങ്ങ്സ് ജയവുമായി ഇന്ത്യക്ക് പരമ്പര. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഇടംകയ്യന്‍ ബോളറാണ് ജഡേജ. 54-ാം െടസ്റ്റില്‍ 150 വിക്കറ്റ് നേട്ടത്തിലേക്കെത്തിയ ഓസീസ് താരം മിച്ചല്‍ ജോണ്‍സന്റെ റെക്കോര്‍ഡാണ് ജഡേജ തകര്‍ത്തത്.ഗോളിന് പിന്നാലെ കൊളംബോയിലും ആതിഥേയ  ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ രണ്ടാം ടെസ്റ്റിൽ കളി തീരാൻ ഒരു ദിവസം ബാക്കി നിൽക്കെ ഇന്നിങ്സിനും 53 റൺസിനുമാണ് ഇന്ത്യ ലങ്കയെ തോൽപ്പിച്ചത്. ഗോളിൽ നടന്ന ആദ്യ ടെസ്റ്റിലും ഇന്ത്യ ലങ്കയെ തോൽപ്പിച്ചിരുന്നു.

ഫോളോഓൺ വഴങ്ങി രണ്ടാമിന്നിങ്സിനിറങ്ങിയ ശ്രീലങ്കയുടെ ബാറ്റിങ്ങിന് ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ മറുപടിയില്ലായിരുന്നു. 386 റൺസെടുക്കുന്നതിനിടയിൽ ലങ്കയുടെ എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ആദ്യ ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നേടിയിരുന്ന ജഡേജ ആകെ ഏഴു വിക്കറ്റ് സ്വന്തം പേരിലാക്കി. രണ്ടിന്നിങ്സിലുമായി അശ്വിനും ഏഴു വിക്കറ്റ് നേടി.മൂന്നാം ദിവസം അധികം വിക്കറ്റ് വീഴാതെ മികച്ച ബാറ്റിങ്ങുമായി പ്രതിരോധം തീർത്ത ലങ്ക നാലാംദിനം ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെന്ന നിലിയിൽ ബാറ്റിങ് തുടങ്ങിയ ലങ്ക ഉച്ചഭക്ഷണം വരെ പിടിച്ചു നിന്നു. എന്നാൽ, ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ 11 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കളഞ്ഞുകുളിച്ചു.നാലാം ദിനം 16 റൺസെടുത്ത പുഷ്പകുമാരയുടെ വിക്കറ്റാണ് ലങ്കക്ക് ആദ്യം നഷ്ടമായത്. അടുത്ത ഓവറിൽ രണ്ടു റണ്ണെടുത്ത ദിനേശ് ചണ്ഡിമലിന്റെയും വിക്കറ്റ് പോയി. ജഡേജയുടെ പന്തിൽ രഹാനെക്ക് ക്യാച്ച് നൽകുകയായിരുന്നു ചണ്ഡിമൽ. എന്നാൽ പിന്നീട് കരുണരത്ന എയ്ഞ്ചലോ മാത്യൂസിനെ കൂട്ടുപിടിച്ച് 69 റൺസ് ലങ്കൻ സ്‌കോറിനൊപ്പം ചേർത്തു. സ്‌കോർ 300 പിന്നിട്ടതിന് പിന്നാലെ കരുണരത്നയെ പുറത്താക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 307 പന്തിൽ 141 റൺസ് നേടിയ ശേഷമാണ് കരുണരത്ന ക്രീസ് വിട്ടത്.

തൊട്ടുപിന്നാലെ ജഡേജ വീണ്ടും ലങ്കക്ക് പ്രഹരമേൽപ്പിച്ചു. 36 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസും നാല് റണ്ണെടുത്ത പെരേരയും ഒരു ഓവറിന്റെ വ്യത്യാസത്തിൽ പുറത്തായി. ജഡേജയുടെ അടുത്ത ഇര 17 റൺസെടുത്ത ഡി സിൽവയായിരുന്നു. 31 റൺസെടുത്ത ഡിക്ക് വെല്ലയെ ഹാർദിക് പാണ്ഡ്യയും പുറത്താക്കി. ഫെർണാണ്ടോയെ അശ്വിനും മടക്കിയതോടെ ലങ്കൻ ഇന്നിങ്സ് അവസാനിച്ചു. നേരത്തെ കുശാൽ മെൻഡിസ് ലങ്കയ്ക്കായി സെഞ്ചുറി നേടിയിരുന്നു.

ആദ്യ ഇന്നിങ്‌സിൽ ഒമ്പത് വിക്കറ്റിന് 622 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെയും ചേതേശ്വർ പൂജാരയുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്‌കോറിലെത്തിയത്. ലോകേഷ് രാഹുൽ, ആർ.അശ്വിൻ, വൃദ്ധിമാൻ സാഹ, രവീന്ദ്ര ജഡേജ എന്നിവർ അർധസെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തു പകർന്നു.എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക തകർന്നടിഞ്ഞു. 183 റൺസെടുക്കുന്നതിനിടയിൽ ലങ്കയുടെ എല്ലാ വിക്കറ്റുകളും വീണു. ആർ.അശ്വിന്റെ സ്പിൻ മികവിന് മുന്നിൽ ലങ്കൻ ബാറ്റിങ് നിരയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. അഞ്ചു വിക്കറ്റുകളാണ് ഇന്ത്യൻ സ്പിന്നർ പിഴുതത്. ജഡേജയും ഷമിയും രണ്ട് വിക്കറ്റ് വീതം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here