തീവ്ര ദേശീയത അസഹിഷ്ണുതയും ധാര്‍ഷ്ഠ്യം കലര്‍ന്ന ദേശഭക്തിയും വളര്‍ത്തും-ഉപരാഷ്ട്രപതി

0
112


ദേശത്തിന്റെ അത്യന്താപേക്ഷിതമായ ധര്‍മ്മം സഹിഷ്ണുതയായിരിക്കണമെന്നും എങ്കിലേ വൈവിധ്യങ്ങള്‍ക്കിടയിലും മൈത്രി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റിയില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ സഹിഷ്ണുതയ്ക്ക് മാത്രമായി നിലനില്‍പില്ലെന്നും പരസ്പര വിശ്വാസ്യതയും സ്വീകാര്യതയും ഉള്‍ച്ചേര്‍ന്നുകൊണ്ടുള്ള സഹിഷ്ണുതയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.’നമ്മള്‍ മറ്റ് മതങ്ങളെ സഹിക്കുകയല്ല , പകരം അവയെ നല്ല ഉദ്ദേശത്തോടെ പുല്‍കുകയാണ് വേണ്ടത്’ എന്ന സ്വാമി വിവേകാനന്ദന്റെ ദര്‍ശനത്തെ ഉദ്ദരിച്ചാണ് അദ്ദേഹം സഹിഷ്ണുതയെ കുറിച്ച് സംസാരിച്ചത്.

മതങ്ങളുടെ സ്വാതന്ത്ര്യത്തെയും സഹിഷ്ണുതയെയും ഉള്‍ക്കൊണ്ടു കൊണ്ട് മതേതരത്വത്തെ ഊട്ടിയുറപ്പിക്കുകയാണ് പുതിയ കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.’തീവ്ര സാംസ്‌കാരിക പ്രതിബദ്ധത വെച്ചു പുലര്‍ത്തുന്ന ദേശീയതയുടെ വകഭേദം അസഹിഷ്ണുതയും ധാര്‍ഷ്ഠ്യം കലര്‍ന്ന ദേശഭക്തിയും വളര്‍ത്തും’ അന്‍സാരി കുറ്റപ്പെടുത്തി.’നിലനില്‍ക്കുന്ന സംവിധാനങ്ങളുടെ ചട്ടക്കൂടല്ല ജനാധിപത്യത്തെ നിര്‍ണ്ണയിക്കേണ്ടത്. പകരം വൈവിധ്യമുള്ള സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ആരും കേള്‍ക്കാത്ത വ്യത്യസ്തമായ ശബ്ദങ്ങളെ കേള്‍ക്കുന്നിടത്താണ് യഥാര്‍ഥ ജനാധിപത്യമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here