സുരേഷ് കുമാറിന്റെ ദിലീപ് അനുകൂല പ്രസ്താവനയെക്കുറിച്ച് പോലീസ് അന്വേഷിക്കണം: ബൈജു കൊട്ടാരക്കര

0
6128

ദിലീപിനെ ഇല്ലാതാക്കാന്‍ ആസൂത്രിത ശ്രമമെന്ന നിര്‍മ്മാതാവ് ജി.സുരേഷ്കുമാറിന്‍റെ പൊടുന്നനെയുള്ള പ്രസ്താവനയ്ക്ക് പിന്നിലെന്തെന്ന് പോലീസ് അന്വേഷണം നടത്തണമെന്നു മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര 24 കേരളയോട് പറഞ്ഞു. ഇത്രയും കാലം നിശബ്ദത പാലിച്ചശേഷം എന്തുകൊണ്ട് ജി.സുരേഷ്കുമാര്‍ ദിലീപിനെ ഇല്ലാതാക്കാന്‍ ആസൂത്രിതശ്രമമെന്ന് പറയാന്‍ കാരണമെന്ന കാര്യത്തില്‍ അന്വേഷണം അത്യാവശ്യമാണ്.

കാരണം ദിലീപിന്റെ റിയല്‍-എസ്റ്റേറ്റ് സാമ്പത്തിക ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. ദിലീപിനെ അറസ്റ്റ് ചെയ്തത് പോലീസ് ആണ്. സിനിമാക്കാര്‍ അല്ലല്ലോ. ദിലീപിന്റെ ആസൂത്രണത്തെക്കുറിച്ചും. റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നതും പോലീസ് ആണ്.പോലീസ് അല്ലല്ലോ നടിയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയത്. ദിലീപ് അല്ലേ. ഈ കാര്യത്തില്‍ തെളിവ് ഉള്ളത് കൊണ്ടാണല്ലോ ദിലീപ് അകത്ത് കിടക്കുന്നത്. ദിലീപിന് ജാമ്യം നിഷേധിക്കുന്ന വേളയില്‍ ഹൈക്കോടതി പറഞ്ഞതും എല്ലാവര്ക്കും അറിയാവുന്നതാണ്.

അപ്പോള്‍ ആരാണ് ദിലീപിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് പോലീസോ? അതാണ്‌ ഈ കാര്യം പോലീസ് അന്വേഷിക്കണമെന്നു പറയാന്‍ കാരണം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നു ജി.സുരേഷ്കുമാറിന് പറയാന്‍ അര്‍ഹതയില്ല.സുരേഷ് കുമാറിന്റെ കാലാവധി കഴിഞ്ഞിട്ട് തന്നെ ഒന്നര വര്‍ഷമായി. എന്തുകൊണ്ട് അവിടെ തിരഞ്ഞെടുപ്പ് നടക്കുന്നില്ല. അസോസിയേഷന്‍ കെട്ടിടം കെട്ടുന്നുണ്ട്. കൊച്ചിയില്‍. അതുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ ഉയരുന്നുണ്ട്. തര്‍ക്കവും ഉണ്ട്.

ക്രമക്കേട് ഉന്നയിച്ചവരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും പുറത്ത് വരുന്നില്ല. അഞ്ച് കമ്പനി ഉണ്ടെങ്കില്‍ പ്രൊഡ്യൂസേഴ്സ് അസോസിയെഷനില്‍ അഞ്ച് വോട്ട് ചെയ്യാം. ഇതിനെതിരെയാണ് കേസ് നിലനില്‍ക്കുന്നത്. ക്രമക്കേട് തിരഞ്ഞെടുപ്പ് സംബന്ധമായി കോടതിയില്‍ കേസും ഉണ്ട്. പക്ഷെ ഇപ്പോഴും തിരഞ്ഞെടുപ്പ് നടത്താതെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്നോട്ട് പോകുന്നത്. സുരേഷ്കുമാര്‍ കാണാതെ പോകുന്ന കാര്യമുണ്ട്. ഏത് നടിയേയും ബലാത്സംഗം ചെയ്യാന്‍ ആര്‍ക്ക് വേണമെങ്കിലും ക്വട്ടേഷന്‍ കൊടുക്കാം എന്ന നില ആശാസ്യമാണോ? സുരേഷ്കുമാറിന്റെ മകള്‍ തന്നെ നടിയല്ലേ. ഇത് സുരേഷ്കുമാര്‍ ഓര്‍ക്കേണ്ടേ? ദിലീപിന്റെ പേരിലുള്ള കുറ്റം നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി എന്നാണ്. അതുകൊണ്ട് തന്നെ സുരേഷ് കുമാറിന്റെ പൊടുന്നനെയുള്ള ദിലീപ് അനുകൂല പ്രസ്താവനയെക്കുറിച്ച് പോലീസ്ദ് അന്വേഷണം നടത്തണം. ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here