പൊലീസുകാര്‍ മര്‍ദ്ദിച്ചതായി വിനായകന്‍ പറഞ്ഞു : പിതാവ്

0
68

പൊലീസുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ വിനായകനെന്ന ദളിത് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. തന്നെ പൊലീസുകാര്‍ ക്രൂരമായി പൊലീസുകാര്‍ മര്‍ദ്ദിച്ചിരുന്നതായി വിനായകന്‍ പറഞ്ഞെന്ന് മാതാപിതാക്കള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

വിനായകന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കുടുംബത്തിന്റെ മൊഴിയെടുത്തത്. വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി, അമ്മ ഓമന, അച്ഛന്റെ സഹോദരങ്ങള്‍ എന്നിവരില്‍ നിന്നായി ക്രൈംബ്രാഞ്ച് സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിനായകനെ കസ്റ്റഡിയിലെടുത്ത ജൂലൈ 17ആം തീയതി പാവറട്ടി പൊലീസ് സ്റ്റേഷനില്‍ വച്ച്‌ മകനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് അച്ഛന്‍ കൃഷ്ണന്‍ കുട്ടി മൊഴി നല്‍കി. നീണ്ട മുടി കണ്ട് പ്രകോപിതരായി വിനായകന്റെ മുഖത്തടിക്കാന്‍ ചില പൊലീസുകാര്‍ ആവശ്യപ്പെട്ടു. മുടിമുറിച്ചതിന് ശേഷം അടുത്തയാഴ്ച സ്റ്റേഷനിലെത്തണമെന്ന് ഭീഷണിയുണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച് സംഘത്തെ അദ്ദേഹം അറിയിച്ചു. കടുത്ത ശരീരവേദനയുമായാണ് മകന്‍ വീട്ടിലെത്തിയതെന്ന് അമ്മ ഓമനയും മൊഴി നല്‍കി.

നാല് മണിക്കൂറോളം സംഘം ഏങ്ങണ്ടിയൂരിലെ വീട്ടില്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചു. അടുത്ത ചൊവ്വാഴ്ച സംഘം വീണ്ടും വീട്ടിലെത്തി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയും. നേരത്തെ വിനായകനൊപ്പം കസ്റ്റഡിയിലെടുത്ത് മര്‍ദ്ദനമേറ്റ സുഹൃത്ത് ശരത്തും പാവറട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് വിനായകനെയും ശരത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് ‘തെളിവായി’ പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here