പ്രിയപ്പെട്ട ജയ്‌റ്റിലി… അക്രമങ്ങള്‍ തെറ്റെങ്കില്‍ ‘ശ്രീജനെ കാണാനും അങ്ങ് വരണം’

0
591

തലസ്ഥാനത്ത് കൊല്ലപെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും അക്രമങ്ങളിലൂടെ ബിജെപിയെ അടിച്ചമര്‍ത്താം എന്ന് കരുതണ്ട എന്ന് തുറന്നടിക്കുകയും ചെയ്ത കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലിക്ക്  ആരാണ് സമാധാന ശ്രമങ്ങളുടെ വിഘാതകര്‍ ആകുന്നതെന്ന് വെളിവാക്കി രമ്യയുടെ കത്ത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ 7434 നമ്പര്‍ മുറിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജനെ കാണാനും അക്രമികളായ ആര്‍എസ്എസ്സുകാരെ തള്ളിപ്പറയാനും തയ്യാറാകുമോ എന്ന് ചോദിച്ചുകൊണ്ടാണ് ശ്രീജന്‍റെ ഭാര്യയും എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റുമായ രമ്യ ജയ്റ്റിലിക്ക് തുറന്ന കത്ത് എഴുതിയത്.

‘കഴിഞ്ഞ 33 ദിവസമായി എഴുന്നേല്‍ക്കാന്‍ പോലുമാകാതെ ആശുപത്രിക്കിടക്കയിലാണ് എന്റെ ഭര്‍ത്താവ് ശ്രീജന്‍. ഇനി പഴയതുപോലെ ജോലിചെയ്യാനും കുടുംബം പുലര്‍ത്താനും സാധിക്കാത്ത നിലയില്‍ ഭര്‍ത്താവിനെ ശയ്യാവലംബിയാക്കിയത് ആര്‍എസ്എസ്- ബിജെപി അക്രമിസംഘമാണ്. ആര്‍എസ്എസുകാരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന താങ്കള്‍ എന്റെ ഭര്‍ത്താവിനെകൂടി ഒന്നു കാണണം.” കേരളത്തില്‍ ആര്‍എസ്എസ് നടത്തുന്ന നിഷ്ഠൂര പാതകങ്ങളുടെ ഭീകരത തുറന്നുകാട്ടി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ശ്രീജന്റെ ഭാര്യ എ കെ രമ്യ എഴുതിയ തുറന്ന കത്തിലെ വരികളാണിത്.

കത്ത് തുടരുന്നു: കണ്ണൂര്‍ ജില്ലയിലെ എരഞ്ഞോളി കൊടക്കളത്താണ് ഞങ്ങളുടെ വീട്. ഓട്ടോ ഡ്രൈവറും സിപിഐ എം പ്രവര്‍ത്തകനുമാണ് ശ്രീജന്‍. 2017 ജൂലൈ മൂന്നിന് പകല്‍ രണ്ടേകാലിന് പൊന്ന്യംനായനാര്‍ റോഡിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ യാത്രക്കാരെയും പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് ആര്‍എസ്എസ്സുകാര്‍ വാഹനം വളഞ്ഞ് ശരീരമാസകലം വെട്ടിപ്പിളര്‍ന്നത്. തലക്കും ഇരു കൈകാലുകള്‍ക്കും വയറിനും നെഞ്ചിനുമെല്ലാം കുത്തേറ്റു. വലതുകാലും ഇടതുകൈയും അറ്റുതൂങ്ങിയ നിലയിലായിരുന്നു. മാരകമായ 27 മുറിവുകളും ചെറിയ 22 മുറിവും ശരീരത്തിലുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

മരിച്ചെന്ന് കരുതിയാണ് അക്രമികള്‍ എന്റെ ഭര്‍ത്താവിനെ റോഡരികില്‍ ഉപേക്ഷിച്ചുപോയത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവനെങ്കിലും ബാക്കിയായത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആദ്യത്തെ രണ്ട് ദിവസം രണ്ട് ഘട്ടമായി 26 മണിക്കൂര്‍ ശസ്ത്രക്രിയ നടത്തി. വെട്ടേറ്റ് മുറിഞ്ഞ എല്ലുകളും ശരീരഭാഗങ്ങളും കൂട്ടിയോജിപ്പിക്കാന്‍ നാല് തവണ വീണ്ടും ശസ്ത്രക്രിയയുണ്ടായി. ഇനിയും ശസ്ത്രക്രിയ ആവശ്യമാണ്. ജീവന്‍ ബാക്കിയുണ്ടെങ്കിലും ഇനി ജോലിചെയ്തു കുടുംബം പുലര്‍ത്താന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് ഞങ്ങളെല്ലാം.

ഇങ്ങനെ കൊല്ലാക്കൊലചെയ്യാന്‍ എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്? പതിനൊന്നുകാരനായ മകന് അവന്റെ സ്‌നേഹധനനായ അച്ഛനെയും ഞങ്ങളുടെ കുടുംബനാഥനെയും ഇല്ലാതാക്കാനാണ് താങ്കളുടെ സംഘടനയില്‍പ്പെട്ടവര്‍ ശ്രമിച്ചത്. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ നേതൃത്വം ആസൂത്രണംചെയ്ത് നടത്തിയ കൃത്യമാണിത്. ഇന്നുവരെ ഒരു കേസിലും പ്രതിയായ വ്യക്തിയായിരുന്നില്ല ശ്രീജന്‍. രാഷ്ട്രീയഭേദമില്ലാതെ എല്ലാവര്‍ക്കും ഏതുനേരത്തും സഹായമെത്തിക്കുന്ന ജനസേവകനായിരുന്നു. സ്വാതന്ത്യ്രസമര പോരാളിയും കര്‍ഷക- കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റ്ററുടെ ചെറുമകന്‍ കൂടിയാണ് എന്റെ ഭര്‍ത്താവ്.

ഇതിനുമുമ്പും രണ്ടുതവണ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കാളികളായവരെ തള്ളിപ്പറയാനോ സംഭവത്തെ അപലപിക്കാനോ ഇന്നുവരെ താങ്കളുടെ പാര്‍ടിക്കാര്‍ തയ്യാറായിട്ടില്ല. സമാധാനം നിലനില്‍ക്കുമ്പോഴാണ് ശ്രീജനെ വെട്ടിനുറുക്കി കൊല്ലാന്‍ ശ്രമിച്ചത്. താങ്കള്‍ കേരളത്തിലെത്തി കൊല്ലപ്പെട്ട ആര്‍എസ്എസ്സുകാരുടെ വീടും മറ്റും സന്ദര്‍ശിക്കുന്നതായി കേട്ടു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ 7434 നമ്പര്‍ മുറിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജനെ കാണാനും അക്രമികളായ ആര്‍എസ്എസ്സുകാരെ തള്ളിപ്പറയാനും തയ്യാറാകുമോ?

LEAVE A REPLY

Please enter your comment!
Please enter your name here