മദനി കൊച്ചിയിലെത്തി, റോഡ്‌ മാര്‍ഗം കൊല്ലത്തേക്ക്‌

0
83


മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ സന്ദര്‍ശിക്കാനുമായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലെത്തി. മൂന്നു മണിയോടെ മഅ്ദനിയെ വഹിച്ചു കൊണ്ടുള്ള എയര്‍ ഏഷ്യ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങി. നെടുമ്പാശ്ശേരിയില്‍ നിന്ന് റോഡ് മാര്‍ഗം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയിലെ വീട്ടിലേക്ക് പോകും.
പി.ഡി.പിയുടെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും മഅ്ദനിയെ വരവേല്‍ക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സുരക്ഷാ പരിശോധനക്ക് ശേഷം പുറത്തുവന്ന മഅ്ദനിയെ അനുയായികള്‍ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചു.പുറത്തിറങ്ങിയ ശേഷം മദനി മാധ്യമങ്ങളോട് സംസാരിച്ചു. തനിക്ക് കേരളത്തിലേക്കെത്താന്‍ സഹായം ചെയ്ത എല്ലാവര്‍ക്കും അദ്ദേഹം നന്ദിപറഞ്ഞു. മൂന്ന് വര്‍ഷം മുമ്ബ് കേസില്‍ തനിക്ക് ജാമ്യം കിട്ടിയതാണെന്നും ജാമ്യവ്യവസ്ഥയിലെ ഇളവ് തേടി കോടതിയെ സമീപിച്ചപ്പോഴാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുണ്ടായതെന്നും മദനി വിശദീകരിച്ചു.

ഉച്ചക്ക് 2.20നാണ് മഅ്ദനിയെയും വഹിച്ചു കൊണ്ടുള്ള വിമാനം ബംഗളൂരുവില്‍ നിന്ന് യാത്രതിരിച്ചത്. ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, ബന്ധുവും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, സഹായികളായ സിദ്ദീഖ്, നിസാം, കര്‍ണാടക പൊലീസിലെ എസ്.ഐമാരായ രമേശ്, ഉമശങ്കര്‍ എന്നിവരാണ് വിമാനയാത്രയില്‍ മഅ്ദനി അനുഗമിച്ചത്. ബാക്കി 17 സുരക്ഷ ഉദ്യോഗസ്ഥര്‍ റോഡുമാര്‍ഗം കൊച്ചിയിലെത്തും. ശനിയാഴ്ച രാവിലെ ബംഗളൂരു സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിലെത്തിയ മഅ്ദനിയുടെ അഭിഭാഷകന്‍ ഉസ്മാന്‍ 1.18 ലക്ഷം രൂപയുടെ ഡി.ഡി കമീഷണര്‍ സുനില്‍കുമാറിന്‌ ൈകമാറി. മഅ്ദനിയുടെ യാത്ര സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം സമര്‍പ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ 11.30ന് തലശ്ശേരി നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന മൂത്ത മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹച്ചടങ്ങിനായി മഅ്ദനി ചൊവ്വാഴ്ച അന്‍വാര്‍ശ്ശേരിയില്‍ നിന്ന് പുറപ്പെടും. വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ ഒമ്പതുവരെ കൊല്ലം ടൗണ്‍ഹാളില്‍ നടക്കുന്ന വിവാഹവിരുന്നിലും അദ്ദേഹം പെങ്കടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here