ആര്‍.എസ്.എസുകാരേ..കേരളത്തിന്റെ മതേതര മാറ് പിളര്‍ക്കാന്‍ നിങ്ങള്‍ക്കാകില്ല

0
239

ഇന്ത്യയിലെ ആര്‍ എസ് എസും അതിന്റെ ഭരണകര്‍ത്താകളും എന്തും ചെയ്യാന്‍ തയ്യാറുകുന്ന കാലത്തിലേയ്ക്കാണു കാര്യങ്ങള്‍ കടന്നു പോകുന്നത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവും പാര്‍ലിമെന്റിലെ പ്രധാന പ്രതിപക്ഷത്തിന്റെ ഉപനേതാവുമായ രാഹുല്‍ ഗാന്ധിയോട് ബി.ജെ.പി കാണിച്ച സമീപനം എല്ലാവരും മനസിലാക്കേണ്ടതാണ്.

വെള്ളപ്പൊക്ക ദുരിത പ്രദേശങ്ങള്‍ ഗുജറാത്തില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ആര്‍.എസ്.എസിന്റെയും ബി ജെ പിയുടെയും പ്രവര്‍ത്തകര്‍ രാഹുല്‍ ഗാഡിയെ കല്ല് എറിഞ്ഞ് വധിക്കാന്‍ ആണു ശ്രമിച്ചത്. വികാര വിക്ഷോഭത്താല്‍ ഏതെങ്കിലും ഒരു പ്രവര്‍ത്തകന്റെ ഒറ്റപ്പെട്ടെ ആക്രമണം ആയിരുന്നില്ല ഇത്. രാഹുല്‍ ഗാന്ധി വന്ന് തിരിച്ച് പോകുന്നതുവരെ കൂട്ടം കൂട്ടി നിന്ന് കല്ലെറിയുകയാണ് ചെയ്തത്.

പണ്ട്  പാര്‍ലിമെന്റില്‍ വാജ്‌പേയിയും, അദ്വാനിയുമായി രണ്ട് എം.പിമാര്‍ മാത്രം ഉണ്ടായ കാലം ഉണ്ടായിരുന്നു ബി ജെ പിക്ക്. അന്ന് അവരും ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. അവരെ ആരെയും കോണ്‍ഗ്രസ് കല്ലെറിഞ്ഞ് ഓടിച്ചതായി നാം കണ്ടിട്ടില്ല. ഇതാണു ഫാസിസം എന്ന് പറയുന്നത്. ഞങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനെ മുഴുവന്‍ ഇല്ലാതെയാക്കുക.

ഇനി എന്ത് നെറികെട്ട പണി ചെയ്തും കേരളം പിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സ്വയം കലാപങ്ങള്‍ സൃഷ്ടിക്കുകയും കലാപത്തിന്റെ ഉത്തരവാദിത്വം വേറെ ആരുടെയെങ്കിലും തലയില്‍ വെയ്ക്കുകയും ഒപ്പം വിധേയന്റെ വേദന വിവരിച്ചു കൊണ്ടും ജനങ്ങളില്‍ മാര്‍കിസ്‌ററ് വിരുദ്ധ വികാരം സൃഷ്ടിച്ചാണ് വിഷയത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ഇടപ്പെടാന്‍ പരിശ്രമിക്കുന്നത്.

തിരുവനന്തപുരത്ത് കലാപം ഉണ്ടാക്കി പിറ്റേ ദിവസം മുതല്‍ പാര്‍ലിമെന്റിലും, രാജ്യസഭയിലും കേരളത്തെയും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിക്കുകയാണു ചെയ്യുന്നത്. ഇതില്‍ നിന്ന് ഏവര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം ബി.ജെ.പി കേരളത്തെ പിടിക്കാനുള്ള കലാപ പരിശ്രമങ്ങള്‍ ആണു നടത്തുന്നത് എന്നതാണ്.

അരുണ്‍ ജെയ്റ്റ്‌ലി തിരുവന്തപുരത്ത് വന്നതും, ഇനി അമിത് ഷായും, ഇന്ത്യയിലെ ബി ജെ പിയിലെ മുഖ്യമന്ത്രിമാര്‍ എല്ലാം ചേര്‍ന്ന് തീവണ്ടിയാത്ര ചെയ്ത് പ്രചരണം നടത്താന്‍ തീരുമാനിക്കുന്നതും അവസാനം ഹിന്ദുമഹാസഭ നേതാവ് മോഹന്‍ ഭഗവത് കൊട്ടികലാശത്തിനായി എത്തുന്നതും കേരളത്തിന്റെ മതേതര മാറ് പിളര്‍ക്കാന്‍ ആണെന്ന് മലയാളി തിരിച്ച് അറിയണം.

ആര്‍.എസ്.എസിനു എതിരെ കൂടുതല്‍ യോജിപ്പ് വളര്‍ത്തുന്നതിനു പകരം തരം കിട്ടിയാല്‍ സി.പി.എമ്മിനെ കല്ലെറിയാനും, കളിയാക്കാനും പരിശ്രമിക്കുന്നവര്‍ അത് കോണ്‍ഗ്രസ് ആയാലും, സി.പി.ഐ യുടെ എറണാകുളം ജില്ല സെക്രട്ടറി പി.രാജു ആയാലും പക്വത വന്ന രാഷ്ട്രിയത്തിന്റെ ലക്ഷണങ്ങള്‍ അല്ല കാണിക്കുന്നത് പകരം മാര്‍കിസ്റ്റ് വിരുദ്ധ വികാരം മാത്രമാണ്.

സമാധാനത്തിന്റെ മെത്രാന്‍മാര്‍ ആയി ഒരു വശത്ത് പ്രചരണം നടത്തുന്ന ആര്‍.എസ.്എസ് മറുവശത്ത് അഖിലേന്ത്യ നേതാക്കളെ അണിനിരത്തി കലാപത്തിനു ഒരുങ്ങുകയാണ്. പക്ഷേ ആര്‍.എസ്.എസ് മനസിലാക്കാതെ പോകുന്നത് ഇത് കേരളമാണ് എന്നതാണു. എന്തെല്ലാം മാറ്റം കേരളത്തില്‍ വന്നാലും കേരളത്തിന്റെ മണ്ണിലും, വായുവിലും സാമൂഹ്യ വിമോചന പോരാട്ടത്തില്‍ കമ്യൂണിസ്റ്റ്കാരന്റെ ചോര വീണതിന്റെ മണം ഉണ്ട്.

ഇവിടുത്തെ രാഷ്ട്രീയവും, ഇവിടുത്തെ സംസ്‌ക്കാരവും, ഇവിടുത്തെ എല്ലാ ബന്ധുര-ബന്ധനങ്ങളും പോരാട്ടത്തിന്റെ ചുവ ഉള്ളതാണ്. മോഹന്‍ ഭഗവതും, അമിത് ഷായ്ക്കും അത് എളുപ്പം ഇല്ലാതാക്കുവാന്‍ കഴിയും എന്ന് ധരിക്കരുത്. കേരളം ഇതിനോട് എല്ലാം ശക്തിയായി പ്രതികരിക്കുക തന്നെ ചെയ്യും.

ഗുജറാത്തും, യു പി യും പിടിച്ച പോലെ കേരളത്തെ പിടിക്കാന്‍ ശ്രമിക്കുന്നത് ആനമണ്ടത്തരമാണ്, എന്നാല്‍ കമ്മ്യൂണിസ്റ്റുകാരും, ജനാധിപത്യവാദികളും, ഭൂരിപക്ഷ- ന്യൂനപക്ഷ മതേതരവാദികളും ലാഘവബുദ്ധിയോടെ കാണേണ്ടതല്ല ഇത്. അതിവിപുലമായി പ്രചരണവും, അതിവിപുലമായ പോരാട്ടവും കേരളത്തില്‍ വളര്‍ന്ന് വരേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here