ഇടത് സര്‍ക്കാരിനെ കേന്ദ്രം പിരിച്ചു വിടുമോ? കേന്ദ്രനീക്കങ്ങള്‍ക്ക്‌ കാതോര്‍ത്ത് ഇടത് സര്‍ക്കാര്‍

0
671

By മനോജ്‌ 
തിരുവനന്തപുരം: സിപിഎം ആശങ്കപ്പെടുന്നത് പോലെ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് കേരളത്തിലെ ഇടത് സര്‍ക്കാരിനെ കേന്ദ്രം പിരിച്ചു വിടുമോ? നിലവിലെ രാഷ്ട്രീയ അതിക്രമങ്ങളില്‍ കേന്ദ്രം കൈക്കൊള്ളുന്ന കര്‍ശന സമീപനവും, കേന്ദ്രധനമന്ത്രിയും കേന്ദ്രഭരണത്തിലെ ഉന്നതനുമായ അരുണ്‍ ജെയ്റ്റ്ലി തന്നെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വന്നു കൊല്ലപ്പെട്ട ആര്‍എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിച്ചതും, ജെയ്റ്റലിയുടെ പ്രസംഗവും, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ പി.സദാശിവം വിളിച്ചു വരുത്തിയതും എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ അത്തരമൊരു ആശങ്ക കേരളത്തിലെ ഇടത് സര്‍ക്കാരിനും, ഭരണത്തിലെ ഉന്നത പാര്‍ട്ടിയുമായ സിപിഎമ്മിനുമുണ്ട്.

മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാനയോഗത്തില്‍ ആശങ്ക രേഖപ്പെടുത്തി. കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ വലിയ രീതിയില്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാകുന്നു. ചെറിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പോലും വലിയ ചര്‍ച്ചയാകുന്നു. മുഖ്യമന്ത്രിയും ആശങ്കപ്പെടുന്നത് കേന്ദ്രനീക്കങ്ങളെ തന്നെയാണ്. കാരണം ഗവര്‍ണര്‍ വിളിച്ചു വരുത്തിയപ്പോള്‍ ചെയ്ത് ട്വീറ്റില്‍ കേരളത്തിലെ നിലവിലെ അവസ്ഥയെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനു റിപ്പോര്‍ട്ട് നല്‍കി എന്നാണ്. അതിലും ആശങ്കയ്ക്ക് വകയുണ്ട്.

രണ്ടു വര്‍ഷം മാത്രമേയുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പിന്. ക്രമസമാധാന പ്രശനവും, രാഷ്ട്രീയ സംഘരഷങ്ങളും ചൂണ്ടിക്കാട്ടി ഭരണം പിരിച്ചു വിട്ടാല്‍ കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് ഒരുമിച്ച് വരും. ആ സ്ഥിതി സിപിഎമ്മിനെ സംബന്ധിച്ച് ആശങ്കാകുലമാണ്. ഈ ആശങ്ക നിലനിര്‍ത്തിയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ സിപിഎം രാഷ്ട്രീയ അതിക്രമം ചൂണ്ടിക്കാട്ടി കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ കാല്‍നടജാഥ നയിക്കുന്നത്. കേരളത്തിലെ ഒരു ചെറു നേതാവല്ല അമിത് ഷാ. കേന്ദ്രവും, പതിനെട്ടോളം സംസ്ഥാനങ്ങളും ഭരിക്കുന്ന എന്‍ഡിഎയെ നിയന്ത്രിക്കുന്ന ബിജെപിയുടെ അധ്യക്ഷന്‍ ആണ്. അമിത് ഷാ കേരളത്തില്‍ ഉടനീളം കാല്‍നട ജാഥ നടത്തിയാല്‍ ദേശീയ മാധ്യമങ്ങള്‍ അത് ലൈവായി ലോകം മുഴുവന്‍ കാണിക്കും.

ആ ജാഥയ്ക്ക് ലഭിക്കുന്ന മാധ്യമ ശ്രദ്ധ സിപിഎമ്മിന്റെ എല്ലാ കണക്ക് കൂട്ടലുകള്‍ക്കും അപ്പുറം നില്‍ക്കുന്നതാണ്. ആ ജാഥയിലെ മുഖ്യ വിഷയമോ കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങളും. രാഷ്ട്രീയ അതിക്രമങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ കേരളാ ഭരണം പിരിച്ചു വിടാന്‍ ഉതകുന്ന രാഷ്ട്രീയ നീക്കങ്ങള്‍ നടത്താന്‍ അമിത്ഷായുടെ ഈ പ്രചാരണ ജാഥയ്ക്ക് കഴിയും. മന്നത്ത് പത്മനാഭന്റെ നെത്രുത്വത്തില്‍ 9158-ൽ തുടങ്ങിയ വിമോചനസമര ജാഥയാണ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പുറത്താക്കലില്‍ കലാശിച്ചത്.
ഈ വിമോചന സമരം ആര് മറന്നാലും സിപിഎം മറക്കുമോ? അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കുന്നതും മറ്റൊരു വിമോചന സമരമാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ അതിക്രമങ്ങളില്‍ നിന്നും കേരളത്തെ രക്ഷിക്കാനുള്ള മറ്റൊരു വിമോചന സമരമാണിത്. കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പോലും ഈ ഉദ്ദേശ്യശുദ്ധിയോടെയുള്ള ജാഥയെ പിന്തുണയ്ക്കും. അല്ലങ്കിലും സുധാകരന്‍ ബിജെപിയില്‍ ചേരുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തി പ്രാപിച്ച ഘട്ടം കൂടിയാണിത്. എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ സിപിഎമ്മും കേരളാ സര്‍ക്കാരും ആശങ്കപ്പെടാതിരിക്കുമോ? രാജേഷിന്റെ കൊലപാതകികളെ അന്നേ ദിവസം അറസ്റ്റ് ചെയ്തതും, എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും നടപടി സ്വീകരിച്ചതും ചൂണ്ടിക്കാട്ടി കേരളത്തില്‍ ഒന്നും സംഭവിക്കില്ലാ എന്നു ഭരണ-പാര്‍ട്ടി നേതൃത്വങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും ആശങ്ക നിലനില്‍ക്കുകയാണ്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്സ് ബുക്ക്‌ പോസ്റ്റും അത്തരം ഒരു ആശങ്കയിലേക്ക് വിരല്‍ ചൂണ്ടുകയാണ്. അരുൺ ജയ്‌റ്റ്ലിയുടെ സന്ദർശനം സി. പി. എമ്മിനെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുന്നു. എന്നുള്ളതിൻറെ തെളിവാണ് അദ്ദേഹത്തിനെതിരെയുള്ള കോടിയേരിയുടെ ഭള്ളുപറച്ചിൽ. സുരേന്ദ്രന്‍ ഏറ്റവും പുതിയ് ഫെയ്സ് ബുക്ക്‌ പോസ്റ്റില്‍ വിശദീകരിക്കുന്നു. സുരേന്ദ്രന്‍ പറയുന്നതും സിപിഎമ്മിന്റെ നീക്കങ്ങളും ഭരണതലത്തില്‍ നില്‍ക്കുന്ന ഇത്തരം ആശങ്കയിലേക്ക് വിരല്‍ ചൂണ്ടുന്നു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ഇടത് സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കേന്ദ്രഭരണവും -ആര്‍എസ്എസ് ബന്ധവും തമ്മിലുള്ള പാലമായി വര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ ഉന്നത് നേതാവ് ദത്താത്രേയ ഹൊസബല ആവശ്യപ്പെടുന്നു. കേരളത്തിലെ സംഘപരിവാര്‍ നേതൃത്വത്തെക്കൂടി ഞെട്ടിച്ചാണ് ഡല്‍ഹിയില്‍ നിന്നും ആര്‍എസ് എസ് ഉന്നത നേതാവ് ഈ പ്രസ്താവന നടത്തിയത്. ഇത് ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച പ്രധാന വാര്‍ത്തയും ആയിരുന്നു. പക്ഷെ സുപ്രീംകോടതി ജഡ്ജിയായിരുന്ന കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം കേന്ദ്ര ചട്ടുകമായി പ്രവര്‍ത്തിക്കില്ലാ എന്ന ഉറച്ച വിശ്വാസമാണ് പാര്‍ട്ടി നേതൃത്വത്തെ നയിച്ചിരുന്നത്.
പക്ഷെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ രീതിയും, ട്വീറ്റ്‌ ചെയ്തതില്‍ ഉപയോഗിച്ച സമണ്‍ എന്ന പ്രയോഗവും സിപിഎം നേതൃത്വത്തെ സംശയാലുക്കള്‍ ആക്കിയിട്ടുണ്ട്.ഗവര്‍ണറുടെ നിര്‍ദ്ദേശം അനുസരിച്ച് മുഖ്യമന്ത്രി ആര്‍ എസ് എസ്-ബിജെപി-സിപിഎം നേതാക്കളുടെ മാത്രം യോഗം വിളിച്ചു കൂട്ടുകയും, സംഘര്ഷ ജില്ലകളില്‍ ഈ യോഗം പ്രത്യേകം വിളിക്കുകയും സിപിഎം നേതാക്കള്‍ അതില്‍ എല്ലാം ഭാഗഭാക്കായതും സര്‍ക്കാരിനു പുതിയ പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്.
ഒപ്പം സര്‍വകക്ഷി യോഗവും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. പക്ഷെ മുന്‍പ് ഇടത് പക്ഷ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ട കാലവും, ഇപ്പോഴത്തെ കാലവും തീര്‍ത്തും വിത്യസ്തമാണെന്ന് പറയുന്നു ഇപ്പോഴത്തെ ഭരണപരിഷ്ക്കര കമ്മിഷന്‍ അംഗവും, മുന്‍ ചീഫ് സെക്രട്ടറിയുമായ സി.പി.നായര്‍. സുപ്രീം കോടതി ജഡ്ജിയായിരുന്ന ആളാണ്‌ ജസ്റ്റിസ് സദാശിവം. ഭരണഘടനാ വിദഗ്ദനും കൂടിയാണ്. അദ്ദേഹം വഴിവിട്ട ഒരു കളിക്കും നിന്ന് കൊടുക്കാന്‍ ഒരു സാധ്യതയുമില്ല. അദ്ദേഹം നിയമം അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യൂ. സി.പി.നായര്‍ 24 കേരളയോട് പറഞ്ഞു.
ഭരണഘടനാ പരമായും, നിയമപരമായും, രാഷ്ട്രീയമായും ഒരു സാധ്യതയും നിലവിലില്ല. 1959-ലെ സുപ്രീംകോടതിയല്ല ഇന്ന് ഉള്ളത്. ഒരുപാട് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സുപ്രീം കോടതി തന്നെ ഒരുപാട് മാനദണ്ഡങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. ഭരണഘടന ആര്‍ട്ടിക്കിള്‍ 163 സെക്ഷന്‍ 2 അനുസരിച്ച് ഗവര്‍ണര്‍ക്ക്‌ അതിനു അനുവാദമുണ്ട്. ഞാന്‍ ചീഫ് സെക്രട്ടറിയായിരുന്ന വേളയില്‍, ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഒട്ടനവധി തവണ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയിട്ടുണ്ട്. ഒരു പാടു തവണ മുഖ്യമന്ത്രി അങ്ങോട്ട്‌ പോയിട്ടുണ്ട്. അത് സാധാരണം മാത്രമാണ്. ഭരണഘടനാ പ്രകാരമുള്ള നടപടികള്‍ ആണത്. അതില്‍ ഒന്നും ഒരു അസ്വാഭാവികതയും കാണേണ്ടതില്ല. നമ്മുടെ ഗവര്‍ണര്‍ തുക്കടാ രാഷ്ട്രീയക്കാരന്‍ അല്ല. നമ്മുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ആളാണ്.

ഭരണഘടന വ്യാഖ്യാനിക്കുന്നത് സുപ്രീംകോടതിയാണ്. അവിടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ആളാണ്‌ ഗവര്‍ണര്‍ സദാശിവം. ഗവര്‍ണറുടെ അധികാരത്തില്‍പ്പെട്ട കാര്യമാണ് സദാശിവം ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിളിക്കുമ്പോള്‍ അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നു തിരിച്ചറിയുന്ന ആളാണ്‌ സദാശിവം. ഞാന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന 1996-98 കാലത്ത് ജസ്റ്റിസ് എസ്.എസ്.കാംഗ് ആയിരുന്നു ഗവര്‍ണര്‍. അദ്ദേഹത്തെ എത്ര തവണ ഞാനും, അന്നത്തെ മുഖ്യമന്ത്രി നായനാരും, ഞാനും വീണ്ടും വീണ്ടും കണ്ടത് ഒന്ന് കൂടി എടുത്ത് പറയുന്നു. സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം നിഷ്ക്കാസിതമാക്കുന്ന ഒരവസ്ഥയും നിലവില്‍ കേരളത്തിലില്ല. സി.പി.നായര്‍ പറയുന്നു.

മുന്‍ ചീഫ് സെക്രട്ടറിയായ സി.പി,.നായര്‍ ഇങ്ങിനെ പറയുന്നുണ്ടെങ്കിലും കേരളാ സര്‍ക്കാരും സിപിഎമ്മും ആശങ്കയില്‍ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി തലത്തില്‍ ശക്തമായ നിര്‍ദ്ദേശം നല്‍കി രാഷ്ട്രീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. പക്ഷെ ആശങ്കാജനകമായ രാഷ്ട്രീയ കാര്‍മേഘപടലങ്ങള്‍ കേരളത്തിലെ ഇടത് സര്‍ക്കാരിനു മേലെ പടര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയ അതിക്രമങ്ങളും കേന്ദ്ര ബിജെപിയുഎ രാഷ്ട്രീയ നീക്കങ്ങളും അതീവ ജാഗ്രതയോടെ സംസ്ഥാന സര്‍ക്കാര്‍ കാതോര്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here