ഓണത്തിനു കാര്‍ വാങ്ങിയാല്‍ കൈപൊള്ളും

0
112

കുതിച്ചുപായുമെന്നു കണക്കുകൂട്ടിയ ഇത്തവണത്തെ ഓണക്കാല വാഹന വിപണിയെ ജിഎസ്ടി തന്നെ തിരിഞ്ഞുകൊത്തി. ചരക്കു, സേവന നികുതി (ജിഎസ്ടി) വന്നതോടെ ഉടനടി വില കുറച്ച കാറുകള്‍ക്കു കുത്തനെ വില കൂടുമെന്നാണു റിപ്പോര്‍ട്ട്. കാറുകളുടെ നികുതി 15 ശതമാനത്തില്‍നിന്നും 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചതോടെയാണിത്. എസ്യുവികളും ഇടത്തരവും ആഢംബരവും ഹൈബ്രിഡും ഉള്‍പ്പെടെ എല്ലാത്തരം കാറുകള്‍ക്കും വില കൂടിയേക്കും.ഓഗസ്റ്റ് അഞ്ചിനു നടന്ന 20-ാം ജിഎസ്ടി യോഗത്തിലാണു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഉല്‍പാദനത്തിനും വില്‍പനയ്ക്കും മേലുള്ള കേന്ദ്ര-സംസ്ഥാന നികുതികള്‍ക്കു പകരമായി ജിഎസ്ടി വന്നതുവഴിയുണ്ടായ നികുതി കുറവാണു ഉപഭോക്താക്കള്‍ക്കു വിലക്കുറവായി കാര്‍ നിര്‍മാണ കമ്പനികള്‍ ജൂലായ് മാസത്തില്‍ നല്‍കിയത്. ജിഎസ്ടിയില്‍ 28 ശതമാനമാണു കാറുകളുടെ പരമാവധി നികുതി. നേരത്തേ 28 മുതല്‍ 45 ശതമാനം വരെയായിരുന്ന നികുതിയാണു നിലംതൊട്ടത്. ഇതോടെ വാഹനവിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടായി. 1200 സിസി പെട്രോള്‍ കാറുകള്‍ക്കു ഒരു ശതമാനവും 1500 സിസി ഡീസല്‍ കാറുകള്‍ക്കു മൂന്നു ശതമാനവുമാണു ജിസ്ടി. 1500 സിസിയില്‍ കൂടുതലുള്ള എസ്യുവികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 15നും 28നും ഇടയിലായിരുന്നു ജിഎസ്ടി.

ജിഎസ്ടി വന്നതോടെ 300 മുതല്‍ 30,000 രൂപ വരെ സാധാരണ കാറുകളുടെ വിലകുറഞ്ഞു. എസ്യുവി വിഭാഗത്തിലാണ് ജിഎസ്ടി മൂലം ഏറ്റവുമധികം വിലക്കുറവ് ഉണ്ടായത്. ആഢംബര കാര്‍ വിപണിയില്‍ ലക്ഷങ്ങളുടെ വിലക്കുറവുമുണ്ടായി. 10 ലക്ഷം രൂപയ്ക്കുമേല്‍ ഷോറൂം വിലയുള്ള കാറുകള്‍ക്ക് ഒരു ശതമാനം തുക ആഡംബര നികുതി അടയ്‌ക്കേണ്ടതുണ്ട്. ജിഎസ്ടി വന്നു വില താഴ്ന്നതോടെ പല മോഡലുകളും ആ ബാധ്യതയില്‍ നിന്നൊഴിവായി. ഇതാണു വിലക്കുറവിന് സഹായിച്ചത്. ഇതനുസരിച്ചു ഷോറൂം വില കുറയുമ്പോള്‍ റോഡ് നികുതിയും കുറയും.

കാറുകളുടെ വിലക്കുറവ് ഇങ്ങനെ

എന്‍ട്രി ലെവല്‍ കാറായ മാരുതി ഓള്‍ട്ടോയുടെ വിവിധ വകഭേദങ്ങള്‍ക്ക് 1612 രൂപ മുതല്‍ 3062 രൂപ വരെയും ഓള്‍ട്ടോ കെ10ന് 320 രൂപ മുതല്‍ 5203 രൂപ വരെയും ഹ്യുണ്ടായ് ഇയോണിനു 4600 രൂപ മുതല്‍ 9000 രൂപ വരെയും കൊച്ചി ഷോറൂം വില കുറഞ്ഞിരുന്നു. വാഗണ്‍ ആറിന്റെ മാനുവല്‍ ഗിയര്‍ മോഡലിന്റെ എല്ലാ വേരിയന്റുകള്‍ക്കും വില അഞ്ചു ലക്ഷം രൂപയില്‍ത്താഴെയായി. 12,869 രൂപ വരെ കുറവ്.

നിസാന്‍ മൈക്ര ആക്ടിവിനും വില അഞ്ചുലക്ഷത്തില്‍ താഴെയായി. ടാറ്റ ടിയാഗോയ്ക്ക് 14,000 മുതല്‍ 30,000 രൂപ വരെ വില കുറഞ്ഞു. മാരുതി ഡിസയറിന് ആദ്യ മാസം തന്നെ നേട്ടമുണ്ടായി. പെട്രോള്‍ വേരിയന്റിന് 7793 രൂപയും ഏറ്റവും ഉയര്‍ന്ന ഡീസല്‍ ഓട്ടമാറ്റിക് പതിപ്പിന് 13,880 രൂപയും പെട്രോള്‍ ഓട്ടമാറ്റിക്കിന് 14,784 രൂപയും വില കുറഞ്ഞു. വിറ്റാര ബ്രെസയ്ക്ക് 9808 രൂപ മുതല്‍ 13,943 രൂപയുടെ വരെ വിലക്കുറവുണ്ടായി.

ആഢംബര വിഭാഗത്തിലുള്ള ബിഎംഡബ്ല്യു 3 സീരീസിന്റെ ഷോറൂം വില 1.37 ലക്ഷം മുതല്‍ 2.03 ലക്ഷം വരെ കുറഞ്ഞു. 7-സീരീസിന്റെ ഓണ്‍-റോഡ് വിലയില്‍ എട്ടു ലക്ഷത്തിലേറെ രൂപയാണു കുറവുണ്ടായത്. ഔഡി മോഡലുകളുടെ ഷോറൂം വിലയില്‍ ഒന്നര ലക്ഷം രൂപ മുതല്‍ മുകളിലേക്കാണു വിലക്കുറവ്. എ8 സെഡാനു മൂന്നര ലക്ഷം രൂപയും ക്യു7 എസ്യുവിക്ക് അഞ്ചു ലക്ഷം രൂപയും കുറയുന്നു.

എസ്യുവി വിഭാഗത്തിലുള്ള ഫോഡ് ഇക്കോസ്‌പോര്‍ട്ടിന് 17,889 രൂപ മുതല്‍ 33,829 രൂപ വരെയും റെനോ ഡസ്റ്ററിന് 29,132 രൂപ മുതല്‍ 60,865 രൂപ വരെയും വില താഴ്ന്നു. നിസാന്‍ ടെറാനോയുടെ വില 40,000 രൂപ മുതല്‍ 50,000 രൂപ വരെ കുറച്ചു. ഹ്യുണ്ടായ് ക്രെറ്റയ്ക്ക് 31,000 രൂപ മുതല്‍ 77,000 രൂപ വരെയാണു വില കുറഞ്ഞത്. ട്യൂസോണിന് 1.12 ലക്ഷം രൂപ മുതല്‍ 1.47 ലക്ഷം രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഫോഡ് എന്‍ഡവറിന് 2.22 ലക്ഷം മുതല്‍ 3.48 ലക്ഷം വരെ കൊച്ചി ഷോറൂം വിലയില്‍ കുറവുണ്ടായി. ടാറ്റയുടെ ഹെക്‌സയ്ക്ക് 1.25 ലക്ഷം മുതല്‍ 1.76 ലക്ഷം രൂപ വരെ കുറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here