ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയെന്ന് മുഖ്യമന്ത്രി

0
68

ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്റ്റേറ്റ് സര്‍ക്കാരിന്റേതാണെന്നു സെറ്റില്‍മെന്റ് റജിസ്റ്ററിലുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും നിയമസഭയിലെ ചോദ്യോത്തരവേളയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചു.

ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥമുള്ള വിമാനത്താവളത്തിനു യോഗ്യമെന്ന് കണ്ടെത്തിയ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തു വിമാനത്താവളം നിര്‍മിക്കാമെന്നു റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അധ്യക്ഷനായ നാലംഗ ഉദ്യോഗസ്ഥ സമിതി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്.

ഫെബ്രുവരിയിലാണ് ശബരിമല തീര്‍ഥാടകര്‍ക്കായി ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. പഠനത്തിനു കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തിയിരുന്നു. ആറന്മുളയില്‍ നേരത്തേ വിമാനത്താവള നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും എതിര്‍പ്പുമൂലം ഉപേക്ഷിച്ചു. ഇതോടെയാണു മറ്റു സ്ഥലങ്ങള്‍ പരിഗണിച്ചത്. രണ്ടു ദേശീയ പാതകളുടെയും അഞ്ചു മരാമത്ത് റോഡുകളുടെയും സാമീപ്യം ചെറുവള്ളി എസ്റ്റേറ്റിനുണ്ട്. ഇവിടെനിന്നു ശബരിമലയ്ക്കു 48 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സിന്റെ കൈവശമുണ്ടായിരുന്ന എസ്റ്റേറ്റ് ബിലീവേഴ്സ് ചര്‍ച്ചിനു കൈമാറിയതു നിയമവിരുദ്ധമാണെന്നാണു സര്‍ക്കാരിന്റെ നിലപാട്. ഹാരിസണിന്റെ കൈവശമുണ്ടായിരുന്നതു സര്‍ക്കാര്‍ ഭൂമിയാണെന്ന നിലപാടിനെത്തുടര്‍ന്ന് അത് ഏറ്റെടുക്കാന്‍ 2015 മേയ് 28നു തീരുമാനിച്ചിരുന്നു. ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍ നോട്ടിസും നല്‍കി.

ഇതിനെതിരെ ഡോ.കെ.പി. യോഹന്നാന്‍ മെത്രാപ്പൊലീത്ത അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. എന്നാല്‍ ഹൈക്കോടതിയിലെ നിയമനടപടി പൂര്‍ത്തിയായാലേ ഭൂമി ഏറ്റെടുത്തു നിര്‍മാണം ആരംഭിക്കാനാകൂ. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ വരുന്ന സാഹചര്യത്തില്‍ ചെറുവള്ളിയില്‍ ഒരു എസ്റ്റേറ്റ് വരുന്നത് എന്തുകൊണ്ടും ഉപകാരപ്രദമായ ഒരു കാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here