കോട്ടയം: നടി ആക്രമണക്കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്ന നിര്‍മ്മാതാവ് ജി.സുരേഷ്കുമാര്‍ വീണ്ടും ദിലീപിനെ പിന്തുണച്ച് രംഗത്ത്. പള്‍സര്‍ സുനി എന്ന കുറ്റവാളിയുടെ വാക്ക് കേട്ട് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ പാടുണ്ടോ എന്നാണു സുരേഷ്കുമാർ ചോദിക്കുന്നത്.
കുറ്റവാളിയായ ആള് പറയുന്നതുകേട്ട് ആരോപണ വിധേയനെ അറസ്റ്റ് ചെയ്യാമോയെന്നും സുരേഷ്കുമാർ ചോദിച്ചു. പള്‍സര്‍ സുനി കൊടും കുറ്റവാളിയാണ്. അയാളുടെ വാക്ക് കേട്ടാണ് പോലീസ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പൾസർ സുനി പറയുന്നത് അതേപടി വിശ്വസിച്ച് ദിലീപിനെ പിടിച്ച് ജയിലിൽ ഇടുകയാണോ വേണ്ടത്? തെളിവിനായി പൊലീസ് ഇപ്പോൾ അലഞ്ഞു നടക്കുകയല്ലേ? അയാളുടെ വാക്കു കേട്ടല്ലേ ദിലീപിനെ അറസ്റ്റ് ചെയ്തത്? ഈ സംഭവത്തിൽ ദിലീപ് തെറ്റുകാരനല്ലെന്നു തനിക്കു പൂർണവിശ്വാസമുണ്ടെന്നും സുരേഷ്കുമാർ പറയുന്നു.
എന്റെ സിനിമയിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ദിലീപ് പിന്നീടാണ് അഭിനേതാവായതും ഈ നിലയിലെത്തിയതും. ദിലീപ് തനിക്ക് അനിയനെ പോലെയാണ്. എന്തു കാര്യമുണ്ടെങ്കിലും എന്നോട് പങ്കുവയ്ക്കുന്നയാളാണ് അദ്ദേഹം. ഞാനുമായി അത്രയ്ക്ക് അടുപ്പമുണ്ട്.
കേസിൽ മുഖ്യപ്രതിയായ സുനി 2011ലും ഇതേ കുറ്റം ചെയ്തിട്ടുണ്ട്. അതിനു മുൻപോ ശേഷമോ സമാനമായ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ആർക്കും അറിയുകയുമില്ല. 2011ൽ എന്റെ കുടുംബത്തിലുള്ള വ്യക്തിയോടുതന്നെ അവന് അപമര്യാദയായി പെരുമാറിയിട്ടുണ്ട്.
ഞാനും ജോണി സാഗരികയും ചേർന്നാണ് ഇതേ സുനിക്കെതിരെ പരാതി നൽകിയത്. ആ പരാതി പോലും ഇന്നു കാണാനില്ല. പൊലീസ് അന്ന് കര്‍ശന നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് അവൻ ഇങ്ങനെ ചെയ്യുമായിരുന്നോ? പൊലീസിന്റെ വീഴ്ചയല്ലേ ഇതൊക്കെ. സുരേഷ് കുമാര്‍ ചോദിക്കുന്നു.