പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

0
68

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ സമ്മേളനം ആദ്യ ദിവസം തന്നെ തടസപ്പെട്ടു. സംസ്ഥാനത്ത് അടുത്തിടെ നടന്ന അക്രമ സംഭവങ്ങളും കൊലപാതകങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ നിരസിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മെഡിക്കല്‍ കോഴ ആരോപണം ഉയര്‍ന്നതോടെ പ്രതിരോധത്തിലായ ബിജെപി അതിനെ മറികടക്കുന്നതിനാണ് പുതിയ പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങള്‍ നടത്തുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു.

അതേസമയം, മെഡിക്കല്‍ കോഴ അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നതായി നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. കോഴയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അന്വേഷണം തൃപ്തികരമാണെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമായ ഘട്ടത്തില്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അക്രമസംഭവത്തില്‍ കക്ഷിഭേദമന്യേ മുഖം നോക്കാതെ നടപടിയെടുക്കും. പൊലീസ് നോക്കുകുത്തിയാണെന്ന വാദം ശരിയല്ല. കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ക്രമസമാധാനത്തില്‍ കേരളം മുന്നിലാണെന്നും പിണറായി വിശദീകരിച്ചു.പ്രതിപക്ഷ ബഹളത്തിനിടയില്‍ കേരള കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാലും സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയും തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here