ബി.ജെ.പി നേതാവ് ആബുംലന്‍സ് തടഞ്ഞിട്ടു; ചികിത്സ കിട്ടാതെ രോഗി മരിച്ചു

0
79

ബി.ജെ.പി നേതാവിന്റെ കാറില്‍ ഇടിച്ച രോഗിയുമായി പോകുന്ന ആംബുലന്‍സ് റോഡില്‍ തടഞ്ഞിട്ടു. അപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം നീണ്ടപ്പോള്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഹരിയാനയിലെ ഫത്തേഹ്പൂരില്‍ നിന്നുള്ള ബി.ജെ.പി കൗണ്‍സിലര്‍ ദര്‍ശന്‍ നാഗ്പാലിന്റെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന 42 കാരനായ നവീന്‍ സോണിയാണ് ചികിത്സ വൈകിയതുമൂലം മരിച്ചത്.

ഞായറാഴ്ച വൈകിട്ടാണ് സംഭവം. ദര്‍ശന്‍ സഞ്ചരിച്ച കാറില്‍ ആംബുലന്‍സ് ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചിട്ടും നിര്‍ത്താതെ പോയ ആംബുലന്‍സിനെ മറികടന്ന് വാഹനം കുറുകെയിട്ട് തടഞ്ഞു നിര്‍ത്തി നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവറുമായും രോഗിയുടെ ബന്ധുക്കളുമായും ദര്‍ശന്‍ ഏറെനേരം വാക്കേറ്റം നടത്തി. തര്‍ക്കം അരമണിക്കൂറോളം നീണ്ടതിനാല്‍ രോഗിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകുകയും ചികിത്സ കിട്ടാതെ മരിക്കുകയുമായിരുന്നു. രോഗി ഗുരുതരാവസഥയിലാണെന്ന് അറിയിച്ചിട്ടും തങ്ങളെ പോകാന്‍ അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തര്‍ക്കത്തിനൊടുവില്‍ രോഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും 15 മിനിറ്റ് നേരത്തെ എത്തിയിരുന്നെങ്കില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചേനെയെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. നവീന്റെ മരണത്തിന് കാരണക്കാരന്‍ ദര്‍ശനാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ദര്‍ശന്‍ നിഷേധിച്ചു. താന്‍ ആംബുലന്‍സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. സേവനത്തില്‍ വിശ്വസിക്കുന്ന പൊതുപ്രവര്‍ത്തകനായ തനിക്ക് എങ്ങനെയാണ് ആംബുലന്‍സ് നിര്‍ത്താന്‍ ആവശ്യപ്പെടാന്‍ സാധിക്കുന്നതെന്നും ദര്‍ശന്‍ ചോദിക്കുന്നു. സംഭവം അന്വേഷിക്കുമെന്നും ഇരു കക്ഷികളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് സീനിയര്‍ ഓഫീസ് ജഗദീഷ് ചന്ദ്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here