സ്ത്രീകള്‍ക്ക് പറ്റിയ പണിയല്ല ഐടി: എഞ്ചിനീയറുടെ കുറിപ്പ് വിവാദത്തിലേക്ക്

0
104

ഐടി സ്ത്രീകള്‍ക്ക് പറ്റിയ പണിയല്ല എന്ന ഗൂഗിളിലെ മുതിര്‍ന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ കുറിപ്പ് വിവാദമാവുന്നു. ഗൂഗിളില്‍ ലിംഗ സമത്വത്തിന്റെ ആവശ്യമില്ലെന്നാണ് എഞ്ചിനീയറുടെ കുറിപ്പ്. ലിംഗ/ വര്‍ണ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള ഗൂഗിളിന്റെ പദ്ധതികളെ വിമര്‍ശിച്ചുകൊണ്ടുള്ള എഞ്ചിനീയറുടെ കുറിപ്പ് ഗൂഗിളനകത്ത് തന്നെ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കി.

‘സാങ്കേതിക രംഗത്ത് സ്ത്രീ സാന്നിധ്യം കുറവാകുന്നതിന് കാരണം ജോലിസ്ഥലത്തെ പക്ഷപാതിത്വമോ വിവേചനമോ അല്ല. ആണും പെണ്ണും തമ്മിലുള്ള ശാരീരിക മാനസിക പ്രത്യേകതകളാണ്. അതിനെ ലിംഗവിവേചനം എന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം’.’ ഗൂഗിള്‍സ് ഐഡിയോളജിക്കല്‍ എക്കോ ചേമ്പര്‍’ എന്ന് പേരിട്ടിരിക്കുന്ന കുറിപ്പില്‍ അദ്ദേഹം പറയുന്നു.

സ്ത്രീകള്‍ക്ക് നല്ലത് സാമൂഹ്യരംഗത്തോ കലാരംഗത്തോ പ്രവര്‍ത്തിക്കുന്നതാണ് സ്ത്രീകള്‍ക്ക് അഭികാമ്യമെന്നും പേരുവെളിപ്പെടുത്താത്ത ഈ ഗൂഗിള്‍ എഞ്ചിനീയര്‍ അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നുണ്ട്. പത്ത് പേജുകളുള്ള ഈ കുറിപ്പിന്റെ പൂര്‍ണരൂപം ഗിസ്മോഡോ ഡോട്ട് കോം പുറത്തുവിട്ടിട്ടുണ്ട്.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ കുറിപ്പ് വാര്‍ത്തയായതോടെ വലിയ പ്രതിഷേധമാണ് ഈ കുറിപ്പിനെതിരെ ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഗൂഗിളിന്റെ ഡൈവേഴ്സിറ്റി ഇന്റഗ്രിറ്റി ആന്റ് ഗവേണന്‍സിന്റെ പുതിയ മേധാവി ഡാനിയേല്‍ ബ്രൗണ്‍ വിശദീകരണവുമായി രംഗത്തെത്തി.

‘സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഗൂഗിളില്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ലൈംഗികതയെ സംബന്ധിച്ച് തെറ്റായ നിരീക്ഷണമാണ് വിവാദമായ കുറിപ്പിലുള്ളത്. ഈ കുറിപ്പ് ഒരിക്കലും ഗൂഗിളിന്റെ ഔദ്യോഗിക അഭിപ്രായമോ നിലപാടോ അല്ല. വൈവിധ്യവും ഐക്യവും ഗൂഗിള്‍ പിന്തുടരുന്ന മൂല്യങ്ങളുടെ പ്രധാന ഘടകങ്ങളാണ്. അത് തന്നെയാണ് സ്ഥാപനത്തിന്റെ വിജയത്തിനാധാരവും. അതുകൊണ്ടു തന്നെ നാനാത്വത്തിനും ഐക്യത്തിനും വേണ്ടി ഗൂഗിള്‍ നിലകൊള്ളുകയും അത് തുടരുകയും ചെയ്യും’. മദര്‍ബോഡ് എന്ന ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ട ഡാനിയേല്‍ ബ്രൗണിന്റെ പ്രതികരണ കുറിപ്പില്‍ പറയുന്നു.

ഗൂഗിളില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ടെന്നും, ശമ്പളവിതരണത്തിന്റെ കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്നും. ഈ വിഷയത്തില്‍ ഗൂഗിള്‍ നിയമലംഘനം നടക്കുന്നുണ്ടെന്നുമുള്ള അമേരിക്കന്‍ തൊഴില്‍ വകുപ്പിന്റെ കണ്ടെത്തല്‍ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കണ്ടെത്തലുകളെ ഗൂഗിള്‍ അന്ന് നിഷേധിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here