ഇറോം ഷർമ്മിള വീട്ടുതടങ്കലിൽ

0
13658

ഇറോം ഷർമ്മിളയെ ബന്ധപ്പെടാൻ ഇപ്പോൾ ആർക്കും ഒരു വഴിയും ഇല്ലാതായിരിക്കുന്നു. കൊടൈക്കനാലിൽ എത്തിയ മാധ്യമ പ്രവർത്തകർക്കും അവിടെയുള്ളവർക്കും ഇപ്പോൾ അവരെ കാണാൻ കഴിയുന്നില്ല. ഡസ്മണ്ട് കുടിനോ അനുവാദം നിഷേധിക്കുകയാണ്. അമ്മ സഖീ ദേവി അടക്കമുള്ള ഇറോമിന്റെ ബന്ധുക്കളും നേരിടുന്നത് സമാന സ്ഥിതിയാണ്.

by അനീഷ് ഐക്കുളത്ത്


മണിപ്പൂർ സമര നായിക ഇറോം ഷർമ്മിള തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ തികച്ചും ഒറ്റപ്പെട്ട് വീട്ടു തടങ്കലിലായിട്ട് നാല് മാസം പിന്നിട്ടു. മണിപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് രാഷ്ട്രീയം ഉപേക്ഷിച്ച ഇറോം ഷർമ്മിള കേരളത്തിലെ സ്‌നേഹ നിർഭരമായ സ്വീകരണങ്ങൾക്കു ശേഷം ഏകാന്ത വാസത്തിനായി തെരഞ്ഞെടുത്ത സ്ഥലം കൊടൈക്കനാലായിരുന്നു. ഇവിടെ പൊരുമാൾ മലക്കടുത്ത ബോഡിജെന്റോ ആശ്രമത്തിൽ കഴിയുന്നതിനിടയിലാണ് കാമുകൻ ഡെസ്മണ്ട് കുടിനോ ഇവരെത്തേടി കൊടൈക്കനാലിൽ എത്തിയത്. പിന്നീട് കൊടൈക്കനാലിൽ തന്നെ മറ്റൊരിടത്തേയ്ക്ക് ഇവർ താമസം മാറ്റി. ഒന്നിച്ച് കഴിയുകയായിരുന്ന ഇവരുടെ വിവാഹം ഒരു മാസത്തിനകം നടക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ കൊടൈക്കനാലിലെ സാമൂഹ്യ പ്രവർത്തകനായ മഹേന്ദ്രൻ ഇവരുടെ വാഹത്തിന് സമ്മതം നൽകാൻ പാടില്ല എന്നാവശ്യപ്പെട്ട് സബ് രജിസ്ട്രാർ ഓഫീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ ഇറോം ഒരു ദിവസം മാത്രമാണ് ഇവിടുത്തെ മാധ്യമങ്ങളെ കണ്ടത്. അതാവട്ടെ തന്റെ വിവാഹ തീരുമാനം അറിയിക്കാൻ വേണ്ടി. ഇവരുടെ പ്രതിശ്രുത വരൻ അയർലൻഡ് സ്വദേശി ഡസ്മണ്ട് വന്നതിന് ശേഷമാണ് ഷർമ്മിളയെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല എന്ന പരാതി ഉയർന്നത്.

മണിപ്പൂരിലെ പട്ടാളത്തിന് നൽകിയിരുന്നു പ്രത്യേക അധികാര നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മനുഷ്യ ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം നീണ്ട 16 വർഷക്കാലം നിരാഹാരസമരം നടത്തിയ മണിപ്പൂരിന്റെ ഉരുക്കു വനിതക്ക് ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇറോം ഷർമ്മിളയെ ബന്ധപ്പെടാൻ ഇപ്പോൾ ആർക്കും ഒരു വഴിയും ഇല്ലാതായിരിക്കുന്നു. കൊടൈക്കനാലിൽ എത്തിയ മാധ്യമ പ്രവർത്തകർക്കും അവിടെയുള്ളവർക്കും ഇപ്പോൾ അവരെ കാണാൻ  കഴിയുന്നില്ല. ഡസ്മണ്ട് അനുവാദം നിഷേധിക്കുകയാണ്. അനുവാദം കിട്ടുന്ന അപൂർവ്വ അവസരങ്ങളിൽ ഷർമ്മിളയോടുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് ഡസ്മണ്ടാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് മാധ്യമ പ്രവർത്തകർ ഡസ്മണ്ടുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഷർമ്മിളയുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകുന്നില്ല. അമ്മ സഖീദേവി അടക്കമുള്ള ഇറോമിന്റെ ബന്ധുക്കളും നേരിടുന്നത് സമാനസ്ഥിതിയാണ്. മകളോട് സംസാരിക്കണമെന്ന സഖീദേവിയുടെ ആഗ്രഹം അനുവദിക്കപ്പെട്ടിട്ടില്ല. ഫോൺ എടുക്കുന്നത് ഇയാളാണ്. പലരോടും മോശമായി പെരുമാറുന്നതായി പരാതിയുമുണ്ട്.

അയർലണ്ട് പൗരനായ കുടിനോയെ ഇറോം ഷർമ്മിളയുടെ സമരത്തെ പൊളിക്കാൻ ഇന്ത്യൻ പട്ടാളം അയച്ച ചാരനായിട്ടാണ് മണിപ്പൂർ ജനത ഇപ്പോഴും കരുതുന്നത്. 2009 മുതൽ തുടങ്ങിയ കുടിനോയുടെ ജയിൽ സന്ദർശനത്തിന് ശേഷമാണ് ഷർമ്മിളയുടെ സമരത്തിന് തീവ്രത കുറഞ്ഞതെന്ന് അവരിപ്പോഴും കരുതുന്നു. ഡസ്മണ്ട് മണിപ്പൂരിൽ എത്തിയപ്പോഴൊക്കെ അയാളുമായി പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളതായി മണിപ്പൂരികൾ പറയുന്നു. ഏറ്റവും ഒടുവിൽ 2014ൽ ഇംഫാലിൽ വച്ചുണ്ടായ ഒരു വഴക്കിനെത്തുടർന്ന് ഡസ്മണ്ടിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ഡസ്മണ്ടിന്റെ ഓരോ നീക്കത്തിലും മണിപ്പൂരി ജനതയ്ക്ക് സംശയങ്ങളുണ്ട്. ഏറ്റവും ഒടുവിൽ ഷർമ്മിളയും ഡസ്മണ്ടുമായിട്ടുള്ള വിവാഹ തീരുമാനത്തെ മണിപ്പൂരികൾ ഒന്നടങ്കം എതിർക്കാൻ കാരണവും ഇയാൾ റോയുടെ ചാരനാണ് എന്ന സംശയം തന്നെയാണ്.

16 വർഷക്കാലം ഏകാന്ത വാസത്തിന് ശേഷം പുറത്തിറങ്ങിയ ഇറോം ആൾക്കൂട്ടങ്ങളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മണിപ്പൂരിൽ അവർ സജീവമായി ആൾക്കൂട്ടങ്ങൾക്കൊപ്പമായിരുന്നു. അടുത്തിടെ കേരളത്തിൽ എത്തിയപ്പോഴും ആൾക്കൂട്ടക്കാഴ്ചകളിൽ അവർ സന്തുഷ്ടയായിരുന്നു. എന്നാൽ ഇപ്പോൾ കഴിഞ്ഞ നാല് മാസക്കാലമായി ആരോടും ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ട് കൊടൈക്കനാലിലെ കൊടും തണുപ്പിൽ കഴിയുകയാണ്. ഡസ്മണ്ടിന്റെ നീക്കങ്ങളിൽ അവർ അസ്വസ്ഥതയാണോ എന്ന് അന്വേഷിക്കാൻ പറ്റാത്ത നിലയിലാണ് അവരുടെ അഭ്യുദയകാംക്ഷികൾ.

മനുഷ്യാവകാശ പ്രവർത്തകരും മാധ്യമങ്ങളും ഇറോം ഷർമ്മിളയുടെ ഇപ്പോഴത്തെ ഒളിവ് ജീവിതത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ സമര നായികയുടെ ജീവിതം ദുരൂഹമാക്കിയ ഡസ്മണ്ട് കുടിനോയെത്തേടി ചില മണിപ്പൂരികൾ കൊടൈക്കനാലിലേയ്ക്ക് വൈകാതെ എത്തുമെന്നും വാർത്തകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here