ഉചിതമായ അകലത്തില്‍ രാമജന്മഭുമിയില്‍ പള്ളിപണിയാമെന്ന് ഷിയ വഖഫ് ബോര്‍ഡ്

0
82

അയോധ്യയില്‍ രാമജന്മഭൂമിയില്‍നിന്ന് ഉചിതമായ അകലത്തില്‍ പള്ളി പണിയാമെന്ന് ഷിയ വഖഫ് ബോര്‍ഡ്. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. ക്ഷേത്രവും പള്ളിയും ഒരിടത്തു നിര്‍മിച്ചാല്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടാകാം. ബാബ്‌റി മസ്ജിദ് ഷിയ വഖഫിന്റെ കീഴിലായതിനാല്‍ സമാധാന കരാറിലെത്തേണ്ടതു തങ്ങളുടെ ചുമതലയാണെന്നും ബോര്‍ഡ് വ്യക്തമാക്കി.

സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിയും മറ്റു തല്‍പ്പരകക്ഷികളും യോഗം ചേര്‍ന്നു ദശകങ്ങള്‍ നീണ്ട തര്‍ക്കത്തിനു സൗമ്യമായ പരിഹാരം ഉണ്ടാക്കണം. ഈ സംഘത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നും നോമിനികള്‍ ഉണ്ടാകണമെന്നും ഷിയ വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു. കേസില്‍ ഈ മാസം 11ന് കോടതി വാദം കേള്‍ക്കും.

1992 ഡിസംബര്‍ ആറിനാണ് ബാബ്‌റി മസ്ജിദ് തര്‍ക്കപ്പെട്ടത്. 2010ല്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് തര്‍ക്കഭൂമി മൂന്നായി വിഭാഗിച്ചിരുന്നു. രാംജന്മഭൂമി, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നിങ്ങനെയാണ് ഭൂമി വിഭജിച്ചു നല്‍കിയത്. അതേസമയം, സുന്നി ബോര്‍ഡിനു നല്‍കിയ തര്‍ക്ക ഭൂമിയില്‍ ഭൂരിഭാഗവും തങ്ങളുടേതാണെന്നാണ് ഷിയ വിഭാഗത്തിന്റെ വാദം.

അതേസമയം, ഇത് അപ്പീല്‍ മാത്രമാണെന്നും സത്യവാങ്മൂലത്തിനു നിയമത്തിനു മുന്നില്‍ ഒരു വിലയുമില്ലെന്നും ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി മേധാവി സഫാര്യബ് ജിലാനി വ്യക്തമാക്കി. അതിനിടെ, ഷിയ വഖഫ് ബോര്‍ഡിന്റെ ഇടപെടല്‍ ദൈവം അയച്ചതാണെന്നു കരുതുന്നതായി സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here