ഉഴവൂര്‍ വിജയന്റെ മരണത്തിനു പിന്നിലെന്ത്? ഏതെങ്കിലും ആസൂത്രകര്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ?

0
3205

തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണത്തിനു പിന്നിലെന്ത്? മാനസികമായി തളര്‍ത്തി ഉഴവൂരിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ എന്‍സിപിയിലെ ഒരു വിഭാഗം നടത്തിയോ? പാര്‍ട്ടിയിലെ ഒരു വിഭാഗത്തില്‍ നിന്നും ഏറ്റ കടുത്ത മാനസിക പീഡനങ്ങള്‍ താങ്ങാന്‍ കഴിയാതെയാണോ ഉഴവൂര്‍ മരണത്തിനു മുന്നില്‍ കീഴടങ്ങിയത്?

എന്താണ് ഉഴവൂരിന്റെ മരണത്തിനു പിന്നില്‍ ഉള്ളത്? പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്ന ആരോപണം ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ച് നടത്തിയ ഭീഷണിയാണ് ഉഴവൂരിന്റെ മരണത്തിനു പിന്നില്‍ എന്നാണ്.

ആ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്‍സിപി മുൻ സംസ്ഥാന കമ്മിറ്റി അംഗവും ഉഴവൂർ വിജയ​ന്‍റെ സന്തതസഹചാരിയുമായിരുന്ന സതീഷ് കല്ലക്കുളമാണ്. ഉഴവൂര്‍ കൈമാറിയ ഭീഷണിയുടെ ഓഡിയോ ക്ലിപ്പ് സഹിതമാണ് സതീഷ്‌ രംഗത്ത് തുടരുന്നത്.

സരസനും, നര്‍മ്മ രാഷ്ട്രീയ പ്രഭാഷകനുമായ ഉഴവൂര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ തളരുന്ന ആളാണ് എന്നു പാര്‍ട്ടിക്കുള്ളിലെ അന്തപുര രഹസ്യങ്ങളില്‍ ഒന്നാണ്. അപ്പോള്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയനാക്കി ഉഴവൂരിനെ ഇല്ലാതാക്കുകയായിരുന്നോ എന്‍സിപിയിലെ ശക്തമായ ഒരു ഗ്രൂപ്പ്സു?

സുള്‍ഫിക്കര്‍ മയൂരിയുടെ സംഭാഷണം അടങ്ങിയ ഓഡിയോ ക്ലിപ്പ് പ്രചരിക്കാന്‍ തുടങ്ങിയതോടെ ഉഴവൂരിന്റെ മരണത്തിനു ആധാരമായ സംഭവങ്ങള്‍ അന്വേഷിക്കണം എന്നു ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസും, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി.ജോര്‍ജും രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ ഉഴവൂരിന്റെ മരണം അന്വേഷിക്കണം എന്നു രാഷ്ട്രീയ കേരളം ആവശ്യമുന്നയിച്ചിരിക്കുകയാണ്.

എന്താണ് പാര്‍ട്ടിക്കുള്ളില്‍ ഉഴവൂരിനു സംഭവിച്ചത്? ഒരുകാലത്ത് ശക്തമായിരുന്ന എന്‍സിപിയിലെ ഉഴവൂര്‍ ഗ്രൂപ്പ് ഈ അടുത്ത കാലത്ത് ഒന്നൊന്നാകെ ഇല്ലാതായത് ഒട്ടു വളരെ സംശയങ്ങളോടെ മാത്രമേ കാണാന്‍ കഴിയൂ. ഉഴവൂര്‍ ഗ്രൂപ്പിലെ ശക്തനായിരുന്ന, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ വിശ്വസ്തനായിരുന്ന ജിമ്മി ജോര്‍ജ് ബംഗ്ലൂരിലെ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയിലേക്ക്  നടന്നാണ് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോയത്. ഓപ്പറേഷന്‍ കഴിഞ്ഞു ജിമ്മി ജോര്‍ജ് തിരിച്ചു വന്നില്ല.

ആ പ്രസരിപ്പുള്ള ചിരി മാത്രം ബാക്കിവെച്ചു ജിമ്മി ജോര്‍ജ് യാത്രയായി. ഉഴവൂരിന്റെ വിശ്വസ്തനായ എ.കെ.ശശീന്ദ്രന്‍ ഹണിട്രാപ്പില്‍ കുടുങ്ങി മന്ത്രി പദവി വിട്ടൊഴിഞ്ഞു. ശശീന്ദ്രനെ കുരുക്കിയതാണ് എന്നു പരസ്യമായ രഹസ്യം. ജിമ്മി ജോര്‍ജ് പോയി, ശശീന്ദ്രന് മന്ത്രി പദവി നഷ്ടമായി. മൂന്നാമത് ഉഴവൂര്‍ ആയിരുന്നു.

മാനസികമായുള്ള ഉഴവൂരിന്റെ ദുര്‍ബലതയില്‍ കുരുക്കിയാണ് ഉഴവൂരിനെ ഇല്ലാതാക്കിയത്. അല്ലെങ്കില്‍ ഉഴവൂര്‍ ഇല്ലാതായത്. അതിനു കാരണഭൂതനായത് ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറെഷന്‍ ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരിയുടെ കടുത്ത ആക്ഷേപവും ഭീഷണിയും കലര്‍ന്ന സംസാരവും.

ആ സംസാരം കേട്ട് ഉഴവൂര്‍ തകര്‍ന്നു പോയി എന്നാണു പാര്‍ട്ടിക്കുള്ളിലെ അണിയറ വൃത്തങ്ങളില്‍ നിന്ന് 24 കേരളയ്ക്ക് അറിയാന്‍ കഴിഞ്ഞത്. രക്തസമ്മര്‍ദ്ദം കൂടി കുഴഞ്ഞുപോയി. എന്നെ കൊല്ലടാ, എന്നിട്ട് തിന്ന് എന്നു ഉഴവൂര്‍ അസ്വസ്ഥനായി പ്രതികരിച്ചു എന്നാണു പുറത്ത് വന്ന വിവരം. അത്രയ്ക്ക് അസഹ്യമായ സംഭാഷണമായിരുന്നു അത് എന്നു ഉഴവൂരിനോടു അടുപ്പമുള്ളവര്‍ പറയുന്നു.

കുറച്ചു കാലമായി പാര്‍ട്ടിക്കുള്ളില്‍ ഉഴവൂരിനു കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായ തോമസ്‌ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള ഗ്രൂപ്പ് ആണ് ഉഴ്വൂരിന്റെ പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍. വളരെ ശക്തമായ ഗ്രൂപ്പ് ആണിത്.

പാര്‍ട്ടിക്കുള്ളില്‍ കരുത്തനായിരുന്ന തോമസ്‌ ചാണ്ടിയുടെ പ്രശ്നം മന്ത്രി പദവി തന്നെ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇടത് ഭരണം എന്നത് ഉറപ്പായിരിക്കെ കുട്ടനാട് എംഎല്‍എയായ തോമസ്‌ ചാണ്ടി തന്റെ വിജയവും, ഇടത് വിജയവും ചേര്‍ത്ത് വായിച്ചിരുന്നു. ജയിച്ചാല്‍ താന്‍ മന്ത്രി എന്നു തോമസ്‌ ചാണ്ടി അന്നുതന്നെ പ്രഖ്യാപനം നടത്തിയിരുന്നു.

പാര്‍ട്ടിക്കുള്ളിലും, ഇടത് മുന്നണിയിലും കടുത്ത് എതിര്‍പ്പ് ഉയര്‍ത്തിയ പ്രഖ്യാപനമായിരുന്നു തോമസ്‌ ചാണ്ടിയുടെത്. കുട്ടനാട് എംഎല്‍യായി ജയിച്ചു വന്നപ്പോള്‍ തോമസ്‌ ചാണ്ടി മന്ത്രി പദവി ലക്ഷ്യമായി നീങ്ങി. രണ്ടു എംഎല്‍എമാര്‍ എന്‍സിപിക്ക് ഉണ്ടായിരുന്നു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എ.കെ.ശശീന്ദ്രനും, വ്യവസായിയായ തോമസ്‌ ചാണ്ടിയും. അന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂര്‍ വിജയന്‍ പക്ഷെ ശശീന്ദ്രനെ അനുകൂലിച്ച് നിലകൊണ്ടു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന് മന്ത്രി പദവി എന്ന തീരുമാനം ഒടുവില്‍ പാര്‍ട്ടി നേതൃത്വവും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറും കൈക്കൊണ്ടു.

മന്ത്രി പദവി കൈകളില്‍ നിന്ന് പോവുകയാണെന്ന് മനസിലാക്കിയ തോമസ്‌ ചാണ്ടി രണ്ടര വര്‍ഷം എന്ന വാദം ഉയര്‍ത്തി. പക്ഷെ അതും ഒടുവില്‍ നിരസിക്കപ്പെട്ടു. അതില്‍ കടുത്ത അമര്‍ഷം തോമസ്‌ ചാണ്ടി വച്ചു പുലര്‍ത്തിയിരുന്നു. തോമസ്‌ ചാണ്ടിക്കൊപ്പമുള്ള മാണി സി കാപ്പനെ നിയമസഭാ തിരഞ്ഞടുപ്പില്‍ തോല്‍പ്പിക്കാന്‍ അന്ന് എന്‍സിപിയില്‍ കരുത്തനായ ജിമ്മി ജോര്‍ജ് ശ്രമിച്ചു എന്നു തോന്നി തുടങ്ങിയപ്പോഴാണ് മാണി സി കാപ്പന്‍ ഉഴ്വൂരുമായി ശത്രുത പുലര്‍ത്തി തുടങ്ങിയത്.

ഇപ്പോള്‍ ഉഴ്വൂരിനെ വിളിച്ച് ഭീഷണിപ്പെടുത്തി എന്നു ആരോപിക്കപ്പെടുന്ന സുള്‍ഫിക്കര്‍ മയൂരി തോമസ്‌ ചാണ്ടി-മാണി സി കാപ്പന്‍ വിഭാഗത്തിന്റെ വിശ്വസ്തനാണ്. സുള്‍ഫിക്കര്‍ മയൂരിയുടെ ശത്രു പക്ഷത്ത് നില്‍ക്കുന്ന ഒരാളുടെ വീട് പാലുകാച്ചല്‍ ചടങ്ങിനു എന്‍സിപി പ്രസിഡന്റ്റ് ആയ ഉഴവൂര്‍ പങ്കെടുത്തു  എന്നതാണ് സുള്‍ഫിക്കര്‍ മയൂരിയെ പ്രകോപിപ്പിച്ചത്. ഈ സംസാരമാണ് ഉഴവൂരിന്റെ മരണത്തിനു കാരണമായത് എന്നാണു ആക്ഷേപം.

ഉഴവൂര്‍ മാത്രമല്ല ഉഴവൂര്‍ ഗ്രൂപ്പ് ഒന്നാകെ ഇല്ലാതായതാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും സംശയങ്ങള്‍ ഉയരാന്‍ കാരണം. കാരണം ഉഴ്വൂരിന്റെ വിശ്വസ്തനായിരുന്ന എ.കെ.ശശീന്ദ്രന്‍ എംഎല്‍എയായി തുടരുന്നുണ്ടെങ്കിലും ഹണി ട്രാപ്പില്‍ കുടുക്കിയതോടെ അദ്ദേഹം രാഷ്ട്രീയമായി ഇല്ലാതാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

എന്‍സിപിയിലെ ഉഴവൂര്‍ ഗ്രൂപ്പിനെ ഇല്ലാതാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ആസൂത്രണം നടന്നോ എന്ന സംശയമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത്. ഉഴ്വൂരും, ജിമ്മി ജോര്‍ജും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. എ.കെ.ശശീന്ദ്രനെയും അസ്തമിപ്പിച്ചിരിക്കുന്നു. ആരാണ് ഇതില്‍ കരുക്കള്‍ നീക്കിയത് എന്നാണു സംശയം ഉയരുന്നത്.

വലിയ ആസൂത്രണം തന്നെ ഉഴവൂര്‍ ഗ്രൂപ്പിനെ ഇല്ലാതാക്കാന്‍ നടന്നോ എന്നാണു അറിയാനിരിക്കുന്നത്. കാരണം ഉഴവൂരിന്റെ മരണ വിവരം അറിഞ്ഞിട്ടും മന്ത്രിയായ തോമസ്‌ ചാണ്ടി എത്തിയില്ല. എത്തി എന്നു തോമസ്‌ ചാണ്ടി അവകാശപ്പെട്ടപ്പോള്‍ 24 കേരള ഇക്കാര്യം അന്വേഷിച്ചു. അദ്ദേഹം എത്തിയില്ല.

പാര്‍ട്ടി മന്ത്രിയായ തോമസ്‌ ചാണ്ടി എത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത് അറിഞ്ഞാണ്. പാര്‍ട്ടിയിലെ ഒരുന്നതന്‍ 24 കേരളയോട് പറഞ്ഞു. ഉഴവൂരിന്റെ അന്ത്യ കര്‍മ്മങ്ങളില്‍ ആദ്യാവസാനം മുഖ്യമന്ത്രി പങ്കാളിയാകുമ്പോള്‍ അതേ കാബിനറ്റില്‍ ഇരിക്കുന്ന എന്‍സിപി മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുമോ? തോമസ്‌ ചാണ്ടി പറഞ്ഞ കാരണം ആലപ്പുഴയിലെ നെഹ്‌റു ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട മീറ്റിംഗ് ഉണ്ടായിരുന്നു എന്നാണ്.

പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ ഒഴിവാക്കാന്‍ കഴിയാത്ത മീറ്റിംഗ് ആണോ അത് എന്നാണു പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്ന പ്രതികരണം.

എന്‍സിപിയിലെ ഉഴവൂര്‍ ഗ്രൂപ്പ് ഇല്ലാതായിരിക്കുന്നു. ഇടതു മുന്നണി അധികാരത്തില്‍ വന്നശേഷം അതേ അധികാരത്തിന്റെ ഭാഗമായി തുടരുന്ന എന്‍സിപിയില്‍ നിന്ന്  കുറച്ചു കാലത്ത് വന്ന ത്വരിത നീക്കങ്ങള്‍ അന്വേഷിക്കണം എന്നാണ് പി.ടി.തോമസ്‌ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്.

അത്രവേഗം തള്ളിക്കളയാവുന്ന ഒരാവശ്യമാണോ ഇത്? ചോദ്യം ഉയരുകയാണ്. എല്ലാം ആകസ്മികമാണോ? അന്വേഷണം ആവശ്യമായി വരുന്നു. അതുകൊണ്ട് തന്നെ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് അന്വേഷണം ആവശ്യമായ ശക്തമായ ഒരാവശ്യമായി ഉഴവൂരിന്റെ മരണവും, എ.കെ.ശശീന്ദ്രനെ കുരുക്കിയ ഹണി ട്രാപ്പും, ജിമ്മി ജോര്‍ജിന്റെ മരണവും എല്ലാം കടന്നു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here