എസ്പിജിയെ അവഗണിച്ച് രാഹുലിന്റെ വിദേശയാത്ര എങ്ങോട്ട്?: രാജ്‌നാഥ് സിങ്

0
71

എസ്പിജി സുരക്ഷയെ അവഗണിച്ച് രാഹുലിന്റെ വിദേശയാത്രക്കുറിച്ച് ചോദ്യം ചെയ്തു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കോണ്‍ഗ്രസ് ഉപാധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാറില്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഗുജറാത്തില്‍ രാഹുലിന്റെ വാഹനവ്യൂഹത്തിനുനേര്‍ക്കുണ്ടായ കല്ലേറിനെക്കുറിച്ചു ലോക്‌സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ബുള്ളറ്റ് പ്രൂഫ് വാഹനമായിരുന്നില്ല രാഹുല്‍ ഉപയോഗിച്ചത്. രാഹുല്‍ എസ്പിജിയുടെ നിര്‍ദേശം അനുസരിച്ചില്ലെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഹുലിന്റെ ജീവന്‍ അപകടത്തിലാണെന്നു കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആരോപിച്ചു. ബഹളത്തെത്തുടര്‍ന്നു ലോക്‌സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

രാഹുലിന്റെ വിദേശ സന്ദര്‍ശനങ്ങളെ നേരിട്ട് ആക്രമിച്ച് കേന്ദ്രമന്ത്രി തന്നെ എത്തിയതും ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, ആറ് വിദേശ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് 72 ദിവസമാണ് രാഹുല്‍ രാജ്യത്തിനു പുറത്തുപോയത്. എന്നാല്‍ ഇതൊന്നിനും എസ്പിജി സുരക്ഷ അദ്ദേഹം തേടിയില്ല. രാഹുല്‍ എവിടെയാണു പോയതെന്നു ഞങ്ങള്‍ക്ക് അറിയണം. എന്തുകൊണ്ടാണ് എസ്പിജി സുരക്ഷ തേടാഞ്ഞത്? ഇത് എസ്പിജി ആക്ടിന്റെ ലംഘനം മാത്രമല്ല, സുരക്ഷാ പ്രശ്‌നങ്ങളുടെ അവഗണന കൂടിയാണ്. എസ്പിജിയെക്കൂട്ടാതെ പോകുന്നതില്‍ രാഹുല്‍ എന്താണ് ഒളിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
അതേസമയം, രാഹുലിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാളെ അറസ്റ്റ് ചെയ്‌തെന്നും മന്ത്രി സഭയില്‍ അറിയിച്ചു. ഗുജറാത്തിലെ പ്രളയ ബാധിത ജില്ലയായ ബനാസ്‌കാന്ത സന്ദര്‍ശിക്കുന്നതിനിടെ ഓഗസ്റ്റ് നാലിനാണ് രാഹുലിന്റെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ് ഉണ്ടായത്. എസ്പിജി ഉദ്യോഗസ്ഥന് സാരമായി പരുക്കേറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here