ചികിത്സ നിഷേധിക്കപ്പെട്ട് രോഗി മരിച്ച സംഭവം; ആശുപത്രി മേധാവികളെ പോലീസ് ഇന്ന്‍ ചോദ്യം ചെയ്യും

0
110

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അടക്കം അഞ്ച് ആശുപത്രികള്‍ കയ്യൊഴിഞ്ഞതിനാല്‍ ആംബുലന്‍സില്‍ വെച്ച് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി മേധാവികളെ അന്വേഷണസംഘം ഇന്നു ചോദ്യം ചെയ്യും.

പ്രാഥമിക ആരോഗ്യ രംഗത്ത് നില നില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകളിലേക്ക് വിരല്‍ ചൂണ്ടി തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ചതോടെയാണ് ആരോഗ്യവകുപ്പും പോലീസും അന്വേഷണവുമായി എത്തുന്നത്.

സംഭവത്തെപ്പറ്റി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് കമ്മിഷണറോട് മനുഷ്യാവകാശ കമ്മിഷനും നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രികളിലെ വെന്‍റിലേറ്ററുകള്‍ സംബന്ധിച്ചും, ഗുരുതരമായി പരുക്കേറ്റ രോഗിക്ക് ചികിത്സ നിഷേധിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും പോലീസ് അന്വേഷിക്കും.

വീഴ്ചവരുത്തിയ അഞ്ച് സ്വകാര്യ ആശുപത്രികൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ സംസ്ഥാനം നടുങ്ങിയിരിക്കെ കര്‍ശന നടപടികള്‍ സീകരിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

കുറ്റവാളികള്‍ രക്ഷപ്പെടില്ല എന്ന് ഡിജിപി ലോക്നാഥ് ബഹറ തന്നെ ഇന്നലെ പ്രസ്താവന നടത്തിയിട്ടുണ്ട്. ആശുപത്രികളുടെ നിലപാട് ഗുരുതര ചട്ടലംഘനമാണെന്നു കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിത ബീഗം ഇന്നലെ പ്രതികരിച്ചിട്ടുണ്ട്.

മുരുകന് ചികിത്സ നിഷേധിച്ച കൊല്ലം മെഡിസിറ്റിയിലേക്ക് ഇന്നലെ യുവമോര്‍ച്ച, കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here