സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സൈനികര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. രക്ഷാബന്ധനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ സി ആര് പി എഫ് സൈനികര്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ദന്തേവാഡയിലെ പല്‍നാറില്‍ലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ ജൂലായ് 31നായിരുന്നു സംഭവം.
ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഹോസ്റ്റലിലെ ശുചിമുറിക്കു സമീപത്തു വച്ചാണ് രണ്ടു സൈനികര്‍ വിദ്യാര്‍ഥിനികളെ ഉപദ്രവിച്ചത്. സ്കൂളിലെ അഞ്ഞുറോളം വിദ്യാര്‍ഥിനികളാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.
സൈനികര്‍ക്ക് രാഖി കെട്ടുന്ന ചടങ്ങിന് ശേഷം ശുചിമുറിയില്‍ പോയി തിരിച്ചു വന്ന രണ്ട് കുട്ടികളെ പരിശോധനയെന്ന വ്യാജേന പീഡിപ്പിക്കുകയായിരുന്നു. പരിശോധന അതിരു കടന്നപ്പോള്‍ കുട്ടികള്‍ വാര്‍ഡനോട് പരാതിപ്പെടുകയായിരുന്നു.
വാര്ഡന് നല്കിയ പരാതിയെ തുടര്‍ന്ന് ഛത്തീസ്ഗഢ് പോലീസും സി ആര് പി എഫും വെവ്വെറെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സാമൂഹിക പ്രവര്‍ത്തകനായ ഹിമാന്‍ഷു കുമാര്‍ സംഭവത്തെ കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വിഷയത്തെ കുറിച്ചുള്ള അന്വേണത്തിന്റെ ഭാഗമായി ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും സി ആര് പി എഫ് ഡി ഐ ജിയും സ്കൂള്‍ സന്ദര്‍ശിച്ചു.