സനാ ഫാത്തിമയെ കണ്ടെത്തിയില്ല; സ്കൂബ് ക്യാമറ ഉപയോഗിച്ച് ഇന്ന് പുഴയില്‍ തിരച്ചില്‍ നടത്തും

0
95

രാജപുരം:പാണത്തൂരില്‍ വീടിനു മുന്നില്‍ നിന്ന് കാണാതായ സനാ ഫാത്തിമ എന്ന നാലുവയസുകാരിലെ അഞ്ചാം ദിവസമായിട്ടും കണ്ടെത്തിയില്ല. സന വീടിനു മുന്നിലെ തോടിലൂടെ ഒഴുകിപ്പോയോ എന്നു കണ്ടെത്താന്‍ സ്കൂബ് ക്യാമറ ഉപയോഗിച്ചു ഇന്നു പരിശോധന നടത്തും.

കുട്ടി ഒഴുകിയെത്താന്‍ ഇടയുണ്ടെന്ന് കരുതുന്ന ബാപ്പുങ്കയം പുഴയിലും ഈ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തും. പുഴയിലെ അടിത്തട്ടിൽ വരെ തിരച്ചിൽ നടത്താന്‍ കഴിയുന്ന വിധത്തിലുള്ള ക്യാമറയാണിത്.

കഴിഞ്ഞ വ്യാഴാഴ്ച നാല് മണിയോടെയാണ് സനയെ കാണാതാകുന്നത്. അംഗന്‍വാടിയില്‍ പോയി വന്ന ശേഷം കളിക്കാന്‍ മുറ്റത്തെയ്ക്ക് ഇറങ്ങിയ സനയെ പിന്നെ വീട്ടുകാര്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അന്വേഷിക്കുന്നത്.

വീടിനു മുന്നിലെ തോടിനു അടുത്ത് നിന്ന് സനയുടെ കുടയും ചെരുപ്പ് കണ്ടെത്തി. തോടിലൂടെ സന പുഴയിലേക്ക് ഒഴുകിപ്പോകാനുള്ള സാധ്യത തിരഞ്ഞാണ് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുന്നത്. പക്ഷെ ഒരു തുമ്പും ലഭിച്ചില്ല.

വെള്ളരിക്കുണ്ട് സിഐ എം.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. . ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസർ എന്നിവർ 15 ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here