സൈബർ സഖാക്കളേ… രക്തസാക്ഷിയുടെ ഉടുമുണ്ട് അഴിച്ച് തരംതിരിച്ച് അപമാനിക്കരുത്…

0
2655

ഇത് കയ്യൂർ സമര നായകൻ അബൂബക്കറിന്റെയും മുഹമ്മദ് മുസ്തഫയുടെയും അഷറഫിന്റെയും കൂടി പാർട്ടിയാണ്. ചെങ്കൊടിയിലെ ചുവപ്പ് സഖാക്കളുടെ ചോര ചുവപ്പാണ്. അത് മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ എന്ന തരംതിരിവിനെക്കാൾ ഒരേ വികാരം പങ്കു വെച്ചവരുടെ ത്യാഗത്തിന്റെ ചുവപ്പാണ്. ദയവു ചെയ്തു രക്തസാക്ഷി കുടീരങ്ങൾ മാന്തി അവരുടെ ഉടുതുണി അഴിച്ചു തരം തിരിച്ചു അപമാനിക്കരുത് സർ…

by അനീഷ് ഐക്കുളത്ത്


മുംബൈ കലാപം നടന്ന കാലത്ത് മുസ്ലിം ഭൂരിപക്ഷമേഖലകളിൽ പ്രചരിച്ച ഒരു കഥയുണ്ട്. മുംബൈ തെരുവിൽ വഴിയാത്രികരെ തടഞ്ഞുനിർത്തി ലിംഗാഗ്രം സുന്നത്ത് (ചേലാ കർമ്മം)ചെയ്യപ്പെട്ടതാണോ എന്ന് പരിശോധിച്ച് ആളുകളെ കൊന്നൊടുക്കുന്നു എന്ന്. അതായത് തുണി പൊക്കി നോക്കുമ്പോൾ ലിംഗാഗ്രം ഇസ്ലാമിക രീതിയിൽ ഉള്ളതാണെങ്കിൽ ആളുടെ ജീവൻ പോകുമെന്നാണ് കഥയുടെ പൊരുൾ. സൈബർ ലോകത്ത് സിപിഎം രക്തസാക്ഷികളുടെ ഉടുമുണ്ട് പൊക്കി നോക്കി ജാതി എണ്ണുന്ന നാരദാ ന്യൂസിനെയും പ്രമുഖ സൈബർ എഴുത്തുകാരൻ കിരൺ തോമസിനെയും കാണുമ്പോൾ മുംബൈ തെരുവുകളിലെ ഇല്ലാകഥകളിലെ വില്ലന്മാരെ ആണ് ഓർമ വരുന്നത്.

ഇത്തരക്കാരോടാണ്… ഇത് കയ്യൂർ സമര നായകൻ അബൂബക്കറിന്റെയും മുഹമ്മദ് മുസ്തഫയുടെയും അഷറഫിന്റെയും പാർട്ടിയാണ്. ചെങ്കൊടിയിലെ ചുവപ്പ് സഖാക്കളുടെ ചോര ചുവപ്പാണ്. അത് മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ എന്ന തരംതിരിവിനെക്കാൾ ഒരേ വികാരം പങ്കു വെച്ചവരുടെ ത്യാഗത്തിന്റെ ചുവപ്പാണ്. ദയവു ചെയ്തു രക്തസാക്ഷി കുടീരങ്ങൾ മാന്തി അവരുടെ ഉടുതുണി അഴിച്ചു തരം തിരിച്ചു അപമാനിക്കരുത് സർ…

സിപിഎം മുന്നോട്ടുവെക്കുന്ന മതേതര സങ്കൽപ്പം പൊളിക്കുക എന്നത് സംഘപരിവാറുകാരുടേത് പോലെ തന്നെ മുസ്ലിം ഫണ്ടമന്റലിസ്റ്റുകളുടെയും അജണ്ട തന്നെയാണ്. അതാണ് കുറച്ചു ദിവസമായി സൈബർ ലോകത്ത് പ്രതിധ്വനിക്കുന്നതും. മദനിക്ക് സുരക്ഷ ഒരുക്കും എന്ന പിണറായി സർക്കാരിന്റെ പ്രസ്താവനയാണ് നിലവിലെ സൈബർ പ്രകോപനങ്ങളുടെ ഹേതു. പൊന്നാനി തിരഞ്ഞെടുപ്പിൽ പിണറായി മദനിക്ക് ഒപ്പം വേദി പങ്കിട്ടത് മുതൽ ഉള്ള കാര്യങ്ങൾ വെച്ച് പിണറായിയെ മുസ്ലിം പ്രീണനക്കാരൻ ആക്കാൻ നോക്കുന്ന ശശികല ടീച്ചർ അടക്കമുള്ളവരുടെ വാക്കുകൾ ഇടതു നാട്യമുള്ളവരിൽ നിന്ന് വരെ പുറത്തു വന്നു. പിണറായിക്കെതിരെ, മിസോറം ലോട്ടറി വിഷയത്തിൽ ഉൾപ്പടെ ചേരിതിരിച്ചു പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ബദ്ധപ്പെടുന്ന നാരദർ ആകട്ടെ വർഗീയമായി കുളംകലക്കാനുള്ള പണിയും തുടങ്ങി.

പാർട്ടി എന്ന ഒരൊറ്റ വികാരത്തിന്റെ പുറത്തു സംഘികളുടെയും കോൺഗ്രസുകാരുടെയും മുതൽ എൻഡിഎഫിന്റെ വരെ കൊലകത്തിക്ക് ഇരയായ രക്തസാക്ഷികളെ ജാതി തിരിച്ചു എണ്ണം എടുക്കുക എന്നതിനേക്കാൾ വലിയ അപമാനം അവർക്ക് കൊടുക്കാൻ ഇല്ല. ഭാരത് ബന്ദ് ദിനത്തിൽ വെടിയേറ്റ് മരിച്ച സഖാക്കൾ മോഹനനെയും ബഷീറിനെയും ജാതിയുടെ പേരിൽ തരം തിരിച്ചാൽ അവരുടെ രക്തസാക്ഷിത്വത്തിലൂടെ നൽകിയ വിപ്ലവ സന്ദേശം കൂടിയാണ് ചേരി തിരിക്കപ്പെടുന്നത്. ഇനി ഡേറ്റ വെച്ച് തന്നെ സംസാരിക്കാം… കേരളത്തിലെ ഹിന്ദുക്കളിൽ ഏറ്റവും അധികം സ്വാധീനം ഉള്ള പാർട്ടി സിപിഎം തന്നെയാണ്. പാർട്ടി രേഖകൾ വെച്ച് നോക്കിയാൽ 82 ശതമാനത്തോളം വരുമത്.

പത്തു ശതമാനം ആണ് സിപിഎമ്മിലെ മുസ്ലിം സാന്നിധ്യം. ഇമ്പിച്ചി ബാവയും പാലൊളിയും പോലെ കേന്ദ്ര കമ്മറ്റിയിൽ സാന്നിധ്യമായ മുസ്ലിം നാമധാരികൾ കേരളത്തിൽ നിന്നും കുറവാണ് എന്നത് ഒരു വാദത്തിന് വേണ്ടി അംഗീകരിക്കാം. എന്നാൽ താരതമ്യേന കുറഞ്ഞ പ്രാതിനിധ്യം ഉള്ള, കുറച്ചു കൂടി വിശാലമായ തലത്തിൽ അണികളെ ആകർഷിക്കാൻ പദ്ധതികൾ ഒരുക്കുന്ന ഒരു സമുദായത്തിൽ നിന്നും ഇതിൽ കൂടുതൽ ഉയർന്ന കമ്മറ്റികളിലെ പ്രാതിനിധ്യം പ്രതീക്ഷിക്കാൻ ആകില്ലല്ലോ… നോമിനേഷൻ ഇല്ലാതെ താഴെകിട മുതൽ സമ്മേളനങ്ങൾ നടത്തി നേതൃനിരയെ വാർത്തെടുക്കുന്ന പാർട്ടിയിൽ ഉയർന്ന കമ്മറ്റികളിൽ സംവരണം ഒന്നും ഇല്ലല്ലോ സർ…

ഇനി മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവർ രക്തസാക്ഷികളായിട്ടില്ല എന്ന് പറയുന്നവർ ഈ ചെറിയ കണക്ക് പരിശോധിക്കുന്നതും നല്ലതായിരിക്കും.

കാസർഗോഡ്: സ: പള്ളിക്കൽ അബൂബക്കർ കയ്യൂർ രക്തസാക്ഷി. 1943 മാർച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു. സ. മുഹമ്മദ് റഫീക്ക് 2008 ഒക്ടോബർ 14 ന് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ സഖാവിനെ കൊലപ്പെടുത്തി.
സ. അബ്ദുൾ സത്താർ സോങ്കാൽ: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്നു സഖാവ്. 2008 ഡിസംബർ 27 ന് സാമൂഹ്യവിരുദ്ധസംഘം സഖാവിനെ കൊലപ്പെടുത്തി.
സ: അബ്ദുൾ ഷെരീഫ്: കാസർഗോഡ്, പനത്തടി ഏരിയയിലെ, പാണത്തൂരിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അബ്ദുൾ ഷെരീഫിനെ 2014 ജൂൺ 29 ന് ബി.ജെ.പി ക്രിമിനൽ സംഘം കുത്തി കൊലപ്പെടുത്തി.

കണ്ണൂർ: സ. അബു മാസ്റ്റർ: സ.അബു മാസ്റ്റർ (കോമത്ത് അബ്ദുള്ള) തലശ്ശേരി താലൂക്കിൽ പാതിരിയാട് മമ്പറം ബസാറിൽ മമ്പള്ളി മമ്മുവിന്റയും, കോമത്ത് കദീസയുടെയും മകനായി 1919ൽ ജനിച്ചു. 1940 സെപ്തംബർ 15 ന്റെ പ്രതിഷേധദിനത്തിൽ പാർടിനിർദ്ദേശമനുസരിച്ച് കടപ്പുറത്തെ യോഗത്തിൽ പങ്കെടുക്കുമ്പോൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വെടിയുണ്ടകളേറ്റ് സഖാവ് രക്തസാക്ഷിത്വം വരിച്ചു.

1948ൽ കാനപ്രവൻ അബ്ദുൾഖാദർ കോറോം രക്തസാക്ഷിയായി. സ. അഷറഫ്: കലാലയ വളപ്പിൽ കൊലക്കത്തിക്കിരയായ കേരളത്തിലെ ആദ്യത്തെ എസ്.എഫ്.ഐ പ്രവർത്തകനാണ് അഷ്റഫ്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐ വിജയക്കൊടി നാട്ടിയതിൽ വിറളിപിടിച്ച കെഎസ്യുക്കാരാണ് 1972 ൽ അഷ്റഫിന്റെ ക്യാമ്പസിൽ വച്ച് കുത്തിവീഴ്ത്തിയത്. മാരകമായി മുറിവേറ്റ അഷ്റഫ് ഏതാനും ആഴ്ചകൾക്കുശേഷം 1972 മാർച്ച് 5-നാണ് രക്തസാക്ഷിത്വം വരിച്ചത്.

സ. എൻ. മെഹമൂദ്: തലശ്ശേരി ബസ്സ്റ്റാന്റിലെ ചുമട്ട് തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്നു മെഹമൂദ്. 1981 ഏപ്രിൽ രണ്ടിന് കൈവണ്ടിയിൽ ചരക്ക് വലിച്ചുകൊണ്ടുപോകുമ്പോഴാണ് ആർ എസ് എസുകാർ സഖാവിനെ പിറകിൽ നിന്നും കുത്തിവീഴ്ത്തുയത്. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായിരുന്നു സഖാവ്. ധർമ്മടം മീത്തലെ പീടിക സ്വദേശിയായിരുന്നു.

സ. താഴെയിൽ അഷറഫ്: 2002 ഫെബ്രുവരി 5 ന് ഉച്ചക്കാണ് സഖാവിനെ ആർ.എസ്.എസ് – ബി.ജെ.പി അക്രമസംഘം കൊല ചെയ്തത്. പാനൂർ ബസ് സ്റ്റാൻഡിനടുത്ത് സുഹൃത്തിന്റെ കടയിൽ ഇരിക്കുകയായിരുന്ന അഷറഫിനെ ആർ.എസ്.എസ് ക്രിമിനലുകൾ വെട്ടിക്കൊല്ലുകയായിരുന്നു.

സി. അഷ്റഫ്: പിണറായി പാനുണ്ടയിലെ സി.പി.ഐ (എം) പ്രവർത്തകനായിരുന്ന സ: സി. അഷ്റഫിനെ 2011 മെയ് 19 ന് ആർ.എസ്.എസ് ക്രിമിനൽ സംഘം വെട്ടി പരിക്കേൽപ്പിക്കുകയും മെയ് 21-ന് സഖാവ് മരണപ്പെടുകയും ചെയ്തു. വയനാട്ടിൽ എൻ. ആർ. സെയ്ത് റിപ്പൺ: 1972 ൽ ലീഗുകാർ കുത്തി കൊലപ്പെടുത്തി.

കോഴിക്കോട് : സ: പി.പി. സുലൈമാൻ: മാവൂർ ഗ്വാളിയോർ റയോൺസിലെ ജീവനക്കാരനായിരുന്ന സഖാവിനെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ 1968 ഏപ്രിൽ 29-ന് ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി. റയോൺസ് വർക്കേഴ്സ് യൂണിയൻ നേതാവും പാർടി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു സഖാവ്.

സ: അഹമ്മദ് മാസ്റ്റർ: സഖാവ് ഫിഷറീസ് മാപ്പിള സ്‌കൂളിൽ അധ്യാപകനായിരുന്നു. 1969 ഒക്ടോബർ 15-ന് സി.പി.ഐ (എം) പൊതുയോഗം പയ്യോളി കടപ്പുറത്ത് ഫിഷറീസ് ഗ്രൗണ്ടിൽ തീരുമാനിച്ചു. പൊതുയോഗം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ടോബർ 16-ന് വൈകുന്നേരം 5 മണിക്ക് പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചു. ആർ.എസ്.എസ് ബീച്ചിൽ പ്രകടനം തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ പൊതുയോഗം കാണാനെത്തിയ അഹമ്മദ് മാസ്റ്ററെ ചതിയിൽപ്പെടുത്തി കൊലപ്പെടുത്തി.

ഇബ്രാഹിം: 1987 ഡിസംബർ 28-ന് ആർ.എസ്.എസുകാർ മേപ്പയൂർ ടൗണിൽവച്ച് കൊല ചെയ്തു. സ: ഇ.കെ. ബദറുദ്ദീൻ: പുതുപ്പാടി, ഏലോക്കരയിലെ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകനായിരുന്ന സഖാവിനെ 1999 ഡിസംബർ 1-ന് വർഗീയശക്തികൾ കൊലപ്പെടുത്തി.

മലപ്പുറം: സ. കുഞ്ഞാലി: 1969 ജൂലായ് 28 ന് കോൺഗ്രസ്സുകാർ വെടിവെച്ചു കൊലപ്പെടുത്തി. മുൻ എം.എൽ.എ ആയിരുന്നു. പാർടി മലപ്പുറം ഡി. സി മെമ്പറായിരുന്നു.

സ. സെയ്താലി കട്ടുപ്പാറ: എസ്.എഫ്.ഐ പ്രവർത്തകൻ. 1974 സെപ്തംബർ 20 ന് പട്ടാമ്പി കോളേജിൽ വെച്ച് ആർ.എസ്.എസുകാർ കുത്തിക്കൊലപ്പെടുത്തി

സ. മുഹമ്മദ് മുസ്തഫ: എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മണ്ണാർക്കാട് കോളേജിൽ നിന്ന് പോലീസ് പിടിച്ചുകൊണ്ടുപോയി. പോലീസ് മർദ്ദനത്തെത്തുടർന്ന് 1976 ആഗസ്റ്റ് 16-ന് ആശുപത്രിയിൽവച്ച് മരിച്ചു.

പാലക്കാട്: സ. സെയ്താലിക്കുട്ടി : 1970 മെയ് നാലിന് ഭൂമിക്ക് വേണ്ടിയുള്ള സമരത്തിൽ ചെള്ളി എന്ന പട്ടികവിഭാഗത്തിൽപെട്ട ആളുടെ ഭൂമി സംരക്ഷിക്കാൻ നടത്തിയ സമരത്തിൽ ജന്മിഗുണ്ടകളുടെ മർദ്ദനം മൂലം രക്തസാക്ഷിയായി. ഭാര്യ ആമിനുമ്മ, രണ്ട് മക്കളുണ്ട്.

സ. മുഹമ്മദുണ്ണി: 1981 ഡിസംബർ 27 ന് ആർ.എസ്.എസ് കാപാലികർ കൊലപ്പെടുത്തി. സ. അബ്ദുൾ ഗഫൂർ: ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ജോ.സെക്രട്ടറിയുമായിരുന്ന സഖാവിനെ 2000 ഡിസംബർ 11 ന് ലീഗ് – എൻ.ഡി.എഫ് ഗുണ്ടകൾ പതിയിരുന്ന് ആക്രമിച്ചു കൊലപ്പെടുത്തി.

സ. ഇബ്രാഹീം മണ്ണാരപ്പറമ്പ്: പാർടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 2005 മാർച്ച് 13 ന് കോൺഗ്രസ് കാപാലികർ കൊലപ്പെടുത്തി. സ: പി. ഹംസ & സ: പി. നൂറുദ്ദീൻ: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഡി.വൈ.എഫ്.ഐ പ്രവർത്തകരും പാർടി അനുഭാവികളും സഹോദരങ്ങളുമായ സ: പി. ഹംസ, സ: പി. നൂറുദ്ദീൻ എന്നിവരെ 2013 നവംബർ 22-ന് മുസ്ലീം ലീഗ് ക്രിമിനൽ സംഘം കൊലപ്പെടുത്തി.

തൃശ്ശൂർ: സ. കുഞ്ഞാതു: കുന്ദംകുളം-മുതുവമ്മലിലെ കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്ന സഖാവിനെ പത്തുസെന്റ് ഭൂമി സമരത്തോടനുബന്ധിച്ച് 1970 ആഗസ്റ്റ് 21 ന് ജന്മി കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തി.

സ. അഹമ്മു: കൊടുങ്ങല്ലൂർ ഏറിയാട്ടെ പാർടിയുടെയും മത്സ്യത്തൊഴിലാളി യൂണിയന്റെയും പ്രവർത്തകനായിരുന്ന സഖാവിനെ 1971 സെപ്തംബർ 17ന് കോൺഗ്രസുകാർ വെടിവെച്ചു കൊന്നു.

സ. അബ്ദുൾ ഖാദർ: കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി. ഡി.സി.സി പ്രസിഡന്റ്, കൊടുങ്ങല്ലൂർ എം.എൽ.എ എന്നീ നിലകളിൽ പ്രവർത്തിച്ചു. പിന്നീട് സി.പി.ഐ (എം) പ്രവർത്തകനായി. സഖാവിനെ 1971 സെപ്തംബർ 17ന് കോൺഗ്രസുകാർ വെടിവെച്ചു കൊന്നു.

സ. ഷെമീർ: ചാവക്കാട് വടക്കേക്കാടെ പാർടി അംഗവും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായിരുന്ന സഖാവിനെ 2005 ജനുവരി 18 ന് ആർ.എസ്.എസ് ക്രിമിനലുകൾ കൊലപ്പെടുത്തി.

സ. എം.കെ. മുജീബ് റഹ്മാൻ: മണലൂർ മുല്ലശ്ശേരി, പാർട്ടി തിരുനെല്ലൂർ ബ്രാഞ്ചംഗവും, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 2006 ജനുവരി 20ന് ആർ.എസ്.എസുകാർ കൊലപ്പെടുത്തി.

സ. ടി.എസ്. മാഹിൻ : മാള ആളൂർ കല്ലേറ്റുംകരയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകനും, ചാലക്കുടി ഹെഡ്ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ അംഗവുമായിരുന്നു. 2006 ഡിസംബർ 16 ന് ആർ.എസ്.എസുകാർ പോട്ടയിലെ ധന്യ ആശുപത്രിയിൽ വെച്ച് കൊലപ്പെടുത്തി.

സ: പി.എസ്. ഫാസിൽ: മണലൂർ ബ്രഹ്മകുളത്തെ എസ്.എഫ്.ഐ മണലൂർ ഏരിയാ ജോയിന്റെ സെക്രട്ടറിയും പാർടി അംഗവുമായിരുന്ന സ: ഫാസിലിനെ 2013 നവംബർ 4-ന് ആർ.എസ്.എസ് ക്രിമിനൽ സംഘം വെട്ടി കൊലപ്പെടുത്തി. സ:എം.കെ ഷിഹാബ്: രക്തസാക്ഷി മുജീബ് റഹ്മാന്റെ സഹോദരനും സിപിഐ(എം) പ്രവർത്തകനുമായ  മുല്ലശേരി തിരുനെല്ലൂർ മതിലകത്തുവീട്ടിൽ ഖാദറിന്റെ മകൻ ഷിഹാബിനെ  2015 മാർച്ച് 1ന് രാത്രി ബൈക്കിൽ  വീട്ടിലേക്ക് മടങ്ങവേ ആർഎസ്എസുകാർ വെട്ടി കൊലപ്പെടുത്തി.

എറണാകുളം : സ: അഷറഫ്: കെ.എസ്.വൈ.എഫ് 1977 ഒക്ടോബർ 9-ന് ആരംഭിച്ച അവകാശപ്രഖ്യാപന റാലിയിൽ പങ്കെടുക്കുവാൻ ആലപ്പുഴയ്ക്ക് പോകുകയായിരുന്ന സഖാക്കൾ ചന്ദ്രൻ, രവി, അഷറഫ് എന്നിവർ എതിരെ വന്ന ലോറിയിടിച്ച് മരിക്കുകയായിരുന്നു. ആലുവ, കടുങ്ങല്ലൂർ പ്രദേശത്ത് പാർട്ടിയുടെയും യുവജനപ്രസ്ഥാനത്തിന്റെയും സജീവപ്രവർത്തകരായിരുന്ന സഖാക്കൾ ചന്ദ്രനും, രവിയും, അഷറഫും.

സ. അബ്ദുൾ റസാഖ്: ഏലൂർ വടക്കുംഭാഗത്താണ് സഖാവ് ജനിച്ചത്. 1982 ജനുവരി 19-ന് നടന്ന അഖിലേന്ത്യാ പണിമുടക്കിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നതിനിടയിൽ കോൺഗ്രസ് (ഐ) കാപാലികരുടെ കൊലക്കത്തിക്കിരയായാണ് സ:അബ്ദുൾ റസാഖ് ധീരരക്തസാക്ഷിത്വം വരിച്ചത്. ആദ്യത്തെ അഖിലേന്ത്യാ പണിമുടക്കിന്റെ രക്തസാക്ഷിയാണ് സ:അബ്ദുൾ റസാഖ്.

സ: ബഷീർ: 1988 മാർച്ച് 15-ന് അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായി സംഘടിപ്പിച്ച ഭാരത് ബന്ദ് ദിനത്തിലാണ് സഖാക്കൾ മോഹനനും ബഷീറും രക്തസാക്ഷികളാകുന്നത്. ഒരു പ്രകോപനവും ഇല്ലാതെ തന്നെ ചേരാനെല്ലൂരിലെ മില്ലുടമയായ അഴിക്കത്ത് സേവ്യറും മകനും ചേർന്ന് സഖാക്കളെ വെടിവെച്ച് കൊല്ലുകയായിരുന്നു.

സ. എ.എം. കുഞ്ഞുബാവ: മൂവാറ്റുപുഴയിലെ സി.പി.ഐ(എം) പായിപ്ര സൊസൈറ്റിപ്പടി ബ്രാഞ്ച് സെക്രട്ടറിയും പായിപ്ര സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റും കെ.എസ്.വൈ.എഫി-ന്റെ ആദ്യകാല പ്രവർത്തകനുമായിരുന്ന സ: എ.എം.കുഞ്ഞുബാവ 1990 ഏപ്രിൽ 25-ന് സി.പി.ഐ അക്രമിസംഘത്തിന്റെ കൊലക്കത്തിക്കിരയായി ധീരരക്തസാക്ഷിത്വം വരിച്ചു.

ഇടുക്കി : സ. ഹസ്സൻ റാവുത്തർ: 1913 ൽ ജനിച്ചു. ബോണസ്സിനുവേണ്ടി തോട്ടം തൊഴിലാളികൾ നടത്തിയ സമരത്തിനു നേരെ കണ്ണൻ ദേവൻ കമ്പനിക്കുവേണ്ടി പോലീസ് നടത്തിയ വെടിവെപ്പിൽ 1958 ഒക്ടോബർ 20-ാം തീയതി രക്തസാക്ഷിയായി.

സ. ടി.എ. നസീർ: തൊട്ടിപ്പറമ്പിൽ അലിയാരുടേയും, റാഫിയയുടേയും മകനായി 1963 ൽ ജനിച്ചു. 1989 ആഗസ്റ്റ് 30 ന് നടന്ന ഭാരത്ബന്ദ് ദിനത്തിൽ തൊടുപുഴ കീരിക്കോട് എന്ന സ്ഥലത്ത് വെച്ച് കോൺഗ്രസ് ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തി.

കോട്ടയം: സ. ആലി: കോറോം രക്തസാക്ഷി നീണ്ടൂരിലെ കെ.എസ്.കെ.ടി.യു പ്രവർത്തകനായിരുന്നു. 1971 ഡിസംബർ 26 ന് നീണ്ടൂർ സമരവുമായി ബന്ധപ്പെട്ട് ജന്മിയും, ഗുണ്ടകളും ചേർന്ന് കൊലപ്പെടുത്തി.

കൊല്ലം : സ: തങ്ങൾകുഞ്ഞ്: 1979 ജൂലൈ 5-ന് കോൺഗ്രസ് ഗുണ്ടകളാൽ കൊല ചെയ്യപ്പെട്ടു. സ: ഓച്ചിറ നൂറുദ്ദീൻ: 1980 സെപ്റ്റംബർ 27-ന് കോൺഗ്രസ് കാപാലികർ കൊലപ്പെടുത്തി. സ: അഡ്വ. എം.കെ. അബ്ദുൾ മജീദ്: 1981 ജനുവരി 10-ന് ആർ.എസ്.എസ് കാപാലികർ കൊലപ്പെടുത്തി.

സ: മുഹമ്മദ് ഷെരീഫ്: 1984 മെയ് 6-ന് ആർ.എസ്.എസ് കാപാലികർ കൊലപ്പെടുത്തി. സ: എ. ഷീൻകുട്ടി:
1989 ആഗസ്റ്റ് 2-ന് കോൺഗ്രസ് കാപാലികർ കൊലപ്പെടുത്തി. സ: എം.എ. അഷറഫ്: 2002 ജൂലൈ 18-ന് എൻ.ഡി.എഫ് കാപാലികർ കൊലപ്പെടുത്തി.  സ: സിദ്ദീഖ്: 2006 നവംബർ 12-ന് ഗുണ്ടാ ആക്രമണത്തിൽ രക്തസാക്ഷിയായി.

തിരുവനന്തപുരം: സ: പീരുമുഹമ്മദ്: തികഞ്ഞ പാർടി പ്രവർത്തകനായിരുന്ന സഖാവിനെ 1981 ഒക്ടോബർ 11-ന് രാത്രി 12 മണിക്കുശേഷം ആർ.എസ്.എസുകാർ തോക്കിന്റെ ബയണറ്റുകൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഒക്ടോബർ 14-ന് ആശുപത്രിയിൽ വച്ച് സഖാവ് മരണപ്പെട്ടു. നബീസാ ബീവിയാണ് ഭാര്യ.

സ: എ. താജുദ്ദീൻ: ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സഖാവിനെ 1983-ൽ കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി. സ: എസ്. റഹീം: കഴക്കൂട്ടത്തെ ഹെഡ്ലോഡ് യൂണിയൻ (സി.ഐ.ടി.യു) യൂണിറ്റ് കൺവീനറായിരുന്ന സഖാവിനെ 1994 ഡിസംബർ 28-ന്, കോൺഗ്രസ് ഭരണകാലത്ത് കോൺഗ്രസ് ഗുണ്ടകളെ എതിർത്തുവെന്ന പേരിൽ ബോംബെറിഞ്ഞുവീഴ്ത്തി കൊലപ്പെടുത്തി. ബീമയാണ് സഖാവിന്റെ ഭാര്യ. സ: എ.എം. സക്കീർ: ആറ്റിങ്ങൽ ഏരിയയിലെ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയായിരുന്ന സഖാവിനെ 1995 ജനുവരി 16-ന് പി.ഡി.പിക്കാർ വീട്ടിൽ കയറി വെട്ടിക്കൊന്നു.

സ: സജിൻ ഷാഹുൽ: പാറശ്ശാല ഏരിയയിലെ, ധനുവച്ചപുരം ഐ.ടി.ഐയിലെ എസ്.എഫ്.ഐ യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്ന അമരവിളയിലെ സ: സജിൻ ഷാഹുൽ ആർ.എസ്.എസ്-എ.ബി.പി.പി ക്രിമിനൽ സംഘത്തിന്റെ ബോംബേറിനെത്തുടർന്ന് ഗുരുതര പരിക്കുപറ്റി ചികിത്സയിലായിരിക്കെ 2013 ഒക്ടോബർ 1-ന് മരണപ്പെടുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here