സ്കൂള്‍ പഠനത്തില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന് പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എം.ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
യോഗ പരിശീലനം പഠനത്തിന്റെ ഭാഗമാക്കണമെന്നും ദേശീയ യോഗ നയം രൂപവത്കരണത്തിന്റെ ഭാഗമാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ സ്കൂളുകളില്‍ എന്തൊക്കെ പഠിപ്പിക്കണമെന്ന് നിര്‍ദേശിക്കാന്‍ തങ്ങള്‍ ആരുമല്ല, അത് തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന കാര്യവുമല്ല. തങ്ങള്‍ക്ക് എങ്ങനെയാണ് അങ്ങനെയൊരു ഉത്തരവിടാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു.
ബിജെപി വക്താവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയത്. മാനവശേഷി മന്ത്രാലയത്തിനും എന്‍സിഇആര്‍ടിക്കും, സിബിഎസ്ഇക്കും യോഗ പഠിപ്പിക്കുന്നതിനുള്ള പുസ്തകം സിലബസിന്റെ ഭാഗമായി ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കണമെന്നുമായിരുന്നു ആവശ്യം.
യോഗയും ആരോഗ്യവിദ്യാഭ്യാസവും വിവരിക്കുന്ന പുസ്തകങ്ങള്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠനത്തിന്റെ ഭാഗമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.