അഹമ്മദാബാദ്: മുഖ്യമന്ത്രി പദം മോഹിച്ച് കോണ്‍ഗ്രസ് വിട്ട ശങ്കര്‍ സിംഗ് വഗേല രാജ്യസഭ സീറ്റിലും കോണ്‍ഗ്രസിനെ കൈവിടുന്നു.
ഇന്ന് ഗുജറാത്തില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വഗേലയ്ക്കൊപ്പം എന്‍സിപി കൂടി കോണ്‍ഗ്രസിനെ കൈവിട്ടതോടെ കപ്പിനും ചുണ്ടിനുമിടയില്‍ അഹമ്മദ് പട്ടേലിന് രാജ്യസഭാ സീറ്റ് നഷ്ടമാകുന്ന അവസ്ഥയിലായി.
കോൺഗ്രസ് തോൽക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കുന്നതിൽ കാര്യമില്ലെന്ന് വ്യക്തമാക്കിയ വഗേല, തന്നെ ഉറ്റു നോക്കിയ കോണ്‍ഗ്രസിനെ തീര്‍ത്തും നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
മൂന്നു രാജ്യസഭാ സീറ്റിലേക്കാണ് മത്സരം. രണ്ടു സീറ്റ് ബിജെപി അധ്യക്ഷന്‍ അമിത് ഷായും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഉറപ്പാക്കിയിട്ടുണ്ട്. ഒരു സീറ്റില്‍ മത്സരം കടുക്കുകയാണ്. കോണ്‍ഗ്രസിന്റെ അഹമദ് പട്ടേലും, കോണ്‍ഗ്രസ് വിട്ടു ബിജെപി നേതാവായി മാറിയ രാജ് പുത്തും തമ്മിലാണ് മത്സരം.
വോട്ട് പട്ടേലിനാണെന്നും അഹമ്മദ് പട്ടേല്‍ തന്റെ ഉറ്റ സുഹൃത്ത് ആണെന്നുമാണ് വഗേല മുന്‍പ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഒരു നിര്‍ണ്ണായക നിമിഷത്തില്‍ ബിജെപി വിട്ട സമയത്ത് തനിക്ക് തുണയായ കോണ്‍ഗ്രസിനെ വഗേല കയ്യൊഴിഞ്ഞിരിക്കുകയാണ്. വഗേലയ്ക്ക് ഒപ്പമുള്ള എംഎല്‍എമാരും രാജ് പുത്തിനാണ് വോട്ട് ചെയ്യുന്നത്.