അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുമെന്നു സംസ്ഥാന സര്‍ക്കാര്‍. ഈ പദ്ധതിയുടെ പ്രാരംഭനടപടികള്‍ ആരംഭിച്ചുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്ക്കു രേഖാമൂലം നല്കിയ മറുപടിയില്‍ വനേതര പ്രവര്‍ത്തനങ്ങള്‍ക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഉണ്ടായിരിക്കേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂര്‍ത്തീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി സംസ്ഥാനത്തിനു ഗുണകരമാണ് എന്ന് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.
എന്നാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്നായിരുന്നു സിപിഎം നിലപാട്. പിന്നീട് അധികാരത്തില്‍ എത്തിയപ്പോള്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വ്യക്തമാക്കിയപ്പോള്‍ വലിയ എതിര്‍പ്പായിരുന്നു ഉയര്‍ന്നത്. ഘടകക്ഷിയായ സിപിഐ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയിരുന്നു. എന്നാല്‍, അന്നത്തെ സര്‍ക്കാര്‍ വാദം പൊള്ളയായിരുന്നുവെന്നാണ് പുതിയ മറുപടിയിലൂടെ വ്യക്തമാകുന്നത്.