ആപ്പിളിന്റെ പ്രകോപനം: ട്രായ് കടുത്ത നിലപാടിലേക്ക്…

0
100

ടെലികോം നെറ്റ്വര്‍ക്കുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന ഉപയോക്താക്കളുടെ വിവരങ്ങളുടെ (User Data) ഉടമസ്ഥാവകാശം, സ്വകാര്യത, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത്, ആവശ്യമായ നയപരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ട്രായിയുടെ ലക്ഷ്യം.

ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഉടമസ്ഥാവകാശം യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് എന്നതാണ് പ്രധാന ചര്‍ച്ചാവിഷയമെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ പറഞ്ഞു. ഉപഭോക്തൃ വിവരങ്ങളുടെ (User data) സുരക്ഷയില്‍ ടെലികോം സ്ഥാപനങ്ങള്‍ക്ക് ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ ഈ ആഴ്ച തന്നെ ചര്‍ച്ചകള്‍ ആരംഭിക്കും. അതിന് ശേഷം ടെലികോം വകുപ്പിന് ട്രായ് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. ടെലികോം വകുപ്പായിരിക്കും അക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

യൂസര്‍ ഡാറ്റയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രമുഖ ടെക് കമ്പനിയായ ആപ്പിളുമായുള്ള തര്‍ക്കമാണ് ട്രായിയുടെ പുതിയ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫോണിലേക്ക് വരുന്ന അനാവശ്യ സന്ദേശങ്ങളും കോളുകളും തടയുന്നതിനും അതില്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ആവശ്യമായ വിവരങ്ങള്‍ കൈമാറണമെന്ന് ട്രായുടെ ആവശ്യം ആപ്പിള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഒരു വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാത്ത ആപ്പിള്‍ ഉപഭോക്തൃ വരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഉപയോക്താളുടെ വിവരങ്ങളുടെ കോളനി വല്‍കരണത്തിനാണ് ആപ്പിള്‍ ശ്രമിക്കുന്നതെന്നും ട്രായ് കുറ്റപ്പെടുത്തിയിരുന്നു.

അനാവശ്യ ഫോണ്‍ വിളികളും സന്ദേശങ്ങളും തടയുന്നതിനും അവയെ നിയന്ത്രിക്കുന്നതിനുമായി ട്രായ് കഴിഞ്ഞ വര്‍ഷം ഡു നോട്ട് ഡിസ്റ്റര്‍ബ് ആപ്ലിക്കേഷന്‍(ഡിഎന്‍ഡി) ട്രായ് പുറത്തിറക്കിയിരുന്നു. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ അനുവദിച്ചു. പക്ഷെ, ഐഒഎസ് ഫോണുകളില്‍ ഈ ആപ്പ് ഉപയോഗിക്കാന്‍ ആപ്പിള്‍ ഇതുവരെ സമ്മതിച്ചിട്ടില്ല.

ഫോണുകളില്‍നിന്നുള്ള കോള്‍ വിവരങ്ങളും സന്ദേശങ്ങളുടെ വിവരങ്ങളുമാണ് ഡിഎന്‍ഡി ആപ്പിന് ആവശ്യമായുള്ളത്. അനാവശ്യ കോളുകളും സന്ദേശങ്ങളും ട്രായ് ആപ്പില്‍നിന്നു തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. അതുവഴി സര്‍ക്കാര്‍ അതോറിറ്റിയായ ട്രായിക്ക് നേരിട്ടുതന്നെ തുടര്‍നടപടികള്‍ സ്വീകരിക്കാനും കഴിയും. എന്നാല്‍ ഐഒഎസ് ഉപകരണങ്ങളുടെ ഇത്തരം വിവിരങ്ങളില്‍ ഇടപെടാന്‍ ദീര്‍ഘനാളായിട്ടും ട്രായിയെ ആപ്പിള്‍ അനുവദിച്ചിട്ടില്ല.

ഈ അവസരത്തിലാണ് യൂസര്‍ ഡാറ്റയുടെ കൈകാര്യത്തില്‍ നിയമപരമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ട്രായ് തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here