ഉഴവൂര്‍ വിജയനൊപ്പം ആ രഹസ്യങ്ങളും എരിഞ്ഞടങ്ങിയോ? അതോ അവ മറ നീക്കുമോ? ഉദ്വേഗത്തോടെ എന്‍സിപിയിലെ ഇരുഗ്രൂപ്പുകളും!

0
2508

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂര്‍ വിജയനൊപ്പം ആ രഹസ്യങ്ങളും എരിഞ്ഞടങ്ങിയോ? അദ്ദേഹത്തെ അസ്വസ്ഥമാക്കിയിരുന്ന ആ രഹസ്യങ്ങള്‍ ഉഴവൂരിനൊപ്പം എരിഞ്ഞടങ്ങിയോ എന്ന ആശങ്കയിലാണ് എന്‍സിപിയിലെ ഉഴവൂര്‍ വിഭാഗവും എതിര്‍ വിഭാഗവും.

ഉഴവൂര്‍ സൂക്ഷിച്ച രഹസ്യങ്ങള്‍ പുറത്ത് വരേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യമാണ് എന്നു കരുതുന്നവരാണ് പാര്‍ട്ടിയില്‍ ഉഴ്വൂരിനെ അനുകൂലിക്കുന്നവര്‍. എന്നാല്‍ ഉഴവൂരിനെ ഇല്ലാതാക്കിയതോടെ ആ രഹസ്യങ്ങള്‍ ഉഴവൂരിനൊപ്പം തന്നെ എരിഞ്ഞടങ്ങി എന്നു കരുതുന്നവരാണ് മറുവിഭാഗം.

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കാന്‍ പര്യാപ്തമായ ചില രഹസ്യങ്ങള്‍ ഉഴ്വൂരിന്‍റെ കയ്യിലുണ്ടായിരുന്നു. ഈ രഹസ്യങ്ങള്‍ അദ്ദേഹത്തിനൊപ്പം എരിഞ്ഞടങ്ങിയോ അതോ അദ്ദേഹം ആര്‍ക്കെങ്കിലും കൈമാറിയോ എന്ന ആശങ്ക എന്‍സിപിയിലെ ഒരു വിഭാഗത്തെ വേട്ടയാടി തുടങ്ങിയിരിക്കുന്നു.

ഉഴവൂര്‍ ഒട്ടനവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍ ആണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനു അറിയാമായിരുന്നു. ഉഴവൂരിന്റെ മരണത്തിനു കാരണം എന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്ന സുള്‍ഫിക്കര്‍ മയൂരിയുടെ ഭീഷണി നിറഞ്ഞ സംഭാഷണത്തിനു പിറകില്‍ കൂടി ഈ രഹസ്യങ്ങളുടെ സാന്നിധ്യം ഒരു വിഭാഗം സംശയിക്കുന്നുണ്ട്.

ഈ രഹസ്യങ്ങള്‍ ലക്ഷ്യമിട്ടാണ് അദ്ദേഹത്തെ എന്‍സിപി പ്രസിഡന്റ് പദവിയില്‍ നിന്നും തെറിപ്പിക്കാന്‍ ഒരു വിഭാഗം നിരന്തരം ശ്രമങ്ങള്‍ നടത്തിയത്. ഡല്‍ഹിയും മുംബൈയും കേന്ദ്രീകരിച്ച് ഉഴവൂരിനെ തെറിപ്പിക്കാന്‍ നടത്തിയ ഒട്ടനവധി നീക്കങ്ങളുടെ മുനയൊടിഞ്ഞത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ ഇടപെടല്‍ ആയിരുന്നു.

എന്‍സിപിക്ക് കേരളത്തില്‍ ശക്തമായ പിന്തുണ നല്‍കുന്നത് കേരളത്തിലെ സിപിഎം ആണെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. പവാര്‍ അന്വേഷിച്ചപ്പോള്‍ സിപിഎമ്മില്‍ നിന്നും ലഭിച്ച മറുപടി എന്‍സിപി എന്നാല്‍ കേരളത്തില്‍ ഉഴവൂര്‍ എന്നായിരുന്നു. ആ ഉഴവൂരിനെ തെറുപ്പിച്ചാല്‍ അത് എന്‍സിപിക്ക് വലിയ ദോഷം വരുമെന്നും ശരദ് പവാര്‍ തിരിച്ചറിഞ്ഞിരുന്നു.

ഈ സര്‍ക്കാരിലെ എന്‍സിപിയുടെ ആദ്യമന്ത്രിയായ എ.കെ.ശശീന്ദ്രനെ തിരഞ്ഞെടുക്കും മുന്‍പ് സിപിഎം താത്പര്യം അദ്ദേഹം തിരക്കിയിരൂന്നു. ശശീന്ദ്രന്‍ എന്നു സിപിഎം അറിയിക്കുകയും ചെയ്തിരുന്നു. അതനുസരിച്ചാണ് ശശീന്ദ്രന്‍ മന്ത്രിയായി വന്നത്.

മരിച്ചപ്പോഴും ഉഴവൂരിനെ സിപിഎം കയ്യൊഴിഞ്ഞില്ല. സിപിഎം കേന്ദ്രകമ്മറ്റി യോഗം കൂടി ഒഴിവാക്കി ഉഴവൂര്‍ മരിച്ച ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. രാത്രി 10 മണിയോടെ ആലുവയില്‍ എത്തിയ മുഖ്യമന്ത്രി അന്ന് അവിടെ തങ്ങി ഉഴവൂരിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കാളിയായി.

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിയാണ് ഉഴവൂരിന്റെ മൃതദേഹം സംസ്ക്കരിച്ചത്. എല്ലാത്തിനും ആദ്യാവസാനം മുഖ്യമന്ത്രിയും സന്നിഹിതനായിരുന്നു.

ഇപ്പോള്‍ ഉഴവൂര്‍ വിടവാങ്ങിയപ്പോള്‍ അദ്ദേഹം കാത്തു സൂക്ഷിച്ച രഹസ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ടോ അതോ ഉഴ്വൂരിനു ഒപ്പം എരിഞ്ഞടങ്ങിയോ എന്നാണു എന്‍സിപിയിലെ ഒരു വിഭാഗം അന്വേഷിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ എന്‍സിപിയില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here