ബോണസ് 4000 രൂപ, ഉത്സവബത്ത 2,750 രൂപ, പെൻഷൻകാർക്ക് 1,000 രൂപ

0
2368

സ്വാതന്ത്ര്യസമര പെൻഷൻ ഉയർത്തി
പ്രവാസിക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചു
അപകടത്തിൽ മരിച്ചവർക്ക് ധനസഹായം


സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുളള ബോണസും ഉത്സവബത്തയും വർദ്ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബോണസ് ലഭിക്കുന്നതിനുളള ശമ്പളപരിധി പുതുക്കിയ സ്‌കെയിലിൽ 22,000 രൂപയിൽ നിന്ന് 24,000 രൂപയായും പഴയ സ്‌കെയിലിൽ 21,000 രൂപയിൽനിന്ന് 23,000 രൂപയായും വർദ്ധിപ്പിക്കും. ബോണസ് ഇരുവിഭാഗത്തിൽപ്പെട്ടവർക്കും 3,500 രൂപയിൽനിന്നും 4,000 രൂപയായി ഉയർത്തി. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് നൽകുന്ന ഉത്സവബത്ത 2400 രൂപയിൽനിന്ന് 2,750 രൂപയായി ഉയർത്തി. എല്ലാവിഭാഗത്തിൽപ്പെട്ട പെൻഷൻകാർക്കും പ്രത്യേക ഉത്സവ ബത്തയായി 1000 രൂപ നൽകും.
1,000 രൂപയ്ക്കും 1,200 രൂപയ്ക്കുമിടയിൽ കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ചിരുന്ന സർക്കാർ, സർക്കാർ നിയന്ത്രണത്തിലുളള സ്ഥാപനങ്ങൾ, സൊസൈറ്റികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഈ വർഷം 100 രൂപ അധികം നൽകും. എക്‌സ്‌ഗ്രേഷ്യാ കുടുംബ പെൻഷൻകാർക്ക് 1,000 രൂപ ഉത്സവബത്ത നൽകും. ഇതുവരെ ഈ വിഭാഗത്തിലുളളവർക്ക് ഉത്സവബത്ത അനുവദിച്ചിരുന്നില്ല.

കേരള സ്വാതന്ത്ര്യസമരസേനാനി പെൻഷൻ, തുടർ പെൻഷൻ എന്നിവ 10,800 രൂപയിൽനിന്ന് 11,000 രൂപയായി വർദ്ധിപ്പിച്ചു. സ്വാതന്ത്ര്യസമര പെൻഷൻ, തുടർ പെൻഷൻ എന്നിവ ലഭിക്കുന്നവരുടെ ക്ഷാമബത്ത സംസ്ഥാന സർവ്വീസ് പെൻഷൻകാരുടെ നിരക്കുകൾക്ക് തുല്യമായി പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

പ്രവാസിക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചു. കേരള പ്രവാസിക്ഷേമ  പെൻഷൻ ഏകീകൃതനിരക്കിൽ 2000 രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ഇപ്പോൾ രണ്ടു നിരക്കിലാണ് കേരള പ്രവാസിക്ഷേമ ബോർഡ് മുഖേന  പെൻഷൻ നൽകുന്നത്. 300 രൂപ അംശാദായം അടക്കുന്നവർക്ക് 1000 രൂപയും 100 രൂപ അടക്കുന്നവർക്ക് 500 രൂപയുമാണ് നിലവിൽ പെൻഷൻ. ഇനിമുതൽ എല്ലാവർക്കും 2000 രൂപ ലഭിക്കും.

കൃഷിവകുപ്പിനു കീഴിലുളള സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷനിലെ സ്റ്റാഫ്, ഓഫീസർ വിഭാഗത്തിൽപെട്ടവരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.
പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്കുളള തെരഞ്ഞെടുപ്പുകളിൽ മികച്ച കായിക താരങ്ങൾക്ക് അധിക മാർക്ക് നൽകുന്ന കായിക ഇനങ്ങളിൽ സൈക്ലിംഗിൻറെ പ്രത്യേക ഇനങ്ങളായ ട്രാക്ക്, റോഡ്, മൗണ്ടൻ ബൈക്ക് എന്നിവ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കാൻ തീരുമാനിച്ചു.

രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (റൂസ) സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറേറ്റിൽ അണ്ടർ സെക്രട്ടറി റാങ്കിൽ കുറയാത്ത സ്ഥിരം ഫിനാൻസ് ഓഫിസറുടെ ഒരു തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു
മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയൽ ഗവൺമെൻറ് കോളേജിൻറെ ഇൻഡോർ സ്റ്റേഡിയം വികസിപ്പിക്കുന്നതിനുളള 11.5 കോടി രൂപയുടെ പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയിൽ നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രീജിത്ത് എന്ന കുട്ടി അനസ്‌തേഷ്യ നൽകുന്നതിലെ പിഴവുമൂലം മരണപ്പെട്ടതു കണക്കിലെടുത്ത് കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചു.

കോഴിക്കോട്, വയനാട് ദേശീയപാതയിലെ കൈതപ്പൊയ്‌ലിൽ ആഗസ്റ്റ് 5-നുണ്ടായ വാഹനാപകടത്തിൽ മരിച്ച എട്ടുപേരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും. മുതിർന്നവർക്ക് ഒരു ലക്ഷം രൂപ വീതവും കുട്ടികൾക്ക് രണ്ടു ലക്ഷം രൂപ വീതവുമാണ് സഹായം അനുവദിക്കുക. മരിച്ചവരിൽ അഞ്ചുപേരും കുട്ടികളാണ്.
വയനാട് ജില്ലയിലെ ബാണാസുര സാഗർ അണക്കെട്ടിൽ ജൂലൈ 16-ന് വളളം മുങ്ങിമരിച്ച നാലുപേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനിച്ചു.
സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനു കീഴിലെ നിയമനങ്ങൾ പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നടത്തുന്നതിന് നിയമം കൊണ്ടുവരാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here