മഅദനിയുടെ മകന്റെ നിക്കാഹ്; ആശംസകളുമായി ഇ.പി. ജയരാജനും പി. ജയരാജനും

0
102

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തലശ്ശേരിയില്‍ എത്തി. തലശേരി ടൗണ്‍ ഹാളിലാണ് വിവാഹ ചടങ്ങുകള്‍. കൂടാതെ വിവാഹത്തിനു ആശംസകളുമായി സിപിഎം നേതാക്കളായ ഇ.പി. ജയരാജന്‍, പി. ജയരാജന്‍ എന്നിവരും തലശ്ശേരിയില്‍ എത്തി.

ഇന്നു രാവിലെ ഏഴു മുപ്പത്തോടെ തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് ട്രെയിനിലാണ് തലശ്ശേരി െറയില്‍വേ സ്റ്റേഷനില്‍ മഅദനി എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ മഅദനി നേരെ ലോഡ്ജിലേക്കാണ് പോയത്. തുടര്‍ന്ന് 11 മണിയോടെ നിക്കാഹിനായി ടൗണ്‍ഹാളിലേക്കു പോയി.

വിവാഹത്തിനു ശേഷം ലോഡ്ജില്‍ എത്തി വിശ്രമിച്ച് വൈകിട്ട് നാലോടെ വധുവിന്റെ അഴിയൂരിലെ വീട്ടില്‍ സല്‍ക്കാരത്തിനായി പുറപ്പെടും. അവിടെ നിന്നു റോഡ് മാര്‍ഗം കോഴിക്കോട്ടേക്കു പോകും. അഴിയൂരിലെ ഇല്യാസ് പുത്തന്‍പുരയിലിന്റെ മകള്‍ നിഹമത്താണ് വധു. പി.ഡി.പി. പ്രവാസിസംഘടന അബുദാബി ശാഖ പ്രസിഡന്റും അവിടെ സ്‌കൂള്‍ അസി. മാനേജരുമാണ് ഇല്യാസ്.

മഅദനിക്ക് കനത്ത സുരക്ഷാ സന്നാഹമാണ് തലശ്ശേരിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. വിവാഹ വേദിയായ ടൗണ്‍ഹാളിലും മദനി വിശ്രമിക്കുന്ന ലോഗന്‍സ് റോഡിലെ ലോഡ്ജിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ മഫ്തിയില്‍ പൊലീസുകാര്‍ നിരീക്ഷണം നടത്തുന്നുണ്ട്.

മഅദനിക്കൊപ്പം ഒരു സംഘം കര്‍ണാടക പൊലീസും തലശ്ശേരിയില്‍ എത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിവാഹത്തിനായി എത്തും. ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here