മദനി എത്തി; തലശ്ശേരിയിൽ കനത്ത സുരക്ഷ

0
61

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി തലശ്ശേരിയിലെത്തി. തലശ്ശേരി കനത്ത സുരക്ഷാവലയത്തിലാണ്. മദനി മടങ്ങുന്നതുവരെ നഗരം പൂർണമായി പോലീസ് നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ്.

തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് സിഐമാരുടെ കീഴിൽ സായുധപോലീസടക്കം നൂറിലേറെ പോലീസുകാർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിക്കും. ഡോഗ്, ബോംബ് സ്‌ക്വാഡുമുണ്ടാകും. കൂടാതെ മഫ്തിയിലും പോലീസ് നിരീക്ഷണമുണ്ടാകും. ഡിവൈ.എസ്.പി. പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

ബുധനാഴ്ച രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിലാണ് മദനി തലശ്ശേരിയിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽനിന്ന് നഗരത്തിലെ ഹോട്ടലിലേക്കാണ് നേരെ പോകുന്നത്. വിശ്രമത്തിനുശേഷം 11 മണിയോടെ ടൗൺഹാളിലേക്ക് തിരിക്കും. റെയിൽവേ സ്റ്റേഷനും പോലീസ് വിവാഹം നടക്കുന്ന ടൗൺഹാളും മദനി വിശ്രമിക്കുന്ന ഹോട്ടലും പോലീസ് നിരീക്ഷണത്തിലും സുരക്ഷയിലുമാണ്.

ഉച്ചയ്ക്ക് 12-ന് ടൗൺ ഹാളിലാണ് മദനിയുടെ മകൻ ഉമ്മർ മുഖ്താറും അഴിയൂരിലെ ഇല്യാസ് പുത്തൻപുരയിലിന്റെ മകൾ നിഹമത്തുമായുള്ള വിവാഹം. പിഡിപി. പ്രവാസിസംഘടന അബുദാബി ശാഖ പ്രസിഡന്റും അവിടെ സ്‌കൂൾ അസി. മാനേജരുമാണ് ഇല്യാസ്.

വൈകീട്ട് വധുവിന്റെ അഴിയൂരിലെ വീട്ടിൽ നടക്കുന്ന സൽക്കാരത്തിലും പങ്കെടുത്തശേഷം മഅദനി റോഡുമാർഗം കോഴിക്കോട്ടേക്ക് പോകും. അവിടെനിന്ന് വ്യാഴാഴ്ചയാണ് കൊല്ലത്തേക്ക് തിരിക്കുക. ബംഗളൂരുവിൽ ജയിലിൽ കഴിയുന്ന മഅദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here