സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി സീസണിലെ ആദ്യ യൂറോപ്യൻ അങ്കത്തിനിറങ്ങിയ റയൽ മാഡ്രിഡ് യുവേഫ സൂപ്പർ കപ്പിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് കിരീടത്തിൽ മുത്തമിട്ടു.
യൂറോപ്പ കപ്പ് ജേതാക്കളായ മാഞ്ചസ്റ്ററിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിദാനും കൂട്ടരും മുക്കിയത്. റയലിന്റെ നാലാം സൂപ്പർ കപ്പ് കിരീടമാണിത്.
ക്രിസ്റ്റ്യായെ ബെഞ്ചിലിരുത്തി കളത്തിലിറങ്ങിയ റയലിന് തന്നെയായിരുന്നു ആദ്യം മുതൽ ആധിപത്യം. 24-ാം മിനിറ്റിൽ റയൽ ആദ്യം വല കുലുക്കി. മിഡ്ഫീൽഡിൽ മോഡ്രിച്ച്-ക്രൂസ്-കാസ്മെറോ ത്രയം നടത്തിയ മുന്നേറ്റത്തിനൊടുവിൽ കാസ്മെറോയുടെ ഡൈവിങ് ഫിനിഷ് മാഞ്ചസ്റ്റർ ഗോളിയെ മറികടന്ന് വല കുലുക്കി.
രണ്ടാം പകുതിയിൽ ഇസ്കോയിലൂടെ വീണ്ടും റയൽ മുന്നിലെത്തി. രണ്ടു ഗോൾ വീണതോടെ മൗറീഞ്ഞോ റാഷ്ഫോർഡിനെയും ഫെല്ലൈനിയേയും ഗ്രൗണ്ടിലിറക്കി. 62-ാം മിനിറ്റിൽ ലുകാകുവിന്റെ മനോഹരമായൊരു ഗോളിലൂടെ മാഞ്ചസ്റ്റർ തിരിച്ചടിച്ചു.
കളിയുടെ അവസാന നിമിഷം വരെ മാഞ്ചസ്റ്റർ സമനിലയ്ക്കായി ശ്രമിച്ചെങ്കിലും പാഴായി. കളി അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കി നിൽക്കെയാണ് റയൽ സൂപ്പർ സ്റ്റാർ ക്രിസ്റ്റിയാനോ റൊണാൾഡോ കളത്തിലിറങ്ങിയത്.