വി.വി.രാജേഷ്: ബിജെപിയില്‍ നിന്നും പുറത്തേക്കോ?

0
17494

 

ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ട് വി.വി.രാജേഷിനെ മാറ്റി നിര്‍ത്തിയിരിക്കുന്നു

ഒരു കേഡര്‍ പാര്‍ട്ടിയായ ബിജെപിയില്‍ ഇത് ആദ്യം

നിസ്സഹായരായി പാര്‍ട്ടി സംസ്ഥാന നേതൃത്വം 

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ അന്വേഷിക്കുന്ന പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടി സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടത് വി.വി.രാജേഷിന് അപ്രതീക്ഷിത പ്രഹരമായി.

ബിജെപി സംസ്ഥാന വക്താവില്‍ നിന്നും ഇക്കുറി സംസ്ഥാന സെക്രട്ടറിയായ മാറിയ വി.വി.രാജേഷിനു മുന്നില്‍ ബിജെപി വാതിലുകള്‍ അടയുകയാണ്. അതിന്റെ സൂചനയാണ് പാര്‍ട്ടി പദവികളില്‍ നിന്നുമുള്ള ഈ അകറ്റി നിര്‍ത്തല്‍.

മെഡിക്കല്‍ കോളേജ് കോഴ വിവാദം ഉയര്‍ന്നപ്പോള്‍ ബിജെപി മുഖപത്രം ജന്മഭൂമി എഴുതി. കുലംകുത്തി കുല ദ്രോഹിയാണ്. കുലംകുത്തികളെ കുരുതികൊടുക്കണമെന്നു പറയുന്നില്ല. പക്ഷെ കരുതിയിരുന്നേ പറ്റൂ. അത് മുഖപത്രത്തിന്റെ സ്റ്റൈല്‍. പക്ഷെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സ്റ്റൈല്‍ മറ്റൊന്നാണ്.

കുലം കുത്തി എങ്കില്‍ കുലദ്രോഹി. കുലദ്രോഹി തത്ക്കാലം പുറത്ത്. പുറത്താക്കല്‍ പോലുള്ള ഒരു നടപടിയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനെതിരെ പാര്‍ട്ടി എടുത്തിട്ടുള്ളത്‌. തത്ക്കാലം മാറ്റി നിര്‍ത്തല്‍. അത് കഴിഞ്ഞു എന്താകും? അത് ബിജെപി കേന്ദ്ര നേതൃത്വത്തിനേ അറിയൂ.

ഇത് സംസ്ഥാന നേതൃത്വത്തിന്റെ നടപടിയല്ല. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം ശിരസാ വഹിച്ചതാണ്. അതുകൊണ്ട് തന്നെ വി.വി,രാജേഷിനെ പിന്തുണയ്ക്കുന്ന ബിജെപി ദേശീയ നേതാവ് വി.മുരളിധരന് തത്ക്കാലം ഒന്നും ചെയ്യാന്‍ കഴിയില്ല. നോക്കിയിരിക്കാന്‍ മാത്രമേ കഴിയൂ.

കാരണം പാര്‍ട്ടി വിഭാഗീയതയില്‍ ഒരു ഭാഗത്ത് നില്‍ക്കുന്നത് വി.മുരളീധരനാണ്. അതുകൊണ്ട് തന്നെ വി.വി.രാജേഷിനെതിരായ നടപടി വി.മുരളിധരന് എതിരായ നടപടി കൂടിയാണ്. അപ്പോള്‍ കേരളത്തിലെ ബിജെപി വളര്‍ച്ചയെ മുച്ചൂടും മുടിക്കുന്ന പാര്‍ട്ടി വിഭാഗീയതക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം നടപടി എടുത്തു തുടങ്ങിയിരിക്കുന്നു എന്നാണ്.

ഇക്കുറി വി.മുരളിധരന്‍ പക്ഷം ആണെങ്കില്‍ അടുത്ത തവണ കൃഷണദാസ് പക്ഷമാകും. രണ്ടു പക്ഷമാണെങ്കിലും ജനപിന്തുണയില്‍ ഇവര്‍ വളരെ പിന്നോക്കമാണെന്ന വസ്തുത കേന്ദ്ര നേതൃത്വത്തിനു ബോധ്യപ്പെട്ടിരിക്കണം. അങ്ങിനെയെങ്കില്‍ മറ്റൊരു കാരണത്തിന്റെ പേരില്‍ കൃഷണ ദാസ് പക്ഷത്തിനു എതിരെ ശക്തമായ നടപടികള്‍ കേന്ദ്ര നേതൃത്വം കൈക്കൊണ്ടേക്കും.

കാരണം വി.മുരളിധരന്റെ വലം കയ്യായ വി.വി.രാജേഷിനു എതിരെ പാര്‍ട്ടി നടപടി വരുമ്പോള്‍ വി.മുരളിധരന്‍ അടങ്ങിയിരിക്കും എന്ന് കരുതുക വയ്യ. വിഭാഗീയത മൂര്‍ച്ചിച്ചേക്കും. പക്ഷെ കേന്ദ്ര നേതൃത്വം വലിയ വടിയാണ് ഓങ്ങുന്നത്. ഈ ഓങ്ങല്‍ കൃഷണദാസ് പക്ഷം- വി.മുരളീധരന്‍ പക്ഷം എന്ന് പറഞ്ഞുള്ള ഓങ്ങല്‍ അല്ല. കേരളത്തില്‍ പാര്‍ട്ടി വളര്‍ത്താനുള്ള ശക്തമായ നീക്കം ആണ്.

ബിജെപി കേരള നേതാക്കളില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടാണല്ലോ അമിത് ഷാ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് കാല്‍നട ജാഥ നയിക്കുന്നത്. എന്തായാലും ബിജെപി കേന്ദ്ര നേതൃത്വം രണ്ടും കല്‍പ്പിച്ചാണ്.

അതിനനുസരിച്ചുള്ള ശക്തമായ കരുനീക്കമാണ് വി.വി.രാജേഷിനെ എല്ലാ സംഘടനാ പദവികളില്‍ നിന്നും മാറ്റി നിര്‍ത്തിക്കൊണ്ടുള്ള നടപടി വഴി ബിജെപി കേന്ദ്ര നേതൃത്വം തുടക്കം കുറിച്ചിരിക്കുന്നത്. വി.വി,രാജേഷിനു മാത്രമാണോ പുറത്തേക്കുള്ള വഴി തെളിഞ്ഞിരിക്കുന്നത്. ആരൊക്കെ പാര്‍ട്ടിക്ക് പുറത്താകും. എന്നാണു ഇനി അറിയാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here