വോട്ട് അസാധുവാക്കല്‍; നിയമനടപടിക്കൊരുങ്ങി ബി.ജെ.പി

0
71

ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ അസാധുവാക്കിയ തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിജയ് രുപാണി.

വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചതിനെ തുടര്‍ന്ന് ഇവരുടെ വോട്ടുകള്‍ അസാധുവാക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേല്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു വിജയ് രുപാണി.

കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ അസാധുവാക്കിയ തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി ബിജെപി അംഗീകരിക്കുന്നില്ല. ഇതിനെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. ഈ വോട്ടുകള്‍ അസാധുവാക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുമായിരുന്നെന്നും വിജയ് രുപാണി കൂട്ടിച്ചേര്‍ത്തു.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമുണ്ടായത്. ഒരു ബി.ജെ.പി എം. എല്‍.എയുടെ വോട്ടടക്കം നേടിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍വിജയിച്ചത്. മറ്റ് രണ്ട് സീറ്റുകളില്‍ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിജയിച്ചു.

രണ്ട് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയതോടെയാണ് പട്ടേലിന്റെ വിജയമുറച്ചത്. രാഘവ്ജി പട്ടേല്‍, ഭോലാഭായ് ഗോഹില്‍ എന്നീ എം.എല്‍.എ.മാരുടെ വോട്ടാണ് അസാധുവാക്കിയത്. ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്ത ഇരുവരും ബാലറ്റ് പേപ്പര്‍ അമിത് ഷായെയും സ്മൃതി ഇറാനിയേയും കാണിച്ചതാണ് അസാധുവാക്കാന്‍ കാരണം.

വിമതരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസാണ് ആദ്യം കമ്മിഷനെ സമീപിച്ചത്. പാര്‍ട്ടി പ്രതിനിധികളല്ലാത്തവര്‍ക്ക് ഈ എം.എല്‍.എ.മാര്‍ തങ്ങളുടെ വോട്ട് പ്രദര്‍ശിപ്പിച്ചതിന്റെ വീഡിയോദൃശ്യങ്ങളടക്കമാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. വീഡിയോ പരിശോധിച്ച് തീരുമാനിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. തുടര്‍ന്നാണ് ഇവരുടെ വോട്ടുകള്‍ അസാധുവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here