സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി; കേരളത്തിലെ ആഘോഷങ്ങൾക്ക് ഒരുക്കം

0
102

കൊച്ചി: സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു കേരളത്തിൽ വിപുലമായ ആഘോഷ പരിപാടികൾ നടക്കും. എറണാകുളത്തും സിസ്റ്റർ റാണി മരിയയുടെ ജന്മനാടായ പെരുമ്പാവൂർ പുല്ലുവഴിയിലും കൃതജ്ഞതാബലിയും അനുബന്ധ ആഘോഷങ്ങളും ഒരുക്കുന്നുണ്ട്്.
വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടക്കുന്ന മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പ് എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ എത്തിക്കും. നവംബർ 11ന് എറണാകുളം-അങ്കമാലി അതിരൂപതയുടെയും എഫ്സിസി സന്യാസിനി സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളസഭാതല ആഘോഷ പരിപാടികൾ നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണു കൃതജ്ഞതാബലി. തിരുശേഷിപ്പ് പ്രയാണം, ആശംസാ സന്ദേശങ്ങൾ, ഡോക്യുമെന്ററി പ്രകാശനം, സ്നേഹവിരുന്ന് എന്നിവയുണ്ടാകുംയ സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര സഭകളിലെ മെത്രാന്മാർ, വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികർ, സന്യാസിനികൾ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ നടന്ന യോഗത്തിൽ അതിരൂപതയിലെ മെത്രാന്മാരുടെ മേൽനോട്ടത്തിൽ ആഘോഷപരിപാടികളുടെ സ്വാഗതസംഘം രൂപീകരിച്ചു. അതിരൂപത പ്രോ വികാരി ജനറാൾ മോൺ. ആന്റണി നരികുളം ജനറൽ കൺവീനറും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജോ പൈനാടത്ത്, എഫ്സിസി പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ അനീറ്റ എന്നിവർ ജോയിന്റ് കൺവീനർമാരുമായ സ്വാഗതസംഘത്തിൽ  പ്രൊക്യുറേറ്റർ ഫാ. ജോഷി പുതുവ, ഫാ. ആന്റോ ചേരാംതുരുത്തി, എഫ്സിസി ജനറൽ കൗൺസിലർ സിസ്റ്റർ സ്റ്റാർലി, ഫാ. ജോർജ് കളപ്പുരയ്ക്കൽ, റവ.ഡോ. പോൾ കരേടൻ, ഫാ. ജോസ് പാറപ്പുറം, ഫാ. എബി ഇടശേരി, ടിജോ പടയാട്ടിൽ, ഫാ. പോൾസൺ പെരേപ്പാടൻ, സിസ്റ്റർ ഷെഫി, വിമൽ റോസ് എന്നിവർ വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകും.
സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പ് നവംബർ 15ന് ആഘോഷമായി പുല്ലുവഴി സെന്റ് തോമസ് പള്ളിയിലേക്കെത്തിക്കും. 19നു പുല്ലുവഴിയിൽ നടക്കുന്ന കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും മെത്രാപ്പോലീത്തമാർ, മെത്രാന്മാർ, മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിക്കായി വികാരി ഫാ. ജോസ് പാറപ്പുറത്തിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾക്കു രൂപം നൽകി.
നവംബർ നാലിന് ഇൻഡോറിലാണു സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here