ഇറോമിന്റെ ഒളിവാസത്തിന് പിന്നില്‍ ഹിന്ദു മക്കള്‍ കക്ഷിയുടെ ഭീഷണി

0
681

by സഞ്ജന ബിജി

മണിപ്പൂരിന്റെ ഉരുക്കു നായിക ഇറോം ഷര്‍മ്മിള മാധ്യമങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നെല്ലാം അകന്നു കഴിയുകയായിരുന്നു. എന്നാല്‍ വിവാഹത്തിനു പ്രതിഷേധവുമായി എത്തിയ തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷിയുടെ ഭീഷണി മൂലമാണ് എല്ലാവരില്‍ നിന്നും അകന്നു മാറി നിന്നതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

എന്തുകൊണ്ടാണ് ഇവര്‍ ഞങ്ങളുടെ വിവാഹത്തെ ഇത്തരത്തില്‍ ഭയക്കുന്നത്? ഇത് രണ്ടു വ്യക്തികളുടെ തികച്ചും സ്വകാര്യമായ ജീവിതമാണ്. ഇറോം പറയുന്നു. ഞങ്ങള്‍ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും കൊഡൈക്കനാലില്‍ തന്നെ ജീവിക്കും, ഇറോം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ സമര നായികയുടെ വീറോടെ തന്റെ നിലപാട് വ്യക്തമാക്കുന്നു. ദിവ്യ ഭാരതി എന്ന യുവസംവിധായിക സംഘടിപ്പിച്ച ഫ്രീഡം ഓഫ് എക്‌സ്‌പ്രെഷന്‍ എന്ന സെമിനാറില്‍ പങ്കെടുക്കവെയാണ് ഇറോം തുറന്നടിച്ചത്.

തമിഴ്‌നാട്ടിലെ തോട്ടിപ്പണിക്കാരുടെ യഥാര്‍ത്ഥ അവസ്ഥ ഡോക്യുമെന്റെറിയായി ചിത്രീകരിച്ചതിന്റെ പേരില്‍ കേസും, ബലാല്‍സംഘ ഭീഷണിയടക്കം നേരിടേണ്ടി വന്ന വ്യക്തിയാണ് ദിവ്യ. ഇത്തരത്തില്‍ സമൂഹത്തിലെ ഒരു അവസ്ഥ ചൂണ്ടി കാണിച്ചിരുന്നതിന്റെ പേരില്‍ നിയമനടപടികളടക്കം നേരിടുകയും, ചിത്രം പുറത്തിറക്കാന്‍ സാധിക്കാതെ വരുകയും ചെയ്ത ദിവ്യയ്ക്കു എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കാനാണ് ഇറോമിന്റെ തീരുമാനം.

മണിപ്പൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് രാഷ്ട്രീയം ഉപേക്ഷിച്ച ഇറോം ഷര്‍മ്മിള പിന്നീടുള്ള ജീവിതത്തിനായി തിരഞ്ഞെടുത്ത സ്ഥലം കൊടൈക്കനാലായിരുന്നു. പൊരുമാള്‍ മലക്കടുത്ത ബോഡിജെന്റോ ആശ്രമത്തില്‍ കഴിയുന്നതിനിടയിലാണ് കാമുകന്‍ ഡെസ്മണ്ട് കുടിനോ ഇവരെത്തേടി കൊടൈക്കനാലില്‍ എത്തിയത്. പിന്നീടവര്‍ കൊടൈക്കനാലില്‍ തന്നെ മറ്റൊരിടത്തേയ്ക്ക് താമസം മാറ്റുകയും വിവാഹം ഒരു മാസത്തിനകം നടക്കുമെന്നും വെളിവാക്കിയിരുന്നു .

ഇതുപ്രകാരം ജൂലൈ മാസം 12 നു സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രാകാരം സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തു. ഇതിനു ശേഷമാണ് ഇറോമിന്റെയും ഡെസ്മണ്ട് കുടിനോയുടേയുടെയും വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹിന്ദു മക്കള്‍ കക്ഷി രംഗത്തെത്തിയത്. ഇവിടെ വച്ച് വിവാഹം നടത്തുന്നത് പ്രദേശത്തെ ശാന്തയും സമാധാനവും വഷളാകുമെന്നായിരുന്നു അവരുടെ വാദം. ഇതിനെതിരെ കൊടൈക്കനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പരാതി കൊടുക്കുകയും ചെയ്തു.

മണിപ്പൂര്‍ സ്വദേശിനിയായ ഇവര്‍ വിവാഹത്തിനായി കൊടൈക്കനാല്‍ എന്തിനാണ് തെരഞ്ഞെടുത്തതെന്നാണ് മക്കള്‍ കക്ഷി നേതാക്കള്‍ ചോദിക്കുന്നത്. പങ്കാളിക്കൊപ്പം ഗോവയിലോ സ്വദേശമായ മണിപ്പൂരിലോ ചെന്ന് വിവാഹം ചെയ്തോളൂ എന്നാണ് മക്കള്‍ കക്ഷി നേതാക്കള്‍ പറയുന്നത്. നക്സല്‍ ഭീഷണി നിലവിലുള്ള പ്രദേശത്ത് ഇവരുടെ താമസം സര്‍ക്കാരിന് ഭീഷണിയാകുമെന്നും ഹിന്ദു മക്കള്‍ കക്ഷി അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here