കേരളാ ബിജെപി ആശങ്കയില്‍
ഇനിയും തലകള്‍ ഉരുണ്ടേക്കും എന്ന് സൂചന
അടുത്തത് ആര് എന്ന ചോദ്യം ഉയരുന്നു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ അന്വേഷിച്ച പാര്‍ട്ടി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ വി.വി.രാജേഷിനെതിരെ നടപടി എടുത്തത് കേന്ദ്ര നേതൃത്വം ഒറ്റയ്ക്ക്. പാര്‍ട്ടിയെ ഞെട്ടിച്ച കേന്ദ്ര തീരുമാനത്തിന്റെ നിഴലില്‍ കേരളാ ബിജെപിയില്‍ ആശങ്ക പരക്കുകയാണ്. അടുത്തത് ആര് എന്നതാണ് ഉയരുന്ന ചോദ്യം. നടപടിക്ക് ആര്‍എസ് എസ് പിന്തുണ കൂടി വന്നതോടെ കേരളാ നേതൃത്വം തീര്‍ത്തും പ്രതിരോധത്തിലാണ്.
കേരളാ നേതൃത്വത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടി വരാത്ത സാഹചര്യത്തിലാണ് കേന്ദ്രം കടുംവെട്ട് വെട്ടിയത്. രാജേഷിനെതിരെയുള്ള കേന്ദ്ര നടപടിയുടെ പശ്ചാത്തലത്തില്‍ ഇനിയും തലകള്‍ ഉരുളുമെന്നാണ് സൂചന.
റിപ്പോര്‍ട്ട് ചോര്‍ത്തല്‍ നടപടിയ്ക്ക് ആധാരമാക്കിയതോ വി.വി.രാജേഷിന്റെ ടെലിഫോണ്‍ സംഭാഷണവും. അതിനായി കേന്ദ്രനേതൃത്വം ചോര്‍ത്തിയത് മാസങ്ങളായുള്ള വി.വി.രാജേഷിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍.
ഉരുളുന്ന തലകള്‍ ഗ്രൂപ്പ് പോരിന്റെ അടിസ്ഥാനത്തില്‍ ആകരുത് എന്ന കേന്ദ്ര തീരുമാന പ്രകാരമാണ് കുറ്റക്കാര്‍ ആരെന്നു സ്വയം ഉറപ്പ് വരുത്തിയുള്ള നടപടി. കേരളത്തിലെ മെഡിക്കല്‍ കോളേജ് കോഴ പ്രശ്നം പാര്ലമെന്റ്റ് നടപടികള്‍ തന്നെ സ്തംഭിപ്പിക്കും വിധം വളരുകയും ദേശീയ തലത്തില്‍ അഴിമതി വിരുദ്ധത എന്ന ഇമേജിന് കോട്ടം തട്ടുകയും ചെയ്തതോടെയാണ് മെഡിക്കല്‍ കോളേജ് കോഴയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണത്തിനു ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായത്.
മെഡിക്കല്‍ കോളേജ് അഴിമാതിക്കായി ബിജെപി നേതാക്കള്‍ കോടിക്കണക്കിന് രൂപ കോഴ വാങ്ങുകയും, ആ കോഴ ഇന്ത്യയിലെ ഭരണ സംവിധാനത്തിനെ തന്നെ വെട്ടിച്ച് ഹവാല ഇടപാടില്‍ ഡല്‍ഹിയില്‍ എത്തിക്കുകയും ചെയ്തത് ബിജെപി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ച സംഭവമായിരുന്നു.
അതോടെയാണ് കേരളത്തിലെ ബിജെപി അഴിമതിയുടെ തായ് വേരും, ഒപ്പം വിഭാഗീയതയും തുടച്ചു നീക്കുക എന്ന നടപടിയുമായി കേന്ദ്ര നേതൃത്വം നീങ്ങിയത്. പാര്‍ട്ടി രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങിനെ എന്നു കണ്ടുപിടിക്കാന്‍ ആദ്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു.
അതിനാണ് വി.വി,രാജേഷിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയത്. വി.വി.രാജേഷിന്റെ ഫോണ്‍ സംഭാഷണം ചോര്ത്തിയെങ്കില് ഒപ്പം മറ്റ് പലരുടെയും സംഭാഷണങ്ങള്‍ ഒപ്പം ചോര്ത്തപ്പെട്ടിരിക്കും. ഇതാണ് ബിജെപി കേരള ഘടകത്തെ അസ്വസ്ഥമാക്കുന്നത്. ആര്‍ക്കൊക്കെ എതിരെ നടപടികള്‍ എന്നതാണ് കേരളാ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്.
ആര്‍ക്കൊക്കെ എതിരെ നടപടികള്‍ എന്നറിയാന്‍ കേരളത്തിലെ ബിജെപിയുടെ ഉന്നത നേതാവിനെ 24 കേരള വിളിച്ചപ്പോള്‍ എന്താണ് എന്നതിന് കേരളത്തില്‍ ഒരു ചിത്രവും ഇല്ലാ എന്നാണ് മറുപടി ലഭിച്ചത്. ഈ നടപടി കേരളത്തില്‍ നിന്നല്ല വന്നത് കേന്ദ്രത്തില്‍ നിന്നാണ്. നടപടി ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി കോര്‍ കമ്മറ്റി യോഗം തന്നെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി കോര്‍കമ്മറ്റി കൂടാറുണ്ട്. പക്ഷെ ഇത്തവണ ആ തീയതി വരെ തീരുമാനിച്ചിട്ടില്ല. ഉന്നത് ബിജെപി നേതാവ് 24 കേരളയോട് പ്രതികരിച്ചു.
കേരളാ ബിജെപി നേതൃത്വത്തില്‍ ആശങ്ക പ്രകടമാണ് എന്നതിന് ഈ സംഭാഷണം തെളിവാകുന്നു. ഏതൊക്കെ തലകള്‍ ഇനി ഉരുളും. അതാണ് പാര്‍ട്ടി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. കാരണം ബിജെപി കേന്ദ്ര നേതൃത്വം കേരളത്തില്‍ പിടിമുറുക്കാന്‍ തീരുമാനിക്കുകയും പദയാത്രയുമായി അമിത് ഷാ തന്നെ കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തതോടെ കേരളത്തിലെ പാര്‍ട്ടിയുടെ പിടി അയഞ്ഞിരിക്കുകയാണ്.
കേന്ദ്ര നടപടി എന്ന ആശങ്കയുടെ കരിമേഘങ്ങള്‍ കേരളാ ബിജെപിയെ വിഴുങ്ങിത്തുടങ്ങുകയും ചെയ്യുമ്പോള്‍ കേരളാ നേതൃത്വം നിലവില്‍ നിസ്സഹായമായ അവസ്ഥയിലാണ്.