ട്രെയിനില്‍ സ്‌ഫോടക വസ്തു കണ്ടെത്തി

0
66

ഉത്തര്‍പ്രദേശിലെ അമേത്തിയിലെ ട്രെയിനില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. അമേത്തി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ബോംബ് കണ്ടെത്തിയത്. ഈ ട്രെയിന്‍ അമൃതസറിലേക്കു പോകുകയായിരുന്നു. എഴുപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യം കനത്ത സുരക്ഷയിലായിരുന്ന സാഹചര്യത്തിലാണ് ബോംബ് കണ്ടെത്തിയത്.

ട്രെയിനില്‍ ഉടമസ്ഥനില്ലാത്ത ഒരു പൊതി കണ്ടെത്തിയതിനെ തുടര്‍ന്ന് അമേത്തി സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി. സംശയം തോന്നിയ സുരക്ഷ സേനക്കാര്‍ രണ്ട് ബോഗികളില്‍ നിന്നും യാത്രക്കാരെ ഇറക്കി. തുടര്‍ന്ന് പരിശോധന നടത്തുകയും പൊതിക്കുള്ളില്‍ ബോംബാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ബോംബിനൊപ്പം ഒരു ഭീഷണിക്കത്തും പോലീസ് കണ്ടെത്തി. ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദി അബു ദുജാനയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നാണ് കത്തിലെ ഭീഷണി.

എന്നാല്‍ കുറഞ്ഞ സ്ഫോടനശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്നും ഇത് നിര്‍വ്വീര്യമാക്കിയതായും പോലീസ് സൂപ്രണ്ട് സൗമിത്ര യാദവ് പറഞ്ഞു. അതേസമയം, ട്രെയിനില്‍നിന്ന് സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിന് ഭീകരബന്ധമില്ലെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ശിവേന്ദ്ര ശുക്ല അറിയിച്ചു. സംഭവം പോലീസ് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here