പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കില്ല : കുമ്മനം

0
193

മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഇനിയും അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ മനഃപൂര്‍വം ചിലര്‍ വ്യാപക പ്രചരണം നടത്തിയതായുള്ള ചില പരാതികള്‍ കൂടി പാര്‍ട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ അവര്‍ക്കെതിരെയും നടപടികള്‍ ഉണ്ടാകും. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരായാലും വെച്ചുപൊറുപ്പിക്കില്ല. സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനേയും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണയേയും പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍നിന്നും ഒഴിവാക്കിയത് ഇതിനുദാഹരണമാണെന്നും കുമ്മനം പറഞ്ഞു.

ഒന്നിനൊപ്പം കൂട്ടിച്ചേര്‍ക്കുന്ന പൂജ്യത്തിന്റെ വിലയാണ് ഓരോ പ്രവര്‍ത്തകനുമുള്ളത്. ഓരോ പൂജ്യം ചേരുമ്പോഴും വില പത്തിരിട്ടിയായി വര്‍ദ്ധിക്കും. എന്നാല്‍ അതിനൊപ്പമുള്ള ഒന്ന് പോയാല്‍ ആര്‍ക്കും വിലയുണ്ടാവില്ലെന്ന് ഓരോരുത്തരും കരുതണം. പാര്‍ട്ടിയില്ലായെങ്കില്‍ ആര്‍ക്കും സ്ഥാനമാനങ്ങളോ സാമൂഹ്യ സ്വീകാര്യതയോ ഉണ്ടാകില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നിലപാട് ആരും സ്വീകരിക്കരുത്. ആദര്‍ശ രാഷ്ട്രീയത്തിനും സംശുദ്ധ പൊതുജീവിതത്തിനും മറ്റെന്തിനേക്കാളും മൂല്യം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ഓരോ ദിവസവും തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. ഈയടുത്തായി പാര്‍ട്ടിക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നു വരികയും അതിനു കാരണക്കാരായവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന്റെ ചുവടുപിടിച്ച് ബിജെപി ഒന്നടങ്കം മോശപ്പെട്ടവരുടെ പാര്‍ട്ടിയാണെന്നു വരുത്തിതീര്‍ക്കാന്‍ ചില ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായിട്ടുണ്ട്.

അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണു ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനേയും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണയേയും പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍നിന്നും ഒഴിവാക്കിയത്. സംശുദ്ധവും മൂല്യാധിഷ്ഠിതവുമായ പ്രവര്‍ത്തനമാണ് ബിജെപി എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതിനെതിരെ ആരു പ്രവര്‍ത്തിച്ചാലും മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ വാഗ്ദാനം ചെയ്തതാണ്. അങ്ങനെ വേണമെന്നാണു കേന്ദ്ര നേതൃത്വത്തിന്റേയും നിലപാട്. അതുകൊണ്ട് കേന്ദ്ര നേതൃത്വത്തിന് ബോധ്യപ്പെട്ടു തന്നെയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളും കൈക്കൊണ്ടത്. ചെയ്യാത്ത കുറ്റത്തിന് പാര്‍ട്ടി പഴി കേള്‍ക്കേണ്ടി വരുമ്പോള്‍ സത്യസന്ധതയും ധാര്‍മ്മികതയും ജനസമക്ഷം തെളിയിക്കേണ്ട ബാധ്യതയുണ്ട്.

ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് പാര്‍ട്ടി വ്യാജ രസീത് അച്ചടിച്ചു പിരിവു നടത്തിയെന്നു ചൂണ്ടിക്കാട്ടി ഒരു രസീത് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അത് യഥാര്‍ഥ രസീത് തന്നെയായിരുന്നെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇത്തരമൊരു വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നില്‍ ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലാതിരുന്ന മെഡിക്കല്‍ കോളേജ് അഴിമതിയും ഇതുപോലെയാണ്. ഈ വിഷയത്തിലും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പ്രചരണമുണ്ടായി. രണ്ടു സംഭവങ്ങളിലും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ മനഃപൂര്‍വം ചിലര്‍ വ്യാപക പ്രചരണം നടത്തിയതായി ബോധ്യപ്പെട്ടു. പാര്‍ട്ടിയില്ലായെങ്കില്‍ ആര്‍ക്കും സ്ഥാനമാനങ്ങളോ സാമൂഹ്യ സ്വീകാര്യതയോ ഉണ്ടാകില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here