അണഞ്ഞു കിടന്ന വിഭാഗീയത ബിജെപിയില്‍ ആളിക്കത്തുന്നു; കച്ചമുറുക്കി കൃഷദാസ്‌-മുരളീധര ഗ്രൂപ്പുകള്‍

0
1404

തിരുവനന്തപുരം: അണഞ്ഞു കിടന്ന കേരളാ ബിജെപിയിലെ വിഭാഗീയത ആളിക്കത്താന്‍ തുടങ്ങുന്നു. മെഡിക്കല്‍ കോളേജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയതിന്റെ പേരില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയായ വി.വി.രാജേഷിനെ സംഘടനയിലെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും ഒഴിവാക്കിയതോടെയാണ് അണഞ്ഞു കിടന്ന വിഭാഗീയത വീണ്ടും ആളിക്കത്താന്‍ തുടങ്ങിയത്.

വി.വി.രാജേഷിന്റെ തല ഉരുണ്ടത് വി.മുരളിധരനെ ലക്‌ഷ്യം വെച്ചാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് വി.മുരളിധരന്‍ പക്ഷം ആഞ്ഞടിക്കാന്‍ ഒരുങ്ങുന്നത്. വി.വി.രാജേഷിനെ തെറുപ്പിക്കാന്‍ കാരണഭൂതനായ കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജോയിന്റ് സെക്രട്ടറി ബി.എൽ.സന്തോഷിനെ ലക്ഷ്യം വെച്ചാണ് വി.മുരളിധരപക്ഷം  നീങ്ങുന്നത്.

വി.മുരളിധരന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടു കൃഷ്ണദാസ് പക്ഷവും കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവര്‍ കുലംകുത്തികള്‍ തന്നെ എന്ന വിശേഷണം പാര്‍ട്ടി പത്രം തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് ചുമത്തിയിരിക്കുന്നതിനാല്‍ ശ്രദ്ധയോടെ ചുവട് വെയ്ക്കുകയാണ് വി.മുരളിധരന്‍ പക്ഷം.

കാരണം പാര്‍ട്ടി പത്രം പറഞ്ഞ കുലദ്രോഹികള്‍ എന്ന വിശേഷണം വി.വി.രാജേഷിനു ഇണങ്ങുന്നതാണ്. പാര്‍ട്ടി കണ്ടെത്തിയത് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് വി.വി.രാജേഷ് ആണ് എന്നാണ്‌. ഈ ചോര്‍ത്തല്‍ കാരണം പാര്ലമെന്റ്റ് തന്നെ സ്തംഭിക്കുന്ന അവസ്ഥ വരികയും ബിജെപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് ദേശീയ തലത്തില്‍ തന്നെ വിള്ളല്‍ എല്ക്കുകയും ചെയ്തു.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കേരളഘടക നേതാക്കള്‍ കോടികള്‍ അഴിമതി നടത്തി വസൂല്‍ ആക്കുകയും ആ തുക കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി ഹവാല വഴി ഡല്‍ഹിയില്‍  എത്തിക്കുകയും ചെയ്തു എന്നത് നിസ്സാരകാര്യമായല്ല ബിജെപി കേന്ദ്ര നേതൃത്വവും കേന്ദ്ര സര്‍ക്കാരും കാണുന്നത്.

പാര്‍ട്ടി തലത്തില്‍ രഹസ്യ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടി ഒതുക്കാന്‍ കഴിയാത്തതിന് കാരണം കേരളത്തിലെ വിഭാഗീയതയാണ് എന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിനു അഭിപ്രായ വ്യത്യാസമില്ല. അതുകൊണ്ട് തന്നെ വിഭാഗീയത ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് വി.മുരളിധരന്‍ പക്ഷത്തിന്റെ വലംകയ്യായ വി.വി,രാജേഷിനെ കേന്ദ്ര നേതൃത്വം വെട്ടിയത്.

പക്ഷെ വി.മുരളിധരന്‍ പക്ഷം ചോദിക്കുന്നത് ഇത്ര മാത്രമാണ്. കോടികള്‍ കോഴ വാങ്ങുന്നതാണോ കാര്യം? അല്ലെങ്കില്‍ ആ റിപ്പോര്‍ട്ട് ചോര്‍ത്തുന്നതാണോ കാര്യം? ഈ ചോദ്യം അവര്‍ എറിയുന്നത് കേന്ദ്ര നേതൃത്വത്തെ ലക്ഷ്യമാക്കിയാണ്. ഇപ്പോള്‍ പറയണം ആര് ചെയ്തതാണ് ക്രൂരകൃത്യം എന്ന്? ഈ ചോദ്യത്തിനു തത്ക്കാലം കേന്ദ്ര നേതൃത്വത്തിനു ഉത്തരമില്ല. കാരണം അപ്പോള്‍ ഒട്ടുവളരെ തലകള്‍ ഉരുളും.

പക്ഷെ തങ്ങളുടെ ചോദ്യത്തിന്ഉ ത്തരം പറയിപ്പിക്കുക ലക്ഷ്യമിട്ട്  വി.മുരളിധരന്‍ പക്ഷം കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിട്ടുണ്ട്. ആ പരാതി രാജേഷിനെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട ബി.എൽ.സന്തോഷിനെതിരെയാണ്. ബി.എല്‍.സന്തോഷ്‌ കേരളത്തില്‍ ഗ്രൂപ്പ് കളിക്കുകയാണ്. സന്തോഷിന്റെ നടപടി വിഭാഗീയത സൃഷ്ടിക്കലാണ്.

കോഴ വാങ്ങിയവർക്കെതിരെ നടപടി എടുക്കാതെ, റിപ്പോര്‍ട്ട് ചോര്‍ത്തി എന്നു പറഞ്ഞു രണ്ടു പേരെ ക്രൂശിക്കുന്നതു നീതിരഹിതമായ നടപടിയാണ്. പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം പക്ഷെ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ചുവട് വയ്ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.

കാരണം കേന്ദ്ര നേതൃത്വം നേരിട്ടാണ് കേരളത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അത് കുമ്മനത്തിനു അറിയാം. തന്നെ സംസ്ഥാന അധ്യക്ഷന്‍ ആക്കിയതും ഇതേ കേന്ദ്ര നേതൃത്വമാണ്. വിഭാഗീയതയും, വി.മുരളിധരന്‍, കൃഷ്ണദാസ് പക്ഷങ്ങളും പണ്ട് മുതലേ കേരളത്തില്‍ ഉണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും എല്ലാവരും കൂടി ആഞ്ഞുവെട്ടി ഒരു എംഎല്‍എയെപ്പോലും നിയമസഭ കാണിച്ചിട്ടുമില്ല.

ഇതില്‍ മടുത്തിട്ടാണ് കേന്ദ്ര നേതൃത്വം നേരിട്ട് തന്നെ അധ്യക്ഷന്‍ ആക്കിയത്. ഈ കാലത്ത് എല്ലാ വിമര്‍ശകരുടെയും വായടിപ്പിച്ച് ഒ.രാജഗോപാല്‍ എന്ന ബിജെപി എംഎല്‍എയെ താന്‍ നിയമസഭ കാണിച്ചിട്ടുണ്ട്. അത് കേന്ദ്ര നേതൃത്വത്തിനു അറിയാം. ഈ ആശ്വാസത്തിലാണ് ബിജെപി അധ്യക്ഷന്‍ എന്ന കസേരയില്‍ കുമ്മനം അമര്‍ന്നിരിക്കുന്നത്.

ഏത് സമയത്തും എഴുന്നേറ്റ് പോകാന്‍ കുമ്മനത്തിനു മടിയുമില്ല. കാരണം കുമ്മനം സംഘപ്രചാരകനാണ്. അതേ സമയം ഗ്രൂപ്പ് പോരില്‍ പെട്ടു വലഞ്ഞുപോയത് പാര്‍ട്ടിയുടെ യഥാര്‍ത്ഥ  അണികളാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കണ്ടു ബിജെപി പ്രവര്‍ത്തനങ്ങള്‍ ഉഷാറാക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു അണികള്‍.

കാരണം സിപിഎം അക്രമം, അഴിമതി, യുഡിഎഫ് അഴിമതി. അവിഹിതകഥകള്‍. രണ്ടും ചൂണ്ടിക്കാട്ടി കുറച്ച് വോട്ടു പിടിക്കാം എന്നു കരുതി ഇറങ്ങുമ്പോഴാണ് മെഡിക്കല്‍ കോളേജ് കോഴ വിവാദം തലപൊക്കുന്നത്. ഒന്നും രണ്ടുമല്ല അഞ്ച് കോടി. പണം ഡല്‍ഹിയില്‍ എത്തിച്ചത് ഹവാല സംവിധാനം വഴി.

പിന്നാലെ വന്നു പാര്‍ട്ടി നേതാവിന്റെ തൃശൂരിലെ കള്ളനോട്ടടി, അറസ്റ്റ് തീര്‍ന്നില്ല പാര്‍ട്ടി പിരിവിനു വ്യാജ റസീപ്റ്റ്, ലക്ഷങ്ങളുടെ അഴിമതി. അവര്‍ എല്ലാം അടങ്ങാന്‍ കാത്തിരിക്കുയായിരുന്നു. എല്ലാം അടങ്ങിയിട്ട് മതി പൊതു പ്രവര്‍ത്തനം. ഇപ്പോള്‍ അവര്‍ എല്ലാം തണുത്തു എന്നു കരുതി പാര്‍ട്ടി പ്രവര്‍ത്തനം ഉഷാറാക്കാന്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അതാ വീണ്ടും വരുന്നു. പാര്‍ട്ടി സസ്പെന്‍ഷന്‍. അതും സംസ്ഥാന സെക്രട്ടറിക്ക്.

പാര്‍ട്ടിയുടെ രഹസ്യ റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി എന്നു പാര്‍ട്ടി എഫ്ഐആറും. നടപടിയെടുക്കുന്നത് പാര്‍ട്ടി കേന്ദ്രനേതൃത്വവും. അണികള്‍ എല്ലാ ആശകളും വെടിഞ്ഞു ഇരിപ്പ് തുടങ്ങിയിരിക്കുകയാണ്. താത്കാലത്തേക്ക്അ ഒന്നും ചെയ്യാന്‍ കഴിയില്ല. അതേ സമയം വി.വി.രാജേഷിനെ അങ്ങിനെ കുരുതി കൊടുക്കേണ്ട എന്ന രീതിയില്‍ പാര്‍ട്ടിയില്‍ ചിലര്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

വി.വി.രാജേഷിനു വലിയ പരിക്ക് ഏല്‍ക്കാതെ രക്ഷിക്കാനാണ് പദ്ധതി. വി.വി.രാജേഷ് വലിയ പരസ്യ പ്രതികരണങ്ങള്‍ നടത്തി സംഗതി അലമ്പാക്കാതിരുന്നാല്‍ വി.വി.യെ തിരിച്ച് എടുക്കണം എന്നു വലിയ വിഭാഗം കരുതുന്നുണ്ട്. ഈ രീതി മനസിലാക്കിയിട്ടാണ് വി.വി.രാജേഷിന്റെ പ്രതികരണവും.

പ്രതികരണങ്ങള്‍ ചോദിച്ച മാധ്യമങ്ങള്‍ക്ക് പ്രതികരണം ഒന്നും നല്‍കാന്‍ രാജേഷ് തയ്യാറാകുന്നില്ല. ഈ നീക്കം മുന്‍കൂട്ടി കണ്ടാണിത്. എന്തായാലും വി.വി.രാജേഷിനെതിരായുള്ള കേന്ദ്ര നടപടി പാര്‍ട്ടിയില്‍ അണഞ്ഞു കിടന്ന വിഭാഗീയത ആളിക്കത്തിക്കുകയാണ്.

കാരണം പാര്‍ട്ടിയില്‍ പ്രബല വിഭാഗമായ വി.മുരളിധരന്‍ പക്ഷത്തിനു മുറിവേറ്റിരിക്കുന്നു. പെട്ടെന്ന് ഉണക്കാന്‍ കഴിയാത്ത ഒരു മുറിവാണിത്. വി.മുരളിധരന്റെ നാളിതുവരെയുള്ള കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ച ഈ കേന്ദ്രനീക്കത്തിനു മുന്നില്‍ അസ്തപ്രജ്ഞരായിരിക്കുകയാണ് തത്ക്കാലം വി.മുരളിധരപക്ഷം. അതുകൊണ്ട് തന്നെ ആഞ്ഞടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here