ആംബുലന്‍സില്‍ കിടന്നു രോഗി മരിച്ച സംഭവം; അറസ്റ്റുകള്‍ ഉടന്‍ ഉണ്ടെന്നു സൂചന

0
100

തിരുവനന്തപുരം: ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഏഴു മണിക്കൂറോളം ആംബുലന്‍സില്‍ കിടന്നു രോഗി മരിച്ച സംഭവത്തില്‍ അറസ്റ്റിനു സാധ്യത. കേരളത്തെ നടുക്കിയ സംഭവത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരുടെ അറസ്റ്റ് ആണ് പോലീസ് ലക്‌ഷ്യം വയ്ക്കുന്നത്. ആശുപത്രി മേധാവികളുടെ അറസ്റ്റ് പിന്നീട് തീരുമാനിക്കും.

അത്യാസന്ന നിലയിലുള്ള തമിഴ്നാറ്റ് സ്വദേശി മുരുകന് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഞ്ചു സ്വകാര്യ ആശുപത്രികളും തിരുവനന്തപുരം മെഡിക്കല്‍ കൊളെജും ചികിത്സ നിഷേധിച്ചത്. കേരളത്തെ ഞെട്ടിക്കുകയും, മുഖ്യമന്ത്രി തമിഴ് ജനതയോട് നിയമസഭയില്‍ മാപ്പ് പറയുകയും ചെയ്ത സംഭവത്തില്‍ ശാസ്ത്രീയ രീതിയിലുള്ള അന്വേഷണമാണ് പോലീസ് ലക്‌ഷ്യം വയ്ക്കുന്നത്.

മുരുകന് ചികിത്സ തേടിയ സമയത്തെ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളും, മെഡിക്കല്‍ രേഖകളും പോലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്. വെന്റിലേറ്റര്‍ ഇല്ലാ എന്ന് പറഞ്ഞ ആശുപത്രികളുടെ കാര്യത്തില്‍ ആ സമയത്ത് വെന്റിലേറ്ററിൽ എത്ര രോഗികള്‍ ഉണ്ടായിരുന്നു എന്നും അവരുടെ ആരോഗ്യ സ്ഥിതി എന്ത് എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ആശുപത്രി ജീവനക്കാരുടെ മൊഴികള്‍ പോലീസ് വീഡിയോയിലും ചിത്രീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രികളെ കുറ്റപ്പെടുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ എത്തി ചികിത്സ തേടുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കാന്‍ ആശുപത്രികള്‍ക്ക് അധികാരമില്ലെന്ന കാര്യവും, ആശുപത്രികളുടെ വീഴ്ചയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here