ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ വലുതാണോ പാര്‍ട്ടി ഭരണഘടന ? യെച്ചൂരിക്ക് വേണ്ടി ശബ്ദമുയര്‍ത്തി രാജ്യസഭാംഗങ്ങള്‍

0
179

രാജ്യസഭയില്‍ കാലവധി പൂര്‍ത്തിയാക്കിയ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സഭയില്‍ നല്‍കിയ യാത്രയയപ്പില്‍ വൈകാരികരംഗങ്ങള്‍. യെച്ചൂരിക്ക് രാജ്യസഭയില്‍ ഒരു അവസരംകൂടി നല്‍കാത്ത സി.പി.എം. നിലപാടിനെ ചില അംഗങ്ങള്‍ പരോക്ഷമായി ചോദ്യംചെയ്യുകയും ചെയ്തു. ഭരണപ്രതിപക്ഷ ഭേദമെന്യേ അംഗങ്ങള്‍ സഭാംഗം എന്നനിലയില്‍ യെച്ചൂരിയുടെ സേവനങ്ങളെയും അദ്ദേഹത്തിന്റെ മികവിനെയും പ്രകീര്‍ത്തിച്ചു. സഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ മൂന്ന് അംഗങ്ങള്‍ക്കാണ് സഭാംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നത്.

പ്രതിപക്ഷത്ത് മുന്‍നിരയില്‍ യെച്ചൂരിക്ക് തൊട്ടടുത്തിരിക്കുന്ന എസ്.പി. നേതാവ് രാംഗോപാല്‍ യാദവ് വികാരാധീനനായപ്പോള്‍ യെച്ചൂരിതന്നെ ആശ്വസിപ്പിക്കാനെത്തി. പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും യാദവിനെ ആശ്വസിപ്പിച്ചു. യെച്ചൂരിക്ക് വീണ്ടും അവസരം നല്‍കാത്തതിനെ രാംഗോപാല്‍ യാദവ് കുറ്റപ്പെടുത്തി. യെച്ചൂരി സഭയിലുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഭരണഘടനപ്രകാരം അതു പറ്റില്ലെന്നാണ് പറയുന്നത്. ഇന്ത്യന്‍ ഭരണഘടനതന്നെ എത്രയോതവണ ഭേദഗതിചെയ്തു. പാര്‍ട്ടി ഭരണഘടന എന്തുകൊണ്ട് ഭേദഗതിചെയ്തുകൂടാ. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ഭൂപേഷ് ഗുപ്ത പലതവണയായി ദീര്‍ഘകാലം സഭാംഗമായിരുന്നത് ഓര്‍മിപ്പിച്ചുകൊണ്ട് രാംഗോപാല്‍ യാദവ് ചോദിച്ചു.ചരിത്രപരമായ വിഡ്ഡിത്തം വീണ്ടും ആവര്‍ത്തിക്കുന്നുവെന്നായിരുന്നു അകാലിദള്‍ അംഗം നരേഷ് ഗുജ്റാളിന്റെ പരാമര്‍ശം. കമ്യൂണിസ്റ്റ് സാന്നിധ്യം സഭയില്‍ ചുരുങ്ങിച്ചുരുങ്ങിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും സര്‍ക്കാരില്‍ പങ്കാളികളാകാത്തതിനാല്‍ ആശയപരമായി നല്ലതും എന്നാല്‍, നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ യെച്ചൂരിക്ക് സ്വാതന്ത്ര്യമുണ്ടെന്ന മന്ത്രി ജെയ്റ്റ്ലിയുടെ പരാമര്‍ശം സഭയില്‍ ചിരിപടര്‍ത്തി. യെച്ചൂരിയുടെ പങ്കാളിത്തം ചര്‍ച്ചകളുടെ നിലവാരമുയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ട നേതാവാണ് യെച്ചൂരിയെന്ന് പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.കാലാവധി പൂര്‍ത്തിയാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡി. ബന്ദോപാധ്യായ, ബി.ജെ.പി. അംഗം ദിലീപ് പാണ്ഡ്യ എന്നിവര്‍ക്കും യാത്രയയപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here